പഞ്ചാബ് : നിയമസഭ തെരഞ്ഞെടുപ്പുമായി ബൂന്ധപ്പെട്ട് നിർണ്ണായക പ്രഖ്യാപനുമായി പഞ്ചാബ് മുന്മുഖ്യമന്ത്രി അമരീന്ദർ സിങ്ങ്. വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി ബിജെപി സഖ്യപ്രഖ്യാപനം നടത്തിയത്. വെള്ളിയാഴ്ച അമരീന്ദർ സിംഗുമായി പഞ്ചാബിന്റെ ചുമതലയുള്ള ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര ഷെഖാവത്ത് നടത്തിയ കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷമാണ് സഖ്യ പ്രഖ്യാപനം നടത്തിയത്.

'ഞാൻ ഒരു പ്രഖ്യാപനം നടത്താൻ ആഗ്രഹിക്കുന്നു. വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും അമരീന്ദർ സിംഗും ഒരുമിച്ച് ജനവിധി തേടും, ഒന്നിച്ച് പ്രവർത്തിക്കും. സീറ്റ് വിഭജനം സംബന്ധിച്ച് വിശദാംശങ്ങൾ ഉചിതമായ സമയത്ത് പ്രഖ്യാപിക്കും.', അമരീന്ദർ സിംഗുമായുള്ള ചർച്ചയ്ക്ക് ശേഷം ഷെഖാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും സഖ്യത്തിലൂടെ 101 ശതമാനവും വിജയം സുനിശ്ചിതമാണെന്നും അമരീന്ദർ സിങ് പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെയാണ് അമരീന്ദർ സിങ് തന്റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസിന്റഎ പ്രഖ്യാപനം നടത്തിയത്. പിന്നാലെ ബിജെപി സഖ്യ ചർച്ചകളും ആരംഭിച്ചിരുന്നു. നിരവധി തവണത്തെ ചർച്ചകൾക്കൊടുവിലാണ് ഇരു പാർട്ടികളും സഖ്യപ്രഖ്യാപനം നടത്തിയത്.

അതേസമയം, ശിരോമണി അകാലിദളിൽ (എസ്എഡി) നിന്നുള്ള മൂന്ന് പേർ ഉൾപ്പെടെ ഒരു മുൻ കോൺഗ്രസ് എംപിയും നാല് മുൻ എംഎൽഎമാരും കോൺഗ്രസിൽ നിന്ന് രാജിവച്ച് പഞ്ചാബ് ലോക് കോൺഗ്രസിൽ ചേർന്നിരുന്നു. ചൊവ്വാഴ്ച ചണ്ഡീഗഡിൽ വച്ചായിരുന്നു പ്രവേശനം. ലുധിയാനയിൽ നിന്ന് രണ്ട് തവണ എംപിയായ അമ്രിക് സിങ് അലിവാൾ, കോൺഗ്രസിന്റെ മുൻ നിയമസഭാംഗങ്ങളായ ഹർജീന്ദർ സിങ് തെക്കേദാർ, എസ്എഡിയിലെ പ്രേം മിത്തൽ, ഫർസാന ആലം, രാജ്വീന്ദർ കൗർ ഭാഗികെ എന്നിവരാണ് അമരീന്ദർ സിങ്ങിന്റെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേർന്നതായി പഞ്ചാബ് ലോക് കോൺഗ്രസ് അറിയിച്ചത്.

ഇവർക്കുപുറമേ ജില്ലാ കോൺഗ്രസ് മുൻ പ്രസിഡന്റുമാരായ ജഗ്മോഹൻ ശർമ്മ, സത്വീർ സിങ്, വിജയ് കൽറ എന്നിവരും പഞ്ചാബ് ലോക് കോൺഗ്രസിൽ ചേർന്നതായാണ് റിപ്പോർട്ടുകൾ. പഞ്ചാബിൽ പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദുവും മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കുന്നതിനിടെയായിരുന്നു അമരിന്ദർ സിങ്, തന്റെ പുതിയ പാർട്ടി പ്രഖ്യാപിച്ചത്.

പാർട്ടി അംഗത്വം രാജിവയ്ക്കുകയാണെന്നറിയിച്ചു കോൺഗ്രസ് നേതൃത്വത്തിനു കൈമാറിയ 7 പേജുള്ള കത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, നവജ്യോത് സിങ് സിദ്ദു എന്നിവരെ അമരിന്ദർ വിമർശിച്ചിരുന്നു. പിന്നീട് ട്വിറ്ററിലൂടെ കത്തു പുറത്തുവിട്ട ശേഷമാണു പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്. അടുത്ത വർഷം ആദ്യമാണ് പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.