ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലെത്തി മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തി. ഡൽഹിയിലെ അമിത്ഷായുടെ വസതിയിലാണ് കൂടിക്കാഴ്‌ച്ച നടന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായും അദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തും. ചൊവ്വാഴ്ച അമരീന്ദർ സിങ് ഡൽഹിയിലെത്തിയിരുന്നു.

വൈകിട്ട് അഞ്ചിന് ഡൽഹിയിലെ അമിത് ഷായുടെ വസതിയിലേക്ക് അമരീന്ദർ സിങ് എത്തുകയായിരുന്നു. വിഭാഗീയത മൂർച്ഛിച്ചതോടെ കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് സെപ്റ്റംബർ 18ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. അധികാരം ഒഴിയാനുണ്ടായ സാഹചര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച അമരീന്ദർ കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി വളരെയധികം അകന്നിരുന്നു.

മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചശേഷം ആദ്യമായിട്ടാണ് അമരീന്ദർ ചൊവ്വാഴ്ച ഡൽഹിയിലെത്തിയത്. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് എത്തിയതെന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി. അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം അമിത് ഷായുടെ വസതിയിലെത്തിയത്.

അമരീന്ദറിന്റെ നീക്കങ്ങൾ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. ഡൽഹിയിൽ തങ്ങുന്ന അമരിന്ദർ കോൺഗ്രസ് നേതാക്കളെ ആരെയും സന്ദർശിക്കുന്നില്ല. അമരീന്ദർ സിങ് ബിജെപിയിൽ ചേർന്നേക്കുമെന്ന് ദേശീയ മാധ്യങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്യ്തിരുന്നു.

ബിജെപിയിൽ ചേരുമോയെന്ന മാധ്യങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അമരിന്ദർ വിസമ്മതിച്ചു. അമരിന്ദർ വ്യക്തിഗത സന്ദർശനത്തിലാണെന്നും അനാവശ്യ ഊഹാപോഹങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്രാൽ വ്യക്തമാക്കി.

പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിപിസിസി) അദ്ധ്യക്ഷനായിരുന്ന നവജ്യോത് സിങ് സിദ്ദുവുമായുള്ള മാസങ്ങൾ നീണ്ട ഏറ്റുമുട്ടലിനെ തുടർന്നാണ് ക്യാപ്റ്റൻ അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. രാജിക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട അദ്ദേഹം കോൺഗ്രസ് ഹൈക്കമാൻഡിന്റെ പെരുമാറ്റത്തിൽ താൻ തികച്ചും അപമാനിതനായെന്നും വെളിപ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രിയായി അമരീന്ദർ സിങ് തുടരുന്നതിൽ അതൃപ്തി അറിയിച്ച് നവജോത് സിങ് സിദ്ധുവിനെ പിന്തുണയ്ക്കുന്ന 40 എംൽഎമാർ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ഇതോടെയാണ് അമരീന്ദറിന്റെ രാജിയിൽ കലാശിച്ചതും തുടർന്ന് ചരൺജീത് സിങ് ചന്നിയെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതും.

തന്റെ ശത്രുവും മുഖ്യമന്ത്രി പദവിയിൽനിന്നു പുറത്താക്കാൻ ചരടുവലിച്ചയാളുമായ നവജ്യോത് സിങ് സിദ്ദുവിനെ അമരീന്ദർ രൂക്ഷമായി വിമർശിച്ചിരുന്നു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി സിദ്ദുവിനു സൗഹൃദമുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. അമരീന്ദറിന്റെ ആരോപണങ്ങളെ പിന്തുണച്ച ബിജെപി, ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ കോൺഗ്രസ് ഹൈക്കമാൻഡിനെത്തന്നെ അമ്പരപ്പിച്ചുകൊണ്ട് നാടകീയനീക്കത്തിലൂടെ നവ്ജോത് സിങ് സിദ്ദു പഞ്ചാബിലെ പാർട്ടി അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. തിരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി അമരീന്ദർസിങ്ങിനെ മാറ്റുകയും മന്ത്രിസഭ അടിമുടി അഴിച്ചുപണിയുകയും ചെയ്തതിനു പിന്നാലെയാണ് പി.സി.സി. അധ്യക്ഷന്റെ അപ്രതീക്ഷിത രാജി.



കഴിഞ്ഞ ജൂലായിലാണ് സിദ്ദു പഞ്ചാബ് പി.സി.സി. അധ്യക്ഷനായി ചുമതലയേറ്റത്. മുഖ്യമന്ത്രിയായിരുന്ന അമരീന്ദറിന്റെ എതിർപ്പ് അവഗണിച്ചുകൊണ്ടായിരുന്നു ഈ നിയമനം. സംസ്ഥാനത്ത് പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയും കടുത്ത ശീതസമരത്തിന്റെ പാതയിലായത് ഹൈക്കമാൻഡിന് വലിയ തലവേദനയായി. അങ്ങനെയാണ് അമരീന്ദറിനെ മാറ്റി ചരൺജിത് സിങ് ചന്നിയെ പുതിയ മുഖ്യമന്ത്രിയായി നിയമിച്ചത്.