കൊച്ചി: കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വർണക്കടത്തു പിടികൂടുന്നതിനു മുൻപു തന്നെ സ്വപ്‌നാ സുരേഷിനേയും പി എസ് സരിത്തിനെയും കോൺസുലേറ്റിലെ പദവികളിൽ നിന്നു മാറ്റിനിർത്തിയതും കാൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിയുടെ അതിബുദ്ധിയാണെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ലൈഫ് മിഷൻ വടക്കാഞ്ചേരി പദ്ധതിയുടെ കരാറിൽ ഇടപെടാനും യുഎഇ റെഡ്ക്രസന്റ് ജീവകാരുണ്യ സംഘടന സംസ്ഥാന സർക്കാരിന്റെ ഭവനപദ്ധതിക്കു നൽകിയ 18 കോടി രൂപയുടെ 26% കമ്മിഷനായി വാങ്ങാനും സ്വപ്ന വഴി ഒത്താശ ചെയ്തതു ജമാലാണെന്നു യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ എൻഐഎക്കു മൊഴി നൽകിയിട്ടുണ്ട്. യൂണിടാക്കുമായി നിർമ്മാണക്കരാറിൽ ഒപ്പിട്ടതും ജമാലാണ്.

നയതന്ത്രകടത്തിൽ ജമാലാണ് മുഖ്യ സൂത്രധാരനെന്നാണ് എൻഐഎ കണ്ടെത്തുന്നത്. ഇന്ത്യയിൽ നിന്ന് മറ്റ് രഹസ്യങ്ങൾ ചോർത്താനും ശ്രമം നടന്നിരുന്നു. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ നയതന്ത്ര പ്രതിനിധികളോടൊപ്പം ദുബായ് പൊലീസിലെ 4 ഉദ്യോഗസ്ഥർ കൂടി ജോലി ചെയ്യുന്ന വിവരം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്കു റിപ്പോർട്ട് ചെയ്യാനൊരുങ്ങിയ മലയാളി ഉദ്യോഗസ്ഥനെ കോൺസൽ ജനറൽ പുറത്താക്കിയതായി എൻഐഎ കണ്ടെത്തി. ഇത് കേസ് അന്വേഷണത്തിൽ നിർണ്ണായകമാണ്. സ്വർണ്ണ കടത്തിലെ ഭീകര ബന്ധമാണ് എൻഐഎ പരിശോധിക്കുന്നത്. ജമാലിനെ ചോദ്യം ചെയ്യാൻ യുഎഇയിൽ നിന്ന് അനുമതി കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിൽ അന്വേഷണം പ്രതിസന്ധിയിലാണ്.

ഇതിനിടെയാണ് നിർണ്ണായക വിവരങ്ങൾ ലഭിക്കുന്നതും. കോൺസുലേറ്റിലെ പിആർഒയായിരുന്ന കോഴിക്കോടു സ്വദേശിയെ പുറത്താക്കാനും പകരം സ്വർണക്കടത്തു കേസിലെ കൂട്ടുപ്രതി പി.എസ്.സരിത്തിനെ അതേ പദവിയിൽ നിയമിക്കാനും ചരടുവലിച്ചതു ജമാലിന്റെ സെക്രട്ടറിയായിരുന്ന സ്വപ്ന സുരേഷാണെന്നും എൻഐഎ കണ്ടെത്തി. കോൺസുലേറ്റിലെ രഹസ്യവിവരങ്ങൾ ചോർത്തിയെന്നു കാണിച്ചാണു കോഴിക്കോടു സ്വദേശിയെ കോൺസൽ ജനറൽ പുറത്താക്കിയത്. ഇതിന് പിന്നിൽ എല്ലാം പ്രവർത്തിച്ചത് അൽസാബിയായിരുന്നു. സ്‌പെയ്‌സ് പാർക്കിലേക്ക് സ്വപ്‌നാ സുരേഷിനെ നിയോഗിച്ചത് ബഹിരാകാശ രഹസ്യങ്ങൾ ചോർത്താനാണെന്ന വാദം നേരത്തെ ചർച്ചയായിരുന്നു. ഇതിന് ബലം നൽകുന്നതാണ് പുതിയ വെളിപ്പെടുത്തലുകളും.

യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കു പുറമേ ദുബായ് പൊലീസിനെ 4 ഉദ്യോഗസ്ഥരായ അബ്ദുല്ല ഖാനിം അൽ അറൈ, സുൽത്താൻ സയീദ് അൽ ഷംസി, ഇബ്രാഹിം റഷീദ് അൽ നുഅയിമി, അഹമ്മദ് അൽ ദൗഖി എന്നിവരും ജോലി ചെയ്യുന്നതായുള്ള വിവരം കേന്ദ്ര ഏജൻസികളെ അറിയിക്കാൻ ശ്രമിച്ചതാണു ജമാൽ ഹുസൈൻ അൽ സാബിയെ ചൊടിപ്പിച്ചത്. കോവിഡ് കാലത്ത് ജമാലിനൊപ്പം 4 പൊലീസ് ഉദ്യോഗസ്ഥരും യുഎഇയിലേക്കു മടങ്ങി.

കോൺസുലേറ്റ് ഓഫിസും വാഹനങ്ങളും നയതന്ത്രപരിരക്ഷയും മറയാക്കി 22 തവണയായി 167 കിലോഗ്രാം സ്വർണമാണു സ്വപ്നയും കൂട്ടാളികളും കടത്തിയത്. ഇതിൽ 20 തവണ സ്വർണം കടത്തിയപ്പോഴും ജമാൽ ഹുസൈൻ കോൺസുലേറ്റിലുണ്ടായിരുന്നു. പദവികളിൽ നിന്നു മാറ്റിനിർത്തിയ ഘട്ടത്തിലും കോൺസുലേറ്റിൽ അതുവരെ അവർ ചെയ്തിരുന്ന മുഴുവൻ ഉത്തരവാദിത്തങ്ങളും തുടർന്നും നിറവേറ്റുന്നതിനു സ്വപ്നയ്ക്കും സരിത്തിനും കോൺസൽ ജനറൽ പ്രതിഫലം നൽകിയിരുന്നു. ലൈഫ് മിഷൻ പദ്ധതിയുടെ നിർമ്മാണക്കരാറിനായി യൂണിടാക് നൽകിയ 4.40 കോടി രൂപയിൽ 3.80 കോടി രൂപ യുഎസ് ഡോളറായി വിദേശത്തേക്കു കടത്താൻ ചരടുവലിച്ചതും ജമാൽ ഹുസൈൻ അൽസാബിയാണ്.

അൽസാബിയുടെ ചോദ്യം ചെയ്യൽ ഒഴിവാക്കാൻ കഴിയാത്ത മൊഴികളാണ് അറസ്റ്റിലായ പ്രതികളും സാക്ഷികളും അന്വേഷണ സംഘങ്ങൾക്കു നൽകിയിട്ടുള്ളത്. കേസന്വേഷണത്തിൽ യുഎഇ പൂർണതോതിൽ സഹകരിക്കുന്ന സാഹചര്യത്തിൽ ഇന്റർപോളിന്റെയും ദുബായ് പൊലീസിന്റെയും സഹായത്തോടെ ഇദ്ദേഹത്തിന്റെ മൊഴിയെടുക്കാൻ എൻഐഎക്കു കഴിയും. കേന്ദ്ര ആഭ്യന്തര വകുപ്പ്, വിദേശകാര്യ മന്ത്രാലയം വഴി കേസിന്റെ ഗൗരവവും ജമാലിന്റെ മൊഴിയെടുക്കേണ്ടതിന്റെ ആവശ്യകതയും ഇന്ത്യയിലെ സ്ഥാനപതി മുഖേന യുഎഇ ഭരണകൂടത്തെ ധരിപ്പിക്കണം. എന്നാൽ ഇത്തരം ഇടപെടലൊന്നും നിലവിൽ നടക്കുന്നില്ല.

