വാഷിങ്ങ്ടൺ: അമേരിക്കയ്ക്ക് ഇനി പുതിയ നേതൃത്വം.രാജ്യത്തിന്റെ 46ാം പ്രസിഡന്റായി ജോ ബൈഡനും 49ാം വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.ഇന്ത്യൻ സമയം രാത്രി 8.30 മുതൽ ചടങ്ങുകൾ ആരംഭിക്കും. ആദ്യം കലാപരിപാടികളും തുടർന്ന് 10.30 സത്യപ്രതിജ്ഞ ചടങ്ങുകളും നടക്കും.78 കാരനായ ബൈഡന് അമേരിക്കയിൽ അധികാരനമേൽക്കുന്ന ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ് എന്ന പ്രത്യേകതയും ഉണ്ട്. വൈസ്പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യവനിതയാണ് കമലഹാരിസ്. ഇന്ത്യൻ വംശജരിൽ നിന്ന് ആദ്യമായി യുഎസ് വൈസ് പ്രസിഡന്റാകുന്നയാളാണ് തമിഴ്‌നാട്ടിൽ കുടുംബവേരുകളുള്ള കമല ഹാരിസ്..

മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൻ എന്നിവർ കുടുംബസമേതം ചടങ്ങിനെത്തും.വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ യുഎസിൽ ആഘോഷമായി നടക്കുകയാണ് പതിവ്. ഇത്തവണ വെറും 1000 പേർ മാത്രം പങ്കെടുക്കുന്നതായിരിക്കും ചടങ്ങ്.അക്രമങ്ങൾ നടക്കുമെന്നഭീഷണിയുള്ളതിനാൽ മുൻപെങ്ങുമില്ലാത്ത സുരക്ഷയിലാണു തലസ്ഥാനം.നിയുക്ത പ്രസിഡന്റിനെ കാപിറ്റോൾ ടവറിൽനിന്ന് വൈറ്റ് ഹൗസിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകുന്ന പരേഡും ഇത്തവണയില്ല. പകരം പരേഡ് എക്രോസ് അമേരിക്ക എന്ന പേരിൽ വെർച്വൽ പരിപാടി രാജ്യത്തുടനീളം സംഘടിപ്പിക്കും.

20ന് പ്രസിഡന്റായി ചുമതലയേൽക്കുന്ന ബൈഡൻ ഉച്ചയ്ക്ക് അർലിങ്ടൻ നാഷണൽ സെമിത്തേരിയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ബിൽ ക്ലിന്റൺ, ജോർജ് ഡബ്ല്യു. ബുഷ് എന്നിവർ ഒപ്പമുണ്ടാകും. ഈ സമയത്താവും ബൈഡന്റെ വ്യക്തിപരമായ വസ്തുക്കൾ വൈറ്റ്ഹൗസിലെത്തിക്കുക. ആ സമയത്തിനുള്ളിൽ ട്രംപിന്റെ എല്ലാ സാധനങ്ങളും വൈറ്റ് ഹൗസിൽനിന്ന് ഒഴിവാക്കി മുഴുവൻ ക്യാംപസും ശുചീകരിച്ചിട്ടുണ്ടാകും. കോവിഡ് പശ്ചാത്തലത്തിൽ പ്രതിദിന ശുചിയാക്കലിനു പുറമേ വൻകരാറുകാരെ നിയോഗിച്ചാണ് പൂർണമായ ശുചീകരണം നടത്തുന്നത്.കിടപ്പുമുറികളിൽ എല്ലാം പുതുതായി ക്രമീകരിക്കും. ബൈഡനും ജില്ലും ഒരേ കിടപ്പുമുറിയാവും ഉപയോഗിക്കുക.

ട്രംപ് അധികാരകൈമാറ്റത്തിനെത്താത്ത ഏഴാമത്തെ പ്രസിഡന്റ്

ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിലും ട്രംപ് പങ്കെടുക്കില്ലെന്നാണു റിപ്പോർട്ട്. വൈസ് പ്രസിഡന്റ് മൈക്ക് പെൻസാവും ചടങ്ങിനെത്തുക.ബൈഡന്റെ സ്ഥാനാരോഹ
ണച്ചടങ്ങു കാണാൻ നിൽക്കാതെ 3 മണിക്കൂർ മുൻപെങ്കിലും ട്രംപ് വൈറ്റ്ഹൗസ് വിടും. ഇതോടെ പുതിയ പ്രസിഡന്റ് അധികാരമേൽകുമ്പോൾ അധികാരം കൈമാറാനെത്താത്ത എഴാമത്തെ പ്രസിഡന്റാവും ട്രംപ്.ഇതിനുമുൻപ് ഏഴു തവണയാണ് ഇത്തരം സംഭവം അമേരിക്കയുടെ ചരിത്രത്തിൽ നടന്നിട്ടുള്ളത്.

