ബെംഗളുരു: വെള്ളിത്തിരയിലെ സൂപ്പർ താരങ്ങൾക്ക് റോൾസ് റോയ്‌സ്‌കാർ അത്രയ്ക്ക് രാശിയില്ലാത്തത് ആണോ? ഈ സംശയം ശക്തമാകുകയാണ്. ഇതിന് കാരണം റോൾ്‌സ് റോയ്‌സുമായി ബന്ധപ്പെട്ട് സൂപ്പർതാരങ്ങൾ മുഴുവൻ പഴി കേൾക്കേണ്ടി വന്ന അവസ്ഥയിലാണ്. തെന്നിന്ത്യയിൽ വിജയിക്കും ധനുഷിനും റോൾ്‌സ് റോയ്‌സ് നികുതി ഇളവിന് പോയി കോടതിയുടെ ശകാരം ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിൽ ബോളിവുഡിൽ സാക്ഷാൽ അമിതാബ് ബച്ചനാണ് റോൾസ് റോയ്‌സ് കാർ വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്. നികുതി അടക്കാത്തതു കൊണ്ട് അമിതാഭ് ബച്ചന്റെ കാർ കർണാടക മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് പിടിച്ചെടുത്തു.

നികുതി അടയ്ക്കാത്തതിന്റെ പേരിലാണ് അമിതാഭ് ബച്ചന്റെ പേരിലുള്ള കാർ പിടിച്ചെടുത്തത്. കർണാടക മോട്ടോർവാഹന വകുപ്പാണ് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള റോൾസ് റോയിസ് കാർ പിടിച്ചെടുത്തത്. 2019 ലാണ് ഈ കാർ അമിതാഭ് ബച്ചന്റെ പേരിൽ രജിസ്ട്രർ ചെയ്തിട്ടുള്ളത്. ഈ രജിസ്‌ട്രേഷൻ കാർ വാങ്ങിയ ആൾ മാറ്റാത്തതാണ് ബച്ചന് പണിയായത്.

ഈ കാർ ബെംഗളുരുവിലെ ഒരു വ്യവസായിക്ക് അമിതാഭ് ബച്ചൻ വിറ്റതായാണ് റിപ്പോർട്ട്. 2019 ൽ ഒരു വ്യവസായിക്ക് കാർ വിറ്റതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്തിരുന്നു. വ്യവസായിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. സംവിധായകൻ വിധു വിനോദ് ചോപ്രയാണ് ബച്ചന് ഈ കാറ് സമ്മാനിച്ചതെന്നും വാർത്തകൾ ഉണ്ടായിരുന്നു.

സൽമാൻ ഖാൻ എന്ന വ്യക്തിയാണ് ഇപ്പോൾ കാർ ഓടിക്കുന്നത്. കാറുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ ഇയാൾക്ക് കഴിഞ്ഞില്ലെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞു. കൂടാതെ കാറിന്റെ ഇൻഷൂറൻസ് ഇതുവരെ പുതുക്കിയിട്ടില്ലെന്നും രേഖകൾ പ്രകാരം കാർ ഇപ്പോഴും അമിതാഭ് ബച്ചന്റെ പേരിലാണ് ഉള്ളതെന്നും ട്രാൻസ്‌പോർട്ട് അഡീഷണൽ കമ്മീഷണർ നരേന്ദ്ര ഹോൽക്കർ അറിയിച്ചു.

ബച്ചന്റേത് ഉൾപ്പടെ ഏഴ് ലക്ഷ്വറി കാറുകളാണ് മതിയായ രേഖകൾ ഇല്ലാത്തതിനാൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്.