സ്വർണക്കടത്തിനു പുറമേ ജമാലിന്റെ കേരളത്തിലെ മറ്റു ചില നീക്കങ്ങളും സംശയത്തിലാണ്. മൊറോക്കോ, ഈജിപ്ത്, യുഎഇ എന്നിവിടങ്ങളിൽ നിന്നും ജമാൽ ഹുസൈൻ അൽസാബിക്കു രഹസ്യ സന്ദർശകരുണ്ടായിരുന്നതായും മുൻ ഉദ്യോഗസ്ഥയുടെ മൊഴികളിലുണ്ട്. കവടിയാറിൽ രാജ്ഭവനു സമീപം മാസം 3 ലക്ഷം രൂപ വാടക നൽകുന്ന ബംഗ്ലാവിലാണ് അദ്ദേഹം താമസിച്ചിരുന്നത്. കോൺസുലേറ്റിന്റെ പ്രത്യേക അക്കൗണ്ടിൽ നിന്നാണ് ഇവരുടെ താമസത്തിനുള്ള ബില്ലുകൾ അടച്ചിരുന്നത്. എന്നാൽ വിദേശ സന്ദർശകർ ഹോട്ടൽ മുറികളിൽ താമസിക്കാതെ കോൺസുൽ ജനറലിന്റെ ബംഗ്ലാവിലാണു തങ്ങിയിരുന്നത്. ഈ ദിവസങ്ങളിൽ ഇന്ത്യക്കാരായ ഗൺമാനെയും ഡ്രൈവറെയും ഒഴിവാക്കി കോൺസുലേറ്റിന്റെ വാഹനത്തിൽ അദ്ദേഹം സ്വയം ഡ്രൈവ് ചെയ്യുകയായിരുന്നു. ഇതെല്ലാം സംശയത്തിന് ഇടനൽകുന്നു.

കൊച്ചിയിലേക്കാണ് കൂടുതലായും വന്നിരുന്നതെന്നും എൻഐഎക്കു ലഭിച്ച മൊഴികളിലുണ്ട്. ഡോളർ കടത്തുകേസിൽ കസ്റ്റംസ് പ്രതി ചേർത്ത ഈജിപ്ഷ്യൻ പൗരൻ ഖാലിദ് അലി ഷൗക്രി കോൺസുലേറ്റിലെ സാമ്പത്തികവിഭാഗം മേധാവിയായിരുന്നെങ്കിലും ജമാൽ പറയാതെ അനങ്ങാത്ത ആശ്രിതൻ മാത്രമായിരുന്നു. അതുകൊണ്ടു തന്നെ എല്ലാത്തിനും പിന്നിൽ അൽസാബിയാണ്. ഡോളർ കടത്തു കേസിൽ പ്രതിയായ ഖാലിദിനു നയതന്ത്ര സംരക്ഷണമില്ലെന്നു യുഎഇ ഇന്ത്യയെ അറിയിച്ചിട്ടുണ്ടെങ്കിലും കേസിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന അറ്റാഷെ റഷീദ് ഖമീസ് അൽ ഷിമിലി, കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി എന്നിവരുടെ കാര്യത്തിൽ യുഎഇയുടെ നിലപാട് ഇതുവരെ വ്യക്തമല്ല. ഇതും അന്വേഷണത്തിന് വെല്ലുവിളിയാണ്.

എന്നാൽ കേസുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദുബായ് പൊലീസ് രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്തതായി അറിയുന്നു. ഇന്ത്യയ്ക്ക് ഇവരെ കൈമാറാൻ യുഎഇയ്ക്കും താൽപ്പര്യമില്ല.