തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ പലരെയും പലതരത്തിലാണ് ബാധിക്കുന്നത്. കടകളും മറ്റുസ്ഥാപനങ്ങളും അടഞ്ഞ്കിടപ്പോൾ ഓൺലൈൻ സാധ്യതകളെയാണ് പലരും ഉപയോഗപ്പെടുത്തിയിരുന്നത്. ഇത്തരത്തിൽ സാധനങ്ങൾ വാങ്ങുന്നതിന് ജനങ്ങൾ കോവിഡ് കാലത്ത് ഉപയോഗിച്ച പ്രധാന പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ആമസോൺ.ലോകത്തെ ഒട്ടമുക്കി രാജ്യങ്ങളിലെയും ലോക്ഡൗണിനെ ആമസോൺ സമർത്ഥമായി നേരിട്ടെങ്കിലും കേരളത്തിലെ നിയന്ത്രണങ്ങൾക്കു മുന്നിൽ ആമസോൺ മുട്ടുമടക്കിയതായാണ് സൂചന. കേരളത്തിലെ ഭൂരിഭാഗം വിൽപ്പനയും ആമസോൺ അവസാനിപ്പിച്ചതായാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മറുപടികൾ വ്യക്തമാക്കുന്നത്.ഭാവിസാധ്യതകളെക്കുറിച്ച് പറയാതെ  സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ നിർദ്ദേശത്തെ തുടർന്നാണ് വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് മാത്രമാണ് ആമസോൺ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അത്‌കൊണ്ടു തന്നെ പഴയ സ്ഥിതിയിലേക്ക് ആമസോണിന്റെ വിപണനം ഉണ്ടാകുമോ എന്നതും സംശയമാണ്.

ലോക്ഡൗൺ ഇളവുകൾ വരുന്നതിന് മുൻപ് വിതരണം ചെയ്തിരുന്ന സാധനങ്ങൾ പോലും ആമസോൺ ഇപ്പോൾ ഡെലിവറി ഇല്ലെന്നാണ് കാണിക്കുന്നത്. കേരളത്തിലെ മിക്ക ജില്ലകളിലും വിവിധ രീതിയിലുള്ള കോവിഡ് നിയന്ത്രണങ്ങളാണ്. ജില്ലയിൽ തന്നെ ചില സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ, മറ്റു സ്ഥലങ്ങളിൽ ലോക്ഡൗൺ, ചിലയിടങ്ങളിൽ സാധാരണ നില എന്നിങ്ങനെയാണ്. ഇതിനാൽ കേരളത്തിലെ വിതരണം എളുപ്പമുള്ള കാര്യമല്ല.എന്നാൽ കോവിഡ് പ്രതിരോധത്തിനുള്ള അവശ്യസാധനങ്ങളും ഭക്ഷണ സാധനങ്ങളും വിതരണം ചെയ്യുന്നുമുണ്ട്.

അതേസമയം ചില സ്ഥലങ്ങളിൽ ആമസോണിന്റെ വിതരണക്കാർക്ക് കടുത്ത നിർദ്ദേശം അധികാരികൾ നൽകിയതായും സൂചനയുണ്ട്. സംസ്ഥാനത്തെ കടകളെല്ലാം അടഞ്ഞുകിടക്കുമ്പോൾ തന്നെ ഓൺലൈൻ വിതരണം തുടരുന്നതിനെതിരെ വ്യാപാരി വ്യവസായികൾ നേരത്തെ പ്രതിഷേധിച്ചിരുന്നു. അവശ്യ സാധനങ്ങൾ അല്ലാത്തവയും വിതരണം ചെയ്യുന്നതിനെതിരെയായിരുന്നു പ്രതിഷേധം.ഇതിനുപിന്നാലെയാണ് സർക്കാർ ഓൺലൈൻ വിതരണത്തിൽ നിയന്ത്രണം നിർദ്ദേശിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.നേരത്തെ കേരളത്തിലെ ചില പ്രദേശങ്ങളിൽ ബുക്കിങ് സാധ്യമായിരുന്നെങ്കിലും ഇപ്പോൾ മിക്ക ജില്ലകളിലും വിതരണം സാധ്യമല്ലെന്നാണ് ആമസോൺ വെബ്‌സൈറ്റിൽ കാണിക്കുന്നത്. എന്നാൽ, മറ്റു ചില ഓൺലൈൻ ഷോപ്പിങ് വെബ്‌സൈറ്റുകൾ കേരളത്തിൽ വിതരണം തുടരുന്നുണ്ടെന്നും പറയപ്പെടുന്നു.

