അടിമാലി: വഴക്കിടുമ്പോഴെല്ലാം ഭാര്യക്ക് പിൻതുണയുമായി മാതാവും സഹോദരിയും എത്തുമായിരുന്നു. ഒച്ചപ്പാടിനെത്തുടർന്ന് നാട്ടുകാർ നാടുകടത്തിയപ്പോഴും ഇവർ ഇരുവരും പിൻതുണച്ചു. ഇതുമൂലം ഭര്യയോട് വേർപിരിഞ്ഞ് താമസിക്കേണ്ടിയും വന്നു. ഇതോടെ ഇവരോട് വൈരാഗ്യം ഇരട്ടിയായി. ഇരുവരെയും വകവരുത്താൻ ലക്ഷ്യമിട്ടാണ്് എത്തിയത്. കുട്ടിക്ക് അടിയേറ്റത് ലക്ഷ്യം തെറ്റി.

ആത്മഹത്യചെയ്യാൻ ഉറപ്പിച്ചിരുന്നെങ്കിലും കൈയിൽക്കരുതിയിരുന്ന വിഷം അട്ടയെ അകറ്റാൻ ഉപയോഗിക്കേണ്ടി വന്നതിനാൽ അതിന് സാധിച്ചില്ല. ആനച്ചാൽ ആമക്കണ്ടത്ത് 6 വയസുകാരന്റെ മരണത്തിനും മാതാവിനും മുത്തശിക്കും ഗുരുതരമായി പരിക്കേൽക്കുന്നതിനും ഇടയാക്കിയ ക്രമണം പരമ്പര തീർത്ത വണ്ടിപ്പെരിയാർ സ്വദേശി സുനിൽക്കുമാർ പൊലീസിനോട് വെളിപ്പെടുത്തിയ വിവരങ്ങളുടെ ഏകദേശ രൂപം ഇങ്ങിനെ.

ഇക്കാര്യങ്ങൾ പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ലന്നും വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടന്നുവരികയാണെന്നുമാണ് സൂചന. കെട്ടിടനിർമ്മാണത്തൊഴിലാളിയായിരുന്നെന്നും വൈകുന്നേരങ്ങളിൽ മദ്യപിക്കാറുണ്ടെന്നും വീട്ടിൽ ഭക്ഷണം കഴിക്കുന്ന പാത്രം വരെ ഭാര്യ തന്നെക്കൊണ്ട് കഴുകിച്ചിരുന്നെന്നും ഇതെച്ചൊല്ലിയാണ് വീട്ടിൽ ഒച്ചപ്പാട് ഉണ്ടായിരുന്നതെന്നും മറ്റും സുനിൽക്കുമാർ പൊലീസിൽ സമ്മതിച്ചതായും വിവരമുണ്ട്.

ആമക്കണ്ടത്ത് പണിക്കെത്തിയപ്പോഴാണ് ഷൈലയുമായി പരിചയപ്പെട്ടതെന്നും തുടർന്ന് പ്രണയത്തിലാവുകയും മതം മാറി വിവാഹം കഴിക്കുകയായിരുന്നെന്നും ഇയാൾ പറയുന്നുണ്ട്്. എന്നാൽ ഇയാളുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് പൊലീസിന്റെ ഭാഗത്തുനിന്നും ഔദ്യോഗീകസ്ഥിരീകരണം ഇനിയും പുറത്തുവന്നിട്ടില്ല. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ സുനിൽക്കുമാറിനെ ഇന്നലെ രാത്രിയോടെ വെള്ളത്തൂവലിനടുത്ത് മുതുവാൻകുടിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇന്നലെ പുലർച്ചെ 6 മണിയോടടുത്താണ് ആക്രമണം സംബന്ധിച്ച് അയൽവാസികൾക്ക് വിവരം ലഭിക്കുന്നത്.തുടർന്ന് ഇവർ വെള്ളത്തൂവൽ പൊലീസിൽ വിവരം അറിയിക്കുകയും പരിക്കേറ്റുകിടന്നവരെ അടിമാലിയിലെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.ഇവിടുത്തെ ഡോക്ടറുടെ പരിശോധനയിലാണ് കുട്ടി മരണപ്പെട്ടതായി സ്ഥിരീകരിച്ചത്.

