കൊച്ചി: സംസ്ഥാനത്തെ ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കി തെരഞ്ഞെടുപ്പു പ്രചരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തെരഞ്ഞെടുപ്പു പ്രചരണത്തിനെത്തി. തൃപ്പൂണിത്തുറയിൽ റോഡ്‌ഷോയുമായാണ് അമിത്ഷാ പ്രചരണം കൊഴുപ്പിക്കാൻ രംഗത്തെത്തിയത്. പ്രവർത്തകരെ ആവേശത്തിലാഴ്‌ത്തി തൃപ്പൂണിത്തുറയിൽ ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ റോഡ് ഷോ. തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാർത്ഥി ഡോ. കെ എസ് രാധാകൃഷ്ണന് വോട്ടുതേടിയാണ് കേന്ദ്രആഭ്യന്തരമന്ത്രി റോഡ് ഷോ നടത്തിയത്.

തെരഞ്ഞെടുപ്പിൽ ശബരിമല പ്രതിഫലിക്കുമെന്ന് അമിത് ഷാ പറഞ്ഞു. വിശ്വാസികളോട് കമ്യൂണിസ്റ്റ് സർക്കാർ ക്രൂരത കാട്ടി. കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തും. കേരളത്തിൽ ബിജെപിക്ക് ഏറെ പ്രതീക്ഷയുണ്ടെന്നും , നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഉറപ്പുണ്ടെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിലെ കോൺഗ്രസുകാർ ആശയക്കുഴപ്പത്തിലാണ്. കേരളത്തിൽ അവർ സിപിഎമ്മിനെ നേരിടുന്നു. അതേസമയം പശ്ചിമബംഗാളിൽ കോൺഗ്രസ് സിപിഎമ്മിനൊപ്പം കൂട്ടുകൂടി ബിജെപിയെ നേരിടുകയാണെന്നും അമിത് ഷാ പറഞ്ഞു.

കേരള ജനത യുഡിഎഫിനെയും എൽഡിഎഫിനെയും മാറിമാറി പരീക്ഷിച്ചു. രണ്ടും പരാജയപ്പെട്ട സാഹചര്യത്തിൽ പുതിയ പ്രതീക്ഷയായി ബിജെപിയെയാണ് ജനങ്ങൾ കാണുന്നതെന്ന് അമിത് ഷാ പറഞ്ഞു. തൃപ്പൂണിത്തുറയിലെ റോഡ്ഷോയ്ക്ക് ശേഷം അമിത് ഷാ കാഞ്ഞിരപ്പള്ളിയിലും മലമ്പുഴയിലും പ്രചാരണയോഗത്തിൽ പങ്കെടുക്കും. തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപിക്ക് സ്ഥാനാർത്ഥികളില്ലാത്തത് പ്രശ്നമാക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നാമനിർദേശ പത്രിക തള്ളിയത് സാങ്കേതിക പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.

'അതൊരു സാങ്കേതിക പ്രശ്നമാണ്. അത് പ്രശ്നമല്ല' അമിത് ഷാ പ്രതികരിച്ചു. കോൺഗ്രസും സിപിഎമ്മും കേരളത്തിൽ ഒരു പോലെ എതിരാളികളായി കാണുന്നു. ഒരു നാണയത്തിന്റെ രണ്ടു വശങ്ങലാണ് ഇരു മുന്നണികളെന്നും അമിത് ഷാ പറഞ്ഞു. ഇന്നലെ രാത്രിയോടെ കേരളത്തിലെത്തിയ അമിത് ഷാ ഇന്ന് സംസ്ഥാനത്തെ നാലിടത്താണ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത്. തൃപ്പൂണിത്തുറയിലെ റോഡ് ഷോയ്ക്ക് ശേഷം കാഞ്ഞിരപ്പള്ളിയിലേക്ക് പോകം. തുടർന്ന് കൊല്ലത്തെ ചാത്തന്നൂരിലും പാലക്കാട് കഞ്ചിക്കോട്ടുമുള്ള പരിപാടികളിൽ പങ്കെടുക്കും. ഇതിനിടെ അദ്ദേഹം സംസ്ഥാനത്തെ നേതാക്കളുമായി തിരഞ്ഞെടുപ്പ് അവലോകനവും നടത്തി.

തലശ്ശേരിയിലും അമിത് ഷായുടെ പ്രചാരണം നേരത്തെ നടത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായിട്ടാണ് പാർട്ടിക്ക് അവിടെ സ്ഥാനാർത്ഥി ഇല്ലാത്ത സ്ഥിതി വന്നത്. പാർട്ടിക്ക് പിന്തുണയ്ക്കാൻ സ്വതന്ത്രനെ പോലും കണ്ടെത്താനാകാത്ത അനിശ്ചിത്വത്തിലാണ് തലശ്ശേരിയിൽ ബിജെപിയുള്ളത്.