നിലവിലെ ആമസോണിന്റെ അവസ്ഥയെക്കുറിച്ച് നിസാൻ മോട്ടർ കോർപറേഷൻ മുൻ ചീഫ് ഇൻഫർമേഷൻ ഓഫിസർ ടോണി തോമസ് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പോസ്റ്റിലെ പ്രധാന ഭാഗങ്ങൾ:

'ഭൂമിയിലെ ഏറ്റവും മികച്ച ശാസ്ത്രസാങ്കേതിക വിദ്യയുള്ള കമ്പനികളിൽ ഒന്നാണ് ആമസോൺ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിങ്, ഡ്രോൺ ടെക്‌നോളജി, ഇന്റലിജന്റ് സപ്ലൈ ചെയിൻ, റോബോട്ടിക്‌സ്, ഡ്രൈവർലെസ്സ് കാറുകൾ, ഹ്യൂമൻലെസ്സ് ഡെലിവറി, തുടങ്ങിയവയിൽ എല്ലാം ആമസോൺ അതി വിദഗ്ധരാണ്. എന്തിന് ലോകത്തെ പല കമ്പനികളും, സർക്കാരുകളും ഉപയോഗിക്കുന്ന ക്ലൗഡ് പോലും ആമസോണിന്റെയാണ്. ഇതിന്റെ ബലത്തിൽ ലോകത്ത് എവിടെയും, എന്തും എത്തിക്കാൻ ആമസോണിനു കഴിയും. പക്ഷെ കേരളത്തിലെ കോവിഡ് നിയന്ത്രണ നിർദ്ദേശങ്ങൾ ഉണ്ടാക്കുന്ന അധികാരികളുടെ ബുദ്ധിക്കു മുൻപിൽ ആമസോൺ മുട്ടു മടക്കി പിൻവാങ്ങി.

ഇന്നു തുറക്കും, നാളെ അടയ്ക്കും, മറ്റന്നാൾ പകുതി അടയ്ക്കും, ഒരു പഞ്ചായത്ത് ലോക്ക്ഡൗൺ, മറ്റേ പഞ്ചായത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ, ചില ഇടത്തു ബാരിക്കേഡ്, മറ്റു ചിലേടത്തു ലാത്തിഅടി, ഒരു ദിവസം ഒറ്റ അക്കം, മറ്റൊരു ദിവസം ഇരട്ട അക്കം, ഒരു ദിവസം വർക്ക്‌ഷോപ്പ് തുറക്കും, വേറൊരു ദിവസം സ്‌പെയർ പാർട്‌സ് കട തുറക്കും, ചില ഇടം 7 മണി, ചില ഇടം 2 മണി, റോഡിന്റെ ഒരു വശം ഡി, മറ്റേ വശം എ... എന്തൊക്കെ പ്രഹസനങ്ങൾ... ഇതു മനസ്സിലാക്കാൻ ആമസോണിന്റെ സൂപ്പർ കംപ്യൂട്ടർ ഒന്നും പോരാ, അവരുടെ വിദ്യകൾ ഒന്നും പോരാ എന്നു മനസ്സിലാക്കി ആമസോൺ ആയുധം വച്ച് കീഴടങ്ങി. കേരളത്തിലെ ഡെലിവറി നിർത്തി.

കേരളാ കോവിഡ് പ്രഹസനത്തിന് മുൻപിൽ ആമസോൺ പോലും നിർബാധം കീഴടങ്ങിയ സ്ഥിതിക്ക്, പൂട്ടികെട്ടിയിട്ട നാട്ടുകാർക്ക് പുറത്തു പോവാതെ ഓൺലൈനായി അവശ്യ സാധനങ്ങൾ വാങ്ങാൻ അനുവദിക്കാതെ, ദ്രോഹിച്ചു രസിക്കുന്ന നമ്മുടെ അധികാരികൾക്ക് മിനിമം ഒരു യുഎൻ അവാർഡ് എങ്കിലും പ്രതീക്ഷിക്കാമോ?' ഇതാണ് ടോണി തോമസിന്റെ പോസ്റ്റിൽ പറയുന്നത്.