ന്യൂഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും രാജ്യം വിട ചൊല്ലി. 17 ഗൺ സല്യൂട്ട് നൽകി പൂർണ സൈനിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം. എണ്ണൂറോളം സൈനികർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. പിതാവിനും മാതാവിനും മക്കളായ കൃതികയും തരിണിയുമാണ് അന്ത്യ കർമങ്ങൾ ചെയ്തത്. ബ്രിഗേഡിയർ റാങ്കിലുള്ള 12 ഉദ്യോഗസ്ഥർ ചടങ്ങുകൾക്കു നേതൃത്വം നൽകി. 'ഭാരത് മാതാ കി ജയ്' വിളികളുമായി ആയിരങ്ങളാണ് ബ്രാർ സ്‌ക്വയറിന് സമീപം എത്തിയത്.

മൃതദേഹങ്ങൾ സംസ്‌കാരത്തിനായി വിലാപയാത്രയായാണ് ബ്രാർ സ്‌ക്വയറിലേക്കെത്തിച്ചത്. 3.30 മുതൽ 4.00 വരെ ബ്രാർ സ്‌ക്വയറിൽ പൊതുദർശനത്തിനു വച്ചു. പിന്നീട് വിവിഐപികൾ അന്ത്യാഭിവാദ്യം അർപ്പിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ബ്രാർ സ്‌ക്വയറിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

മതപരമായ ചടങ്ങുകൾക്കായി വൈകിട്ട് 4.45 ഓടെ മൃതദേഹങ്ങൾ ഒരേ ചിതയിലേക്കെടുത്തു.

മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ അന്ത്യാഭിവാദ്യം അർപ്പിക്കാൻ ഡൽഹിയിൽ ഒത്തുകൂടിയത് ആയിരങ്ങളാണ്. വഴിനീളെ ജനറലിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ വൻതിരക്കായിരുന്നു. ജനറലിന്റെ ചിത്രവും, ത്രിവർണ പതാകയും ഏന്തിയാണ് പൗരാവലി പ്രണാമം അർപ്പിച്ചത്. വിലാപ യാത്ര 3.30 ഓടെ ഡൽഹി ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ എത്തി.

ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ് രാജ്യങ്ങളിലെ സൈനിക കമാൻഡർമാർ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും. വിദേശ നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു

അന്തിമോപചാരം അർപ്പിച്ച് പ്രമുഖരും സാധാരണക്കാരും

കാംരാജ് മാർഗിലെ ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ, പ്രമുഖരും സാധാരണക്കാരും അടക്കം ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻവി രമണ, കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ, ലോക്സഭ സ്പീക്കർ ഓം ബിർല, മുൻ കരസേനാ മേധാവിയും കേന്ദ്രമന്ത്രിയുമായ വി കെ സിങ്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,

കർഷക സമര സംഘടന നേതാവ് രാകേഷ് ടിക്കായത്ത്, രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്ത എംപിമാർ, കരസേനാ മേധാവി ജനറൽ എം എം നാരാവ്നെ, വ്യോമസേന മേധാവി എയർചീഫ് മാർഷൽ വി ആർ ചൗധരി, നാവികസേന മേധാവി അഡിമിറൽ ആർ ഹരികുമാർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

അയൽ രാജ്യങ്ങളായ ശ്രീലങ്കയുടെ സംയുക്തസേനാ മേധാവി ജനറൽ ഷാവേന്ദ്ര സിൽവ, ലങ്കൻ മുൻ സംയുക്ത സേനാ മേധാവിയും ബിപിൻ റാവത്തിന്റെ സുഹൃത്തും സഹപാഠിയുമായ അഡ്‌മിറൽ രവീന്ദ്ര ചന്ദ്രസിരി വിജെഗുണരത്നെ, റോയൽ ഭൂട്ടാൻ ആർമി ഡെപ്യൂട്ടി ചീഫ് ഓപ്പറേഷൻസ് ഓഫീസർ ബ്രിഗേഡിയർ ദോർജി റിൻചെൻ, നേപ്പാൾ കരസേനാ മേധാവി സുപ്രോബൽ ജനസേവാശ്രീ ലെഫ്റ്റനന്റ് ജനറൽ ബാൽ കൃഷ്ണ കർകി, ബംഗ്ലാദേശ് സേനാ പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസർ ലെഫ്റ്റനന്റ് ജനറൽ വാകർ ഉസ് സമാൻ എന്നിവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

രാവിലെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, എ കെ ആന്റണി, മല്ലികാർജുൻ ഖാർഗെ, ഹരീഷ് റാവത്ത്, ഡിഎംകെ നേതാക്കളായ കനിമൊഴി, എ രാജ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. ഫ്രഞ്ച് സർക്കാരിന്റെ പ്രതിനിധി ഇമ്മാനുവൽ ലെന്യൻ, ഇസ്രയേൽ പ്രതിനിധി നോർ ഗിലോൺ തുടങ്ങിയവരും ജനറൽ റാവത്തിനും ഭാര്യ മധുലികയ്ക്കും അന്തിമോപചാരം അർപ്പിച്ചു

. ഇവരെ കൂടാതെ പൊലീസ്, സൈനിക ഉദ്യോഗസ്ഥരും പൊതുജനങ്ങളും അടക്കം നിരവധി ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്