ന്യൂഡൽഹി: പശ്ചിമ ബം​ഗാളിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ വാ​ഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബം​ഗാളിലെ ക്രമസമാധാന നില സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ അദ്ദേഹം ബം​ഗാൾ ​ഗവർണറോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയുടെ വാഹന വ്യൂ​ഹത്തിന് നേരെ ആക്രമണം നടത്തിയത് ബിജെപി തന്നെയെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു.

മമതാ സർക്കാരിന്റെ പത്ത് വർഷത്തെ പ്രോഗസ് റിപ്പോർട്ട് പുറത്തിറക്കുന്ന ദിവസമാണ് ആക്രമണം ഉണ്ടായതെന്ന് മുതിർന്ന തൃണമൂൽ നേതാവ് സുബ്രത മുഖർജി ചൂണ്ടിക്കാട്ടി. ഇത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്ന്സുബ്രത മുഖർജി പറഞ്ഞു. ‘നഡ്ഡ പറയുന്നത് അദ്ദേഹത്തെ ആക്രമിച്ചു എന്നാണ്. എന്നാൽ ഞങ്ങൾക്ക് കിട്ടിയ വിവരമനുസരിച്ച് പ്രകോപനമുണ്ടായത് അദ്ദേഹത്തിന്റേയും ബിജെപി പ്രവർത്തകരുടെയും പക്കൽ നിന്നാണെന്നാണ്. എല്ലാം ആസൂത്രണം ചെയ്തത് ബിജെപിയാണ്', സൗമിത്ര മുഖർജി പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ സൗത്ത് 24 പാർഗനാസ് ജില്ലയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ഡയമണ്ട് ഹാർബർ പ്രദേശത്തേക്കുള്ള യാത്രയ്ക്കിടയിലാണ് നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. നഡ്ഡയുടെ വാഹനത്തിന് പുറമേ ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയുടെ വാഹനത്തിന് നേരെയും അക്രമണമുണ്ടായി. മാധ്യമ പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെയും കല്ലേറുണ്ടായി.

അക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

അക്രമികൾ കല്ലെറുന്നതിന്റെ ദൃശ്യങ്ങൾ ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിജയ് വർഗീയ ട്വീറ്റ് ചെയ്തു. കല്ലേറിൽ അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തു. അസഹിഷ്ണുതയും അധാർമ്മികതയും നിറഞ്ഞ ഒരു സംസ്ഥാനമായി ബംഗാളിനെ മമത സർക്കാർ എങ്ങനെ മാറിയെന്ന് ഈ യാത്രയിലൂടെ തനിക്ക് കാണാൻ സാധിച്ചുവെന്ന് അക്രമണത്തിന് പിന്നാലെ ജെ.പി നഡ്ഡ പ്രതികരിച്ചു. ദുർഗയുടെ കൃപയാണ് തന്നെ രക്ഷിച്ചത്. മമത സർക്കാറിന് അധികകാലം നിലനിൽപ്പില്ലെന്നും ഗുണ്ടാരാജ് അവസാനിപ്പിക്കുമെന്ന് ഉറപ്പുനൽകുന്നതായും നഡ്ഡ വ്യക്തമാക്കി.

റോഡ് തടഞ്ഞ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നഡ്ഡയുടെയും മറ്റ് അകമ്പടി വാഹനങ്ങൾക്കും നേരെ കല്ലെറിയുകയായിരുന്നുവെന്ന് ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് ആരോപിച്ചു. നഡ്ഡയുടെ സന്ദർശനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നും തൃണമൂൽ കോൺഗ്രസിന്റെ യഥാർഥ മുഖം വ്യക്തമാക്കുന്ന സംഭവമാണിതെന്നും അദ്ദേഹം ആരോപിച്ചു.

സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സംസ്ഥാന സർക്കാരിനും കത്തയച്ചിട്ടുണ്ടെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലും പൊലീസ് സുരക്ഷ ഉണ്ടായിരുന്നില്ല. അക്രമണത്തിന് ശേഷം വീഴ്ച തിരിച്ചറിഞ്ഞാണ് പൊലീസ് നഡ്ഡയുടെ വാഹനത്തിന് കടന്നുപോകാനുള്ള വഴിയൊരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊൽക്കത്തയിലെ ബിജെപി ഓഫീസ് നഡ്ഡ സന്ദർശിപ്പച്ചോൾ ഇരുന്നൂറിലേറെ വരുന്ന ആൾക്കൂട്ടം മുളവടികളുമായി തടഞ്ഞുവെന്നും അമിത് ഷായ്ക്ക് അയച്ച കത്തിൽ ഘോഷ് ചൂണ്ടിക്കാണിച്ചു. അക്രമികൾ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. നഡ്ഡയുടെ വാഹനത്തിന്റെ തൊട്ടടുത്തുവരെ അക്രമികളെത്തി. എന്നാൽ ഇതിലൊന്നും ഇടപെടാതെ പൊലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു.