ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു. കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ട അമിത് ഷായെ ക്ഷീണം, ശരീര വേദന തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങളെ തുടർന്നാണ് വീണ്ടും ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 18നാണ് അദ്ദേഹത്തെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച എയിംസ് പുറത്തിറക്കിയ പ്രസ്താവനയിൽ അമിത് ഷാ ഉടൻ തന്നെ ആശുപത്രി വിടുമെന്ന് സൂചിപ്പിച്ചിരുന്നു. അമിത് ഷാ സുഖം പ്രാപിച്ചു എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

ഓഗസ്റ്റ് രണ്ടിന് ട്വിറ്ററിലൂടെയാണ് തനിക്ക് കോവിഡ് ബാധിച്ച കാര്യം അമിത് ഷാ അറിയിച്ചത്. മേദാന്ത ആശുപത്രിയിലായിരുന്നു ചികിത്സ. പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. തുടർന്ന് വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ചത്.