ആനച്ചാൽ ആമക്കണ്ടത്ത് താമസിച്ചുവരുന്ന സഫിയ(32)മകൻ അബ്ദുൾ ഫത്താഹ് റെയ്ഹാൻ (6)സഫിയയുടെ ഉമ്മ സൈനബ(70) എന്നിവരെയാണ് സഫിയയുടെ സഹോദരി ഷൈലയ്ക്കൊപ്പം താമസിച്ചിരുന്ന ഷാൻ മുഹമ്മദ് എന്ന സുനിൽകുമാർ അതിക്രൂരമായി ആക്രമിച്ചത്.സഫിയയുടെ 15 കാരിയായ മൂത്തമകളാണ്് നേരം പുലർന്ന ശേഷം വിവരം നാട്ടുകാരെ അറിയിച്ചത്.

ആക്രമണത്തിൽ ഫത്താഹിന്റെ തലയോട്ടി പൊട്ടിയിരുന്നു.സഫിയയെയും മാതാവ് സൈനബയെയും വിദഗ്ധചികത്സയ്ക്കായി ആദ്യം കോതമംഗലം മാർബസേലിയോസ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്കും മാറ്റി. സഫിയയുടെ കവിളിന്റെ ഭാഗത്ത് അഴത്തിൽ മുറിയുകയും പല്ല് അടർന്നുപോകുകയും ചെയ്തിട്ടുണ്ട്.സൈനബയ്ക്കും തലയ്ക്കാണ് അടിയേറ്റിട്ടുള്ളത്.ആക്രണം നടത്തിയ സുനിൽക്കുമാർ വണ്ടിപ്പെരിയാർ സ്വദേശിയാണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

ഭാര്യയെയും രണ്ട് ആൺമക്കളെയും ഉപേക്ഷിച്ചാണ് ഇയാൾ ഷാൻ മുഹമ്മദ് എന്നപേര് സ്വീകരിച്ച് വർഷങ്ങൾക്ക് മുമ്പ് ഷൈലയോടൊപ്പം ആമക്കണ്ടത്ത് താമസം ആരംഭിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഷൈലയുടെയും സഹോദരി സഫിയയുടെയും ഇരുവരുടെ മാതാവ് സൈനബയുടേതുമുൾപ്പടെ മൂന്നുവീടുകൾ അടുപ്പുകല്ലുപോലെ അടുത്തടുത്താണ് സ്ഥിതിചെയ്തിരുന്നത്.ഇതിൽ ഷൈലയും സഫിയയും തമ്മിൽ അതിർത്തിതർക്കം ഉണ്ടായെന്നും ഈയവസരത്തിൽ സഫിയക്ക് മർദ്ദനമേറ്റിരുന്നെന്നുമുള്ള വിവരവും സംഭവത്തിന് പിന്നാലെ പുറത്തുവന്നിരുന്നു.

ആക്രണത്തെക്കുറിച്ച് സഫിയയുടെ 15 കാരിയായ മകൾ പുറത്തുവിട്ട വിവരം ഞെട്ടിക്കുന്നതായിരുന്നു. മൂത്തുമ്മ സൈനബയെ സുനിൽക്കുമാർ ചുറ്റകയ്ക്ക് തലയ്ക്കടിച്ചുവീഴ്‌ത്തുന്നതുകണ്ട് വല്ലാത്ത ഭീതിയായി.മൂത്തുമ്മ തറയിൽ വീണ്്, അനക്കം നിൽക്കുന്നതുവരെ അയാൾ നോക്കി നിന്നു. തുടർന്ന് തന്നെ പിടിച്ചുവലിച്ച് സമീപത്തെ തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി .രക്തത്തിൽകുളിച്ചുകിടക്കുന്ന സഹോദരനെയും ഉമ്മയെയും കണ്ടതോടെ ഭയപ്പാട് ഒന്നുകൂടി വർദ്ധിച്ചു.ഒപ്പം തന്നെയും വകവരുത്തുമെന്ന ഭീതിയും.ഏതാനും നിമഷങ്ങൾക്കുള്ളിൽ തന്നെയും കൊണ്ട് വീടിനടുത്തെ ഷെഡ്ഡിലേയ്ക്ക് കൊണ്ടുപോയി.

