അങ്കാറ: ബോളിവുഡ് സൂപ്പർതാരം ആമിർഖാൻ തുർ്ക്കി പ്രഥമ വനിത എമിൻ എർദോഗനെ സന്ദർശിച്ചു. ഇസ്താംബൂളിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച്ച. പുതിയ സിനിമ 'ലാൽ സിങ് ചദ്ദ' യുടെ ഷൂട്ടിങ് പൂർത്തിയാക്കി മടങ്ങുന്നതിന് മുമ്പായിട്ടാണ് സൂപ്പർതാരം എമിൻ എർദേഗനുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം ഈ കൂടിക്കാഴ്‌ച്ച സൈബർ ലോകത്ത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഇന്ത്യാ - തുർക്കി ബന്ധങ്ങൾ ഉലഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ ബോളിവുഡ് താരം തുർക്കി പ്രസിഡന്റിന്റെ ഭാര്യയെ സന്ദർശിച്ചത് ശരിയായില്ലെന്ന വിമർശനമാണ് ഉയരുന്നത്.

കൂടിക്കാഴ്ചയുടെ വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത് തുർക്കി പ്രഥമ വനിത എമിൻ തന്നയാണ്. ആമിർഖനുമായുള്ള കൂടിക്കാഴ്ചയുടെ വിവിധ ചിത്രങ്ങൾ പുറത്തു വിട്ട എമിൻ ലോകമറിയുന്ന ഇന്ത്യൻ നടനെ കാണാൻ കഴിഞ്ഞതിൽ സന്തോഷവും രേഖപ്പെടുത്തി. തുർക്കിയുടെ വിവിധ ഭാഗങ്ങളിലായിട്ടാണ് ചിത്രം പൂർത്തിയാക്കിയത്. സിനിമാ പൂർത്തിയാക്കി മടങ്ങുന്നതിന് മുമ്പായി തന്റെ തുർക്കിയിലെ ഏറ്റവും വലിയ ആരാധികയ്ക്ക് മുഖം കാട്ടാൻ ഇന്ത്യൻ താരം തീരുമാനം എടുക്കുകയായിരുന്നു. എന്നാൽ സൂപ്പർതാരത്തിന്റെ പ്രവർത്തിയിൽ വിമർശനവും ഏറുകയാണ്. ഇന്ത്യയൂം തുർക്കിയും തമ്മിലുള്ള ബന്ധം വഷളായി നിൽക്കുന്ന സാഹചര്യത്തിൽ താരത്തിന്റെ കൂടിക്കാഴ്ച തെറ്റാണെന്നാണ് വാദം.

മാസങ്ങളായി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി നിൽക്കകയാണ്. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്തു മാറ്റിയ വിഷയത്തിൽ തുർക്കി ഇന്ത്യയെ വിമർശിച്ചിരുന്നു. കശ്മീർ വിഷയത്തിൽ പാക് പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള തുർക്കി ആ നിലപാടാണ് ഇപ്പോഴും തുടരുന്നത്. അടുത്തിടെ തുർക്കി വിദേശകാര്യ മന്ത്രി വിവാദ പരാമർശനം നടത്തുകയും ചെയ്തു. ജമ്മു കശ്മീരിന് പ്രത്യേകപദവി നൽകുന്ന നിയമം എടുത്തു മാറ്റിയിട്ടും ഈ മേഖലയിൽ സമാധാനവും ശാന്തിയും കൊണ്ടു വരാൻ കഴിഞ്ഞില്ലെന്നായിരുന്നു തുർക്കി വിദേശകാര്യ മന്ത്രിയുടെ വിമർശനം.

അതേസമയം സംഘപരിവാർ അനുകൂലികൾ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ്. പികെ ഉൾപ്പെടെയുള്ള സിനിമകളിലൂടെ നേരത്തേ ഹിന്ദു വിരുദ്ധ വികാരത്തെ പ്രചോദിപ്പിച്ച ആമിർ ഇപ്പോൾ ഇന്ത്യയുടെ ശത്രുക്കളുമായി കൂട്ടുകൂടുകയാണ് എന്നും ആമിറിനെ ഓർത്ത് അപമാനം തോന്നു എന്നായിരുന്നു ഒരു കുറിപ്പ്. ഒരിക്കൽ ഇന്ത്യയുടെ സൗഹാർദ്ദ രാഷ്ട്രമായി ഇസ്രയേലിന്റെ ക്ഷണം നിരസിച്ച ആമിർ ഇപ്പോൾ ഇന്ത്യാ വിരുദ്ധനായ എർദോഗനെ കാണുന്നു എന്നായിരുന്നു മറ്റൊരെണ്ണം.

നെതന്യാഹൂവും മോദിയും പങ്കെടുക്കുന്ന മുംബൈയിൽ ഷാലോം ഇന്ത്യ ഫെസ്റ്റിൽ പങ്കെടുക്കാതെ ഇന്ത്യയുടെ പരമാധികാരത്തെ പാക് പാർലമെന്റിൽ വെച്ച് തുറന്ന് വെല്ലുവിളിച്ചയാളുടെ ഭാര്യയെ കാണാൻ പോയിരിക്കുന്നു എന്നായിരുന്നു വേറൊരു വിമർശനം. ഹാഗിയ സോഫിയ വിഷയത്തിലെ എർദോഗാന്റെ നിലപാനെതിരെയും വിമർശനം ഉയർന്നിരുന്നു.