കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ നടക്കുന്നത് അഴിമതി മാത്രമെന്നും മമത ബാനർജിയെ അധികാരത്തിൽ നിന്നും താഴെയിറക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തുകൊല്ലപ്പെട്ടത് 300 ബിജെപി പ്രവർത്തകരാണെന്നും ബിജെപിയെ ഭയപ്പെടുത്താൻ മമതയ്ക്ക് കഴിയില്ലെന്നും അ​ദ്ദേഹം പറഞ്ഞു. പശ്ചിമ ബം​ഗാൾ പര്യടനത്തിന്റെ രണ്ടാം ദിനത്തിൽ പടുകൂറ്റൻ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. ബംഗാളിന്റെ നേട്ടം ആഗ്രഹിക്കുന്നവർ ബിജെപിയിലേക്ക് വരണമെന്ന് അഭ്യർത്ഥിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി, നുഴഞ്ഞുകയറ്റവും അഴിമതിയും അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.

ഭോലപ്പൂരിൽ നടന്ന പൊതുറാലിയിൽ മമതയ്ക്കും തൃണമൂൽ സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് അമിത് ഷാ നടത്തിയത്. ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം വിളികളോടെയാണ് അമിത് ഷായുടെ പ്രസംഗം ആരംഭിച്ചത്. ഭോലാപ്പൂരിലെ വലിയ ജനക്കൂട്ടത്തിന് അമിത് ഷാ നന്ദി അറിയിക്കുകയും ചെയ്തു. ഇത്രയും വലിയ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌നേഹമാണ്. ഒപ്പം മമതാ ബാനർജിയോടുള്ള വെറുപ്പാണെന്നും അമിത് ഷാ പറഞ്ഞു. താൻ എന്റെ ജീവിതത്തിൽ നിരവധി റോഡ് ഷോകളിൽ പങ്കെടുത്തിത്തിട്ടുണ്ട്. എന്നാൽ ഇതുപോലൊരു റോഡ് ഷോ തന്റെ ജീവതത്തിൽ ഉണ്ടായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. മമതയെ തോൽപ്പിക്കാനാണ് ഇത്തവണ ബംഗാളിലെ ജനതയുടെ തീരുമാനം. ഇക്കുറി താമരയുടെ സമയമാണ്. മമതബാനർജി യുദ്ധത്തിന് തയ്യാറായിക്കൊള്ളു. ജനം മാറ്റത്തിനായും ബംഗാളിന്റെ വികസനത്തിനായും കാത്തിരിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു.

അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാൾ സന്ദർശനം ഇന്ന് അവസാനിക്കും. ബംഗാൾ പിടിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി ഇരിക്കുകയാണ് അമിത് ഷാ. ഇരുനൂറിലധികം സീറ്റുകൾ നേടി പശ്ചിമബംഗാളിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നായിരുന്നു ഇന്നലെ അമിത്ഷാ പറഞ്ഞത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ തൃണമൂൽ കോൺഗ്രസിൽ മമത മാത്രമെ അവശേഷിക്കു. 2021ൽ ബംഗാൾ ഭരിക്കുക ബിജെപി മുഖ്യമന്ത്രിയായിരിക്കുമെന്നും അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു.

ഇന്നലെ മിഡ്‌നാപൂരിൽ നടന്ന ബിജെപി റാലിയിൽ എട്ട് തൃണമൂൽ അംഗങ്ങൾ, ഒരു സിപിഎം എംഎൽഎ, മുന്മന്ത്രി സുവേന്ദു അധികാരി, തൃണമൂൽ എംപി സുനിൽ മൊണ്ഡൽ എന്നിവരുൾപ്പെടെ നിരവധിപ്പേർ ബിജെപിയിൽ ചേർന്നു. എല്ലാവർക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അംഗത്വം നൽകി. തപ്സി മൊണ്ഡൽ ആണ് ബിജെപിയിൽ ചേർന്ന സിപിഎം എംഎൽഎ.

ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിയുടെ വലംകൈയായിരുന്ന മുതിർന്ന നേതാവ് സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നതായിരുന്നു ഈ ചടങ്ങിന്റെ ഏറ്റവും വലിയ സവിശേഷത്. വേദിയിൽ സുവേന്ദു ബിജെപിയുടെ പതാക ഉയർത്തി. തുടർന്ന് സംസാരിച്ച അദ്ദേഹഒ പാർട്ടിയിലേക്ക് സ്വീകരിച്ചതിന് ബിജെപിയോടും അമിത് ഷായോടും നന്ദി പറഞ്ഞു. തന്നെ തൃണമൂൽ കോൺഗ്രസ് അപമാനിച്ചു. അതേ തൃണമൂൽ കോൺഗ്രസ് ആണ് ഇപ്പോൾ പിന്നിൽനിന്നും കുത്തുന്നവൻ എന്ന് വിളിക്കുന്നത്. മമതാ ബാനർജി ആരുടെയും അമ്മയല്ല. ഒരേയൊരു അമ്മയേ ഉള്ളൂ, അത് ഭാരത മാതാവാണ്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുവേന്ദു അധികാരിയെ കൂടാതെ 10 എംഎൽഎമാരും എംപിയും മുൻ എംപിയും റാലിയിൽ ബിജെപിയുടെ ഭാഗമായി. അടുത്തിടെ സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസിൽനിന്ന് രാജിവച്ചതു മുതൽ ബിജെപിയിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നന്ദിഗ്രാം സമരനായകനായി അറിയപ്പെടുന്ന ഇദ്ദേഹം പാർട്ടിവിട്ടയ് മമതാ ബാനർജിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ 200 സീറ്റുകൾ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ബിജെപിക്ക് അറുപത് നിയമസഭാ മണ്ഡലങ്ങളിലെങ്കിലും സ്വീധീനം ചെലുത്താൻ കഴിയുന്ന സുവേന്ദു അധികാരിയുടെ വരവ് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. നന്ദിഗ്രാം മുന്നേറ്റത്തിൽ സുവേന്ദു അധികാരി വഹിച്ച പങ്കാണ് പിന്നീട് തൃണമൂലിനെ സംസ്ഥാനത്ത് അധികാരത്തിലേറ്റിയത്. മമതയുമായി ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങളാണ് അദ്ദേഹത്തിന്റെ രാജിയിൽ കലാശിച്ചത്.

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ രണ്ടു ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ ശനിയാഴ്ചയാണ് ബംഗാളിലെത്തിയത്. അമിത് ഷായുടെ സന്ദർശനത്തിനെതിരെ ഗോ ബാക്ക് പോസ്റ്ററുകളും ബംഗാളിലെ മിഡ്നാപുരിൽ ഉയർന്നിട്ടുണ്ട്. കർഷക നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്‌ച്ച നടത്തും. ആറ് കേന്ദ്രമന്ത്രിമാർക്കാണ് ബംഗാളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ചുമതല നൽകിയിയിരിക്കുന്നത്. ശനി പുലർച്ചെ 1.30 ന് കൊൽക്കത്തയിലെത്തിയ അമിത് ഷാ രാവിലെ 10.30 ന് രാമകൃഷ്ണ ആശ്രമത്തിലെത്തി, സ്വാമി വിവേകാനന്ദൻ, ശ്രീരാമകൃഷ്ണ പരമഹംസർ, ശാരദാ ദേവി എന്നിവരുടെ ഛായാചിത്രങ്ങൾക്കു മുൻപിൽ പ്രാർത്ഥിച്ച ശേഷമാണ് റാലിക്ക് തുടക്കം കുറിച്ചത്. സ്വാമി വിവേകാനന്ദൻ ആധുനികതയേയും ആത്മീയതയേയും യോജിപ്പിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. ബംഗാളിൽ രാഷ്ട്രീയ കൊടുങ്കാറ്റിന് തുടക്കമെന്നും ബിജെപിയുടെ ചോര വീണ മണ്ണിൽ മമതയുടെ അന്ത്യം കുറിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽനിന്നു പുറത്താക്കുക ലക്ഷ്യമിട്ട് ബിജെപി ദേശീയ നേതാക്കളുടെ വൻനിരയാണ് ബംഗാളിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തുന്നത്. അമിത് ഷാ മടങ്ങിയ ശേഷം 6 കേന്ദ്ര മന്ത്രിമാരും സംസ്ഥാനത്തിന്റെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനായി എത്തും.