പിന്നെ ക്രൂരമർദ്ദനും ഭീഷിണിയും നേരിടേണ്ടി വന്നു.ഉമ്മയെയും മൂത്തുമ്മയെയും കൊന്നത് ഭാര്യയോടൊപ്പം സ്വസ്തമായി കഴിയാൻ സമ്മതിക്കാത്തതുകൊണ്ടാണെന്ന് ഇനിതിടയിൽ ഇയാൾ പറയുന്നുണ്ടായിരുന്നു. ഏറെ നേരം അയാൾ അവിടെ തടഞ്ഞുവച്ചു.പിന്നെ ഒരുതരത്തിൽ ഇവിടെ നിന്നും രക്ഷപെട്ടു.തുടർന്ന് അയൽവീട്ടിലെത്തി വിവരം ധരിപ്പിച്ചു.ഇതായിരുന്നു ഇന്നലെ പുലർച്ചെ താൻ നേരിട്ട ഭീതിജനകമായ നിമിഷങ്ങളെക്കുറിച്ച് 15 കാരി പൊലീസിനോടും അടുപ്പക്കാരോടും വെളിപ്പെടുത്തിയ വിവരം.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ കണ്ടതിന്റെയും സുനിൽക്കുമാറിൽ നിന്നുണ്ടായ ഭീഷിണിയുടെയും മർദ്ദനത്തിന്റെയും ആഘാതത്താലും മാനസീകമായി തളർന്ന പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കുന്നതിനും പൊലീസ് ആലോചിക്കുന്നുണ്ട്.ഫത്താഫിന്റെ മൃതദ്ദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി ഇന്നലെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഷൈലയൊടൊപ്പം താമസം ആരംഭിച്ചതുമായി ബന്ധപ്പെട്ട് സുനിൽ കുമാറിനെതിരെ പീരിമേട് കോടതിയിൽ ആദ്യ ഭാര്യ കേസ് ഫയൽ ചെയ്തിരുന്നു. ആനച്ചാലിൽ എത്തി ഷൈലയുമായി പരിചയപ്പെട്ടപ്പോൾ ഷാൻ മുഹമ്മദ് എന്ന പേരിൽ ആയിരുന്നു അറിയപ്പെട്ടത്. ഷൈലയും സുനിൽകുമാറും അമകണ്ടത്തുള്ള സെറ്റിൽ മെന്റ് കോളനിയിൽ ആയിരുന്നു താമസിച്ചിരുന്നത്.

അടുത്തിടെ ആമക്കണ്ടത്ത് ഷൈലയ്ക്ക് തറവാട് വീടിനോട് ചേർന്ന് 10 സെന്റ് സ്ഥലം ലഭിച്ചിരുന്നു. ഇവിടെ ഒരു ഷെഡ് നിർമ്മിച്ച് ഇടയ്ക്ക് താമസിക്കുകയും ചെയ്തിരുന്നു. ഈ സ്ഥലത്തിന്റെ അതിർത്തിയുമായി ബന്ധപ്പെട്ട് സഫിയുമായി നിരന്തരം പ്രശ്‌നങ്ങൾ ആയിരുന്നു. ഇതിനിടയിൽ സുനിൽ കുമാറും ഷൈലയും ചേർന്ന് സഫിയെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഷൈലയും സുനിൽകുമാറും തമ്മിൽ നിരന്തരമായി വഴക്ക് ഉണ്ടാകുന്ന സാഹചര്യം ഉടലെടുത്തതോടെ നാട്ടുകാർ ഇടപെടുകയും ഇരുവരോടും ഒറ്റയ്ക്ക് കഴിയാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ 15 ദിവസമായി ഇവർ വേർപിരിഞ്ഞു കഴിയുകയായിരുന്നു.