കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനെ നടന്ന അക്രമത്തിനിടെ കേന്ദ്രസേനയുടെ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനർജി. കൊലപാതങ്ങളുടെ ഉത്തരവാദി അമിത് ഷായാണെന്ന് മമത ആരോപിച്ചു.

'ഇന്ന് നടന്ന സംഭവങ്ങളുടെ പൂർണ ഉത്തരവാദിത്തം അമിത് ഷായ്ക്കാണ്. അമിത് ഷായാണ് ഗൂഢാലോചന നടത്തിയത്. കേന്ദ്രസേനയെ ഞാൻ കുറ്റപ്പെടുത്തില്ല, കാരണം അവർ പ്രവർത്തിക്കുന്നത് ആഭ്യന്തര മന്ത്രിയുടെ ആജ്ഞ അനുസരിച്ചാണ്'-മമത പറഞ്ഞു. അമിത് ഷാ രാജിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കൂച്ച്ബിഹാറിലെ മാതഭംഗയിൽ നടന്ന വെടിവെപ്പിലാണ് നാലുപേർ കൊല്ലപ്പെട്ടത്. ഇവിടെ ബിജെപി-തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. വെടിവെപ്പിനെക്കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷകനോട് റിപ്പോർട്ട് തേടി.വോട്ട് ചെയ്യാൻ ക്യൂ നിന്നവർക്ക് നേരെയാണ് സൈന്യം വെടിയുതിർത്തത് എന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു. സിംഗൂർ, കൂച്ച് ബിഹാർ, ഹൂഗ്ലി അടക്കം അഞ്ചു ജില്ലകളിലെ 44 മണ്ഡലങ്ങളിലാണ് നാലാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്