സത്യപ്രതിജ്ഞാ തീയതി, സ്ഥാനമേൽക്കുന്ന പ്രസിഡന്റ്, സ്ഥാനമൊഴിയുന്ന പ്രസിഡന്റ്, വിട്ടുനിന്നതിന്റെ കാരണം :

1801 മാർച്ച് 4 തോമസ് ജഫേഴ്‌സൺ (ഡമോക്രാറ്റിക് റിപ്പബ്ലിക്കൻ) ജോൺ ആഡംസ് (ഫെഡറലിസ്റ്റ്) പരാജയം

1829 മാർച്ച് 4 ആൻഡ്രൂ ജാക്‌സൺ (ഡമോക്രാറ്റിക്) ജോൺ ക്വിൻസി ആഡംസ് (നാഷനൽ റിപ്പബ്ലിക്കൻ) പരാജയം

1841 മാർച്ച് 4 വില്യം ഹെന്റി ഹാരിസൺ (വിഗ്) - മാർട്ടിൻ വാൻ ബ്യൂറൻ (ഡെമോക്രാറ്റിക്) കാരണം അജ്ഞാതം; പരാജയമാകാം

1921 മാർച്ച് 4 വറെൻ ജി. ഹാർഡിങ് (റിപ്പബ്ലിക്കൻ) വുഡ്രോ വിൽസൻ (ഡമോക്രാറ്റിക്) സ്ഥാനാർത്ഥിയല്ല; അനാരോഗ്യം

1974 ഓഗസ്റ്റ് 9 ജെറാൾഡ് ഫോഡ് (റിപ്പബ്ലിക്കൻ) റിച്ചഡ് നിക്‌സൻ (റിപ്പബ്ലിക്കൻ) രാജിവച്ചൊഴിയൽ

2021 ജനുവരി 20 ജോ ബൈഡൻ (ഡമോക്രാറ്റിക്) - ഡോണൾഡ് ട്രംപ് (റിപ്പബ്ലിക്കൻ) - പരാജയം

എന്നിവരാണ് ഇതിനുമുൻപ് ഇതേ രീതിയിൽ ചടങ്ങ് ബഹിഷ്‌കരിച്ചത്.

ബൈഡൻ ജയിച്ചതായി ഇനിയും അംഗീകരിക്കാതെ ഇടഞ്ഞു നിൽക്കുന്ന ട്രംപ് സ്‌കോട്ലൻഡിലെ സ്വന്തം ഗോൾഫ് കോഴ്‌സിലേക്കു പോകുമെന്ന് ആദ്യം റിപ്പോർട്ടുകളു
ണ്ടായിരുന്നു.എന്നാൽ ഫ്‌ളോറിഡയിലെ മാരലഗോയിലെ സ്വന്തം റിസോർട്ടിലേക്കാണു ട്രംപും കുടുംബവും മാറുന്നത് എന്നാണ് പുതിയ സൂനചകൾ. ഇവിടെയുള്ള സ്വകാര്യവസതി ക്ലബ് ആക്കി മാറ്റിയതിനെതിരെ നാട്ടുകാരുടെ പരാതി നിലനിൽക്കുന്നതിനിടെയാണിത്. അതേസമയം അമേരിക്കൻ സമയം ഇന്നു രാവിലെ 8ന് ആൻഡ്രൂസ് ജോയിന്റ് ബേസിൽ പ്രത്യേക യാത്രയയപ്പു ചടങ്ങു നടക്കുമെന്നാണ് വൈറ്റ് ഹൗസ് അറിയിപ്പ്. അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പെന്റഗൺ വകയായി സേന നൽകുന്ന യാത്രയയപ്പു ചടങ്ങ് ഉണ്ടാകില്ല. വൈസ് പ്രസിഡന്റ് പെൻസും ഭാര്യയും കഴിഞ്ഞ വാരാന്ത്യത്തിൽ ന്യൂയോർക്കിലും കലിഫോർണിയയിലുമായി സേനയ്ക്കു നന്ദിയർപ്പണച്ചടങ്ങു നടത്തിയിരുന്നു. സ്ഥാനമൊഴിയുന്ന പ്രഥമവനിത മെലനിയ ട്രംപ് വൈറ്റ് ഹൗസിൽനിന്നു യാത്രപറഞ്ഞുള്ള വിഡിയോ സന്ദേശം പങ്കു വച്ചിട്ടുണ്ട്.

