മുംബൈ: പൂജ ആഘോഷങ്ങൾക്ക് പിന്നാലെ ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദുക്കൾക്കും ക്ഷേത്രങ്ങൾക്കും എതിരെ ഉണ്ടായ അക്രമങ്ങൾക്കിടെ ബംഗ്ലാദേശി ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനായി ഇന്ത്യൻ പൗരത്വ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി മുൻ എംപിയും കോൺഗ്രസ് നേതാവുമായ മിലിന്ദ് ദേവ്റ. ബംഗ്ലാദേശിൽ ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള ആക്രമണ സംഭവങ്ങൾ വാർത്തയാകുന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റ പ്രതികരണം.

മതപീഡനത്തിൽ നിന്ന് രക്ഷപ്പെടുന്ന ബംഗ്ലാദേശി ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സി.എ.എ ഭേദഗതി ചെയ്യണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.സി.എ.എ ഭേദഗതി ചെയ്യണമെന്ന സമാന ആവശ്യവുമായി നേരത്തെ ബിജെപിയും രംഗത്തെത്തിയിരുന്നു.

'ബംഗ്ലാദേശിൽ വർധിച്ചുവരുന്ന വർഗീയ അക്രമങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണ്. മതപീഡനത്തിൽ നിന്ന് രക്ഷപ്പെടുന്ന ബംഗ്ലാദേശി ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സി.എ.എ ഭേദഗതി ചെയ്യണം. ഇന്ത്യൻ മുസ്ലിംങ്ങളെ ബംഗ്ലാദേശി ഇസ്ലാമിസ്റ്റുകളുമായി തുലനം ചെയ്യുന്ന എല്ലാ വർഗീയ ശ്രമവും രാജ്യം തള്ളിക്കളയുകയും തടയുകയും വേണം,' മിലിന്ദ് ദേവ്റ ട്വീറ്റ് ചെയ്തു.

 

അതേസമയം, ബംഗ്ലാദേശിൽ ദുർഗാ പൂജയ്ക്കിടെ നടന്ന ആക്രമണങ്ങൾക്കും തുടർന്നുണ്ടായ അക്രമ സംഭവങ്ങളിലും പ്രതിഷേധിച്ച് വിവിധ സംഘടനകൾ സമരം ശക്തമാക്കി. വിവിധ ഹിന്ദു സംഘടനകളും വിദ്യാർത്ഥി സംഘടനകളും മറ്റ് സംഘങ്ങളുമാണ് രാജ്യ തലസ്ഥാനമായ ധാക്കയിൽ പ്രതിഷേധം ശക്തമാക്കിയത്. അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ഇതിന് പിന്നിലുള്ളവർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ബംഗ്ലാദേശ് ഹിന്ദു, ബുദ്ധിസ്റ്റ്, ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ ഈ മാസം 23 മുതൽ പൂജാ ദിനത്തിലെ അക്രമങ്ങളിൽ പ്രതിഷേധിച്ച് നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. ആക്രമണങ്ങൾ ആസൂത്രിതമാണെന്നും രാജ്യത്തെ സാമുദായിക സൗഹാർദ്ദം തകർക്കാനാണ് ലക്ഷ്യമിടുന്നതെന്നുമായിരുന്നു ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ പറഞ്ഞത്.

ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്നും ആക്രമണം നടത്തിവർക്കെതിരെ സർക്കാർ വേഗത്തിൽ നടപടിയെടുക്കുമെന്നും നേരത്തേ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പ്രതികരിച്ചിരുന്നു.

ഒക്ടോബർ 15നാണ് ബംഗ്ലാദേശിൽ അക്രമസംഭവങ്ങൾ ആരംഭിച്ചത്.ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ ചില ഹിന്ദു ക്ഷേത്രങ്ങൾ തകർക്കപ്പെട്ടതിനെത്തുടർന്ന് ഉണ്ടായ അക്രമത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ 22 ജല്ലകളിൽ അർധസൈനിക സേനയെ വിന്യസിച്ചിരുന്നു.