ബഹിരാകാശത്തേയ്ക്ക് യാത്ര പോകുന്ന ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ തിരിച്ചുവരാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള പരാതിയിൽ ആറായിരത്തോളംപേർ ഒപ്പിട്ടു. അദ്ദേഹം ഭൂമി വിടുകയാണെന്നും എന്നാൽ തിരിച്ചുവരാൻ അദ്ദേഹത്തെ അനുവദിക്കരുതെന്നുമാണ് ഈ പരാതിയിൽ പറയുന്നത്. ബെസോസിനൊപ്പം ഇലോൺ മസ്‌ക്കിനെയും കയറ്റിവിടണമെന്നും ചിലർ ആവശ്യപ്പെടുന്നു.

സ്വന്തം ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ പേടകമായ ന്യൂ ഷെപ്പേർഡിൽ ടെക്‌സസിൽ നിന്നാണ് ജെഫ് ബെസോസും സഹോദരൻ മാർക്ക് ബെസോസും ബഹിരാകാശത്തേയ്ക്ക് കുതിക്കുന്നത്. ജൂലായ് 20-നാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്.

ന്യൂ ഷെപ്പേർഡ് പേടകത്തിൽ ആറ് യാത്രക്കാരെ വരെ കയറ്റാം. ഏഴ് വർഷത്തെ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേർഡ് പേടകവും റോക്കറ്റും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള യാത്രയ്ക്ക് ഒരുങ്ങുന്നത്. 59 അടി ഉയരത്തിലുള്ള റോക്കറ്റിലാണ് ബഹിരാകാശത്തേയ്ക്ക് പേടകം വിക്ഷേപിക്കുക.

അഞ്ച് വയസ് മുതൽ ബഹാരാകാശത്തേയ്ക്കുള്ള യാത്ര എന്നത് തന്റെ സ്വപ്നമായിരുന്നെന്നും അടുത്ത മാസം അത് സാക്ഷാത്ക്കരിക്കാൻ പോകുകയാണെന്നും ബെസോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.