കീഴ്‌വഴക്കങ്ങൾ ഉപേക്ഷിച്ച് ട്രംപും മെലാനിയും പടിയിറങ്ങും

ഭരണത്തുടർച്ച ലഭിക്കാത്തതിൽ ക്ഷുഭിതനും നിരാശനുമായ ട്രംപ് ഈ ഔപചാരികതകൾക്കൊന്നും നിൽക്കാതെ ഫ്‌ളോറിഡ പാം ബീച്ചിലുള്ള സ്വന്തം ക്ലബ്ബിലേക്കു പോകുമെന്നാണു വിവരം.ഇന്ന് രാവിലെ ഡോണൾഡ് ട്രംപും മെലാനിയ ട്രംപും വൈറ്റ്ഹൗസിന്റെ പടിയിറങ്ങും. അതേസമയം നൂറു വർഷത്തിലേറെ പഴക്കമുള്ള പല പരമ്പരാഗത കീഴ്‌വഴക്കങ്ങളും പാലിക്കാതെയാവും ട്രംപും മെലാനിയയും വൈറ്റ് ഹൗസ് വിടുകയെന്നാണ് റിപ്പോർച്ചുകൾ.പുതിയ പ്രസിഡന്റ് ജോ ബൈഡനെയോ ഭാര്യ ജിൽ ബൈഡനെയോ വൈറ്റ് ഹൗസിനുള്ളിലേക്കു ക്ഷണിക്കാതെയാവും ട്രംപും മെലാനിയയും വൈറ്റ് ഹൗസിന്റെ പടിയിറങ്ങുക.

അധിക്കാരക്കൈമാറ്റത്തിനു മുമ്പ് പരമ്പരാഗതമായി നടക്കുന്ന നിരവധി ചടങ്ങുകളുണ്ട്. പ്രഥമ വനിത, നിയുക്ത പ്രഥമവനിതയ്ക്കു നടത്തുന്ന ചായ സത്കാരമാണ് അതിലൊരു ചടങ്ങ്. എന്നാൽ ഇക്കുറി ജിൽ ബൈഡനെ ക്ഷണിക്കാൻ മെലാനിയ തയാറായിട്ടില്ല. ചായ സത്കാരത്തിനുശേഷം നിയുക്ത പ്രഥമ വനിതയെ പ്രസിഡൻഷ്യൽ പാലസ് ചുറ്റിനടത്തി കാണിക്കുകയും പതിവാണ്.

ബൈഡനും ജില്ലും എത്തുമ്പോൾ ട്രംപിനും മെലാനിയയ്ക്കും പകരം വൈറ്റ് ഹൗസ് ചീഫ് അഷർ തിമോത്തി ഹാർലെത്ത് ആവും അവരെ സ്വീകരിക്കാനുണ്ടാകുക.2017ൽ വാഷിങ്ടനിലെ ട്രംപ് ഇന്റർനാഷണൽ ഹോട്ടലിൽനിന്നാണ് തിമോത്തിയെ വൈറ്റ് ഹൗസിൽ നിയമിച്ചത്. ബൈഡൻ എത്തുന്നതോടെ തിമോത്തിയും വൈറ്റ് ഹൗസി
ൽനിന്നു പടിയിറങ്ങും.

1950കളിലാണ് പ്രഥമ വനിതകളുടെ ചായസത്കാരത്തിനു തുടക്കം കുറിച്ചത്. മുൻ പ്രസിഡന്റ് ഹാരി ട്രൂമാന്റെ ഭാര്യ ബെസ് ട്രൂമാൻ ഐസൻഹോവറിന്റെ ഭാര്യ മാമിയെ സ്വീകരിച്ചു. പിന്നീട് ബാർബറ ബുഷ്, ലോറ ബുഷ്, മിഷേൽ ഒബാമ തുടങ്ങിയവരും ആ കീഴ്‌വഴക്കം പാലിച്ചു. അധികാരമേൽക്കും മുമ്പ് ട്രംപ്, ഒബാമയുടെ പൗരത്വം ചോദ്യം ചെയ്തിട്ടു പോലും മിഷേൽ, മെലാനിയയെ ക്ഷണിച്ച് ചായസത്കാരം നടത്തിയിരുന്നു.

മറക്കാൻ കഴിയാത്ത വർഷങ്ങൾ എന്നാണ് ആറു മിനിറ്റ് നീണ്ട വിടവാങ്ങൽ വിഡിയോ സന്ദേശത്തിൽ വൈറ്റ് ഹൗസ് വാസത്തെക്കുറിച്ച് മെലാനിയ വിശേഷിപ്പിച്ചത്. ട്രംപിനെക്കുറിച്ചു ചുരുക്കം ചില വാക്കുകൾ മാത്രമാണ് മെലാനിയ പരാമർശിച്ചത്. വൈറ്റ് ഹൗസിലെ സമയം അവസാനിക്കുമ്പോൾ തനിക്കൊപ്പം നിന്നവരുടെ സ്നേഹത്തിന്റെയും ദേശസ്നേഹത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും കഥകൾ ഹൃദയത്തോടു ചേർത്തു കൊണ്ടുപോകുകയാണെന്നും മെലാനിയ പറഞ്ഞു. അക്രമം ഒന്നിനും ഉത്തരമല്ലെന്നും മെലാനിയ പറഞ്ഞു.