ന്യൂഡൽഹി: തന്റെ രാജിയുമായി ബന്ധപ്പെട്ട് കോൺഗ്രസിനെ ട്രോളി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് എത്തുമ്പോൾ ചർച്ചയാകുന്നതും കോൺഗ്രസിലെ നേതൃത്വ പ്രതിസന്ധി. ചത്തീസ് ഗഡിലും രാജസ്ഥാനിലും പാർട്ടിക്കുള്ളിൽ കലാപം രൂക്ഷമാണ്. ഇതിനിടെയാണ് നേതൃത്വത്തെ അമരീന്ദർ ട്രോളുന്നത്. തന്റെ രാജി ആവശ്യപ്പെട്ടു നേതൃത്വത്തിനു കത്തെഴുതിയെന്നു മുതിർന്ന കോൺഗ്രസ് നേതാക്കളായ ഹരീഷ് റാവത്തും രൺദീപ് സുർജേവാലയും പറയുന്ന എംഎൽഎമാരുടെ എണ്ണത്തിൽ പൊരുത്തക്കേടുണ്ടെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ് വെളിപ്പെടുത്തുന്നു. പരസ്പരവിരുദ്ധമായ എണ്ണമാണ് ഇരുവരും ഉയർത്തിക്കാട്ടിയതെന്നു പറഞ്ഞ അദ്ദേഹം, 'തെറ്റുകളുടെ തമാശ'യെന്നു പരിഹസിക്കുകയും ചെയ്തു.

79 പഞ്ചാബ് കോൺഗ്രസ് എംഎൽഎമാരിൽ 78 പേർ അമരിന്ദറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതൃത്വത്തിനു കത്തയച്ചതായി സുർജേവാല അവകാശപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. 'ഒരു ദിവസം മുൻപ് 43 എംഎൽഎമാർ ഈ വിഷയത്തിൽ ഹൈക്കമാൻഡിന് കത്തയച്ചതായി ഹരീഷ് റാവത്ത് വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. നവജ്യോത് സിങ് സിദ്ദുവിന്റെ ഹാസ്യ നാടകീയത മുഴുവൻ പാർട്ടിയിലും വ്യാപിച്ചിരിക്കുന്നതായി തോന്നുന്നു. 117 എംഎൽഎമാർ കത്തെഴുതിയതായി അടുത്തതവണ അവർ അവകാശപ്പെടും' അമരിന്ദർ വ്യക്തമാക്കി. രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും കടന്നാക്രമിക്കുകയാണ് ഇതിനൊപ്പം അമരീന്ദർ. ചത്തീസ് ഗഡിലെ പാർട്ടി പ്രശ്‌നങ്ങൾ കൈവിട്ടു പോകാതിരിക്കാൻ നേതൃത്വം നടത്തുന്ന ശ്രമങ്ങൾക്ക് അമരീന്ദർ വിലങ്ങു തടിയാണ്.

'ഇതാണു പാർട്ടിയുടെ അവസ്ഥ. അവർക്ക് നുണകൾ പോലും ശരിയായി ഏകോപിപ്പിക്കാൻ കഴിയുന്നില്ല. കോൺഗ്രസ് ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്. പ്രതിസന്ധി ദിനംപ്രതി വർധിക്കുന്നു. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ മുതിർന്ന നേതാക്കൾ അസംതൃപ്തരാണ്. ഭീഷണിക്ക് വഴങ്ങിയാണ് 43-ഓളം എംഎൽഎമാർ കത്തിൽ ഒപ്പിട്ടത്. പഞ്ചാബ് പ്രതിസന്ധി തെറ്റായി കൈകാര്യം ചെയ്തതിന്റെ പേരിൽ കോൺഗ്രസ് ഇപ്പോൾ പരിഭ്രാന്തിയിലാണ്. അതു നേതാക്കളുടെ പ്രസ്താവനകളിൽ വ്യക്തമാണ്. അവരുടെ തെറ്റുകൾ ന്യായീകരിക്കാൻ നഗ്‌നമായ നുണകൾ അവലംബിക്കുന്ന രീതി കാണുമ്പോൾ വിഷമമുണ്ട്' അമരീന്ദർ പറയുന്നു. കോൺഗ്രസിലെ മുതിർന്ന നേതാക്കളും ഇതു തന്നെയാണ് പറയുന്നത്. പക്ഷേ നേതൃത്വം തിരുത്തലിന് തയ്യാറല്ല. രാജസ്ഥാനിൽ സച്ചിൻ പൈലറ്റും നിരാശനാണ്.

ചത്തീസ്ഗഡിൽനിന്നുള്ള മുപ്പതോളം കോൺഗ്രസ് എംഎൽഎമാർ ഡൽഹിയിൽ തുടരുന്നത് കലാപ സൂചനയുമായാണ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ പിന്തുണയ്ക്കുന്നവരാണ് ഇവരെന്നാണു വിവരം. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് എംഎൽഎമാർ ഡൽഹിയിൽ തുടരുന്നത്. കുറച്ചുദിവസങ്ങളായി സംസ്ഥാനത്തെ 20 നിയമസഭാംഗങ്ങൾ ഡൽഹിയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേർ കൂടിയെത്തി. ഇതെല്ലാം അട്ടിമറി തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. രാജസ്ഥാനിൽ സച്ചിൻ പൈലറ്റും കൂട്ടരും നടത്തുന്നത് നിശബ്ദ വിപ്ലവമാണ്. ഇതും ഏത് സമയവും പൊട്ടിത്തെറിയാകും.

അതിനിടെ ചത്തീസ്ഗഡ് ഒരിക്കലും പഞ്ചാബ് ആകില്ലെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പ്രതികരിച്ചു. പഞ്ചാബിലും മധ്യപ്രദേശിലും ചെയ്ത പോലെ ചത്തീസ്ഗഡ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നതായി കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. കോൺഗ്രസിലെ തന്നെ പല നേതാക്കളെയും ഉപയോഗിച്ചു സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് എംഎൽഎ ബൃഹസ്പദി സിങ് ആരോപിച്ചു.

സ്വകാര്യ ആവശ്യങ്ങൾക്കായി ഡൽഹിയിലെത്തിയതാണെന്നാണ് കോൺഗ്രസ് എംഎൽഎമാരുടെ വിശദീകരണം. ചത്തീസ്ഗഡിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പി.എസ്. പുനിയയുമായി സംസാരിച്ചശേഷം എംഎൽഎമാർ മടങ്ങുമെന്നാണു നേതാക്കൾ പറയുന്നത്. കോൺഗ്രസിലെ എല്ലാ എംഎൽഎമാരുടേയും പിന്തുണ ഭുപേഷ് ബാഗേലിനുണ്ട്. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനാണ് അവർ കോൺഗ്രസിനെ ഭരണത്തിലെത്തിച്ചത്ബൃഹസ്പദി സിങ് അവകാശപ്പെട്ടു. ചത്തീസ്ഗഡിലെ കോൺഗ്രസ് എംഎൽഎമാരെല്ലാം ഒറ്റക്കെട്ടാണെന്ന് നിയമസഭാംഗം റാംകുമാർ യാദവ് അവകാശപ്പെട്ടു. കോൺഗ്രസ് സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുമെന്നും റാംകുമാർ പറഞ്ഞു.