കൊച്ചി: താര സംഘടനയായ അമ്മയെ വീണ്ടും മോഹൻലാൽ തന്നെ നയിക്കും. അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ വീണ്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. മോഹൻലാലിനും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇടവേള ബാബുവിനും എതിരില്ല. ട്രഷററായി സിദ്ദിഖും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും എത്തും. ഔദ്യോഗിക പക്ഷത്തിന് ഈ തെരഞ്ഞെടുപ്പിലും വ്യക്തമായ മുൻതൂക്കം കിട്ടുമെന്നാണ് സൂചന. മോഹൻലാലിനൊപ്പമാണ് മമ്മൂട്ടിയുടേയും ദിലീപിന്റെയും മനസ്സ്.

മൂന്ന് സ്ഥാനങ്ങളിൽ മത്സരിക്കാൻ പത്രിക നൽകിയ ഷമ്മി തിലകന്റെ നാമനിർദ്ദേശ പത്രിക തള്ളി. പത്രികയിൽ ഷമ്മി ഒപ്പിടാൻ മറന്നതാണ് ഇതിന് കാരണം. തിരുവനന്തപുരത്തുകാരായ ബൈജുവും പ്രേംകുമാറുമായിരുന്നു ഷമ്മിക്ക് വേണ്ടി നാമനിർദ്ദേശ പത്രികയിൽ നിർദ്ദേശകനായും പിന്താങ്ങുന്ന വ്യക്തിയായും ഒപ്പിട്ടത്. എന്നാൽ ഷമ്മി ഒപ്പിടാൻ മറന്നുവെന്നാണ് സൂചന. ഇതോടെ നാമനിർദ്ദേശ പത്രിക തള്ളി. ഇത് ബൈജുവിനും പ്രേംകുമാറിനും നാണക്കേടാവുകയും ചെയ്തു. ഇതോടെയാണ് ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുത്തത്. ബാക്കി എല്ലാ സ്ഥാനങ്ങളിലേക്കും ഒന്നിലധികം പേർ മത്സരരംഗത്തുണ്ട്. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന ദിവസവും മത്സരിക്കാൻ ആളുണ്ടെങ്കിൽ അമ്മയിലേക്ക് തെരഞ്ഞെടുപ്പ് നടക്കും.

വൈസ് പ്രസിഡന്റായിരുന്ന കെബി ഗണേശ് കുമാർ മത്സരരംഗത്തുണ്ടാകില്ല. പത്തനാപുരം എംഎൽഎ സ്വയം മത്സരത്തിനില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. വൈസ് പ്രസിഡന്റ്, ട്രഷറർ, ജോയിന്റ് സെക്രട്ടറി പദത്തിലേക്കാണ് ഷമ്മി തിലകൻ നാമനിർദ്ദേശ പത്രിക നൽകിയത്. ഷമ്മിയുടെ പത്രിക തള്ളിയില്ലായിരുന്നുവെങ്കിൽ മോഹൻലാലിന്റെ പ്രസിഡന്റ് പദത്തിൽ ഒഴികെ ബാക്കിയെല്ലായിടത്തും മത്സരമുണ്ടാകുന്ന സ്ഥിതി വരുമായിരുന്നു. പത്രിക തള്ളിയതോടെ പ്രധാനപ്പെട്ട നാല് സ്ഥാനങ്ങളിലും മത്സരം ഒഴിവായി.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒന്നിലധികം സ്ഥാനാർത്ഥികളുണ്ട്. മുകേഷ് എംഎൽഎയും പത്രിക നൽകിയിട്ടുണ്ട്. മണിയൻപിള്ള രാജു, ജഗദീഷ്, ശ്വേതാ മേനോൻ, ആശാ ശരത്ത് എന്നിവരും മത്സരിക്കാൻ രംഗത്തുണ്ട്. അമ്മയുടെ മുൻ പ്രസിഡന്റ് കൂടിയായ ഇന്നസെന്റ് സമാവായ ശ്രമങ്ങളുമായി സജീവമായി രംഗത്തുണ്ട്. ഡിസംബർ 19നാണ് വോട്ടെടുപ്പ് നടക്കേണ്ടത്. ഇന്നസെന്റായിരുന്നു മോഹൻലാലിന് മുമ്പ് അമ്മയുടെ പ്രസിഡന്റ്. ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞപ്പോഴാണ് ജനറൽ സെക്രട്ടറിയായ മോഹൻലാൽ അമ്മയുടേയും നായകനായത്.

താരസംഘടനയായ അമ്മയിൽ നടക്കുന്ന നീതികേടിനെതിരെ പലപ്പോഴും ഉറച്ച നിലപാടുകൾ സ്വീകരിച്ചിട്ടുള്ള നടനാണ് ഷമ്മി തിലകൻ. സംഘടനാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനൊരുങ്ങുകയാണെന്ന് അറിയിച്ച ഷമ്മി ചിലതെല്ലാം തുറന്നു പറഞ്ഞിരുന്നു. തന്റെ നോമിനേഷനെ പിന്തുണയ്ക്കരുതെന്ന് പറഞ്ഞ് സഹതാരങ്ങളെ ചിലർ ഭീഷണിപ്പെടുത്തിയെന്ന് ഷമ്മി പറയുന്നു. ഫേസ്‌ബുക്കിലൂടെയാണ് ഷമ്മി തിലകൻ ഇക്കാര്യം വ്യക്തമാക്കി. അതേസമയം മത്സരിക്കാനുള്ള ഷമ്മിയുടെ തിരുമാനത്തെ നിരവധി ആരാധകരാണ് അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെയാണ് പത്രിക തള്ളിയത്.

ഷമ്മി തിലകന്റെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം-അമ്മയുടെ 'മക്കൾ' നമ്മൾ;'അച്ഛന്റെയും'പ്രിയമുള്ളവരെ, മനുഷ്യനിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്ന..; സമഭാവനയോടെ സഹജീവികളെ പരിഗണിക്കുന്ന..; തെറ്റ് ആരുചെയ്താലും ആ തെറ്റ് തെറ്റാണെന്നും..; ശരി ചെയ്താൽ ശരിയെന്നും അംഗീകരിക്കുന്ന..; ഇന്ത്യൻ ഭരണഘടനയിലും നിയമവ്യവസ്ഥയിലും പൂർണ്ണമായും വിശ്വസിച്ച് ജീവിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനാണ് ഞാൻ. താര സംഘടനയായ 'അമ്മ'യിൽ ഡിസംബർ 19-ന് നടക്കുന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഞാനും നോമിനേഷൻ നൽകി ഇന്ന്..!

മത്സരിക്കും എന്ന എന്റെ ഉറച്ച തീരുമാനം, പലരെയും അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് നേരിട്ട ചില അനുഭവങ്ങൾ വെളിവാക്കുന്നു..!ഒപ്പം, 'അദ്ഭുതങ്ങൾ' അദൃശ്യകരങ്ങളായി നമ്മെ സഹായിക്കുമെന്നും. ഷമ്മി തിലകന്റെ നോമിനേഷനിൽ പിന്തുണച്ച് ഒപ്പിടരുതെന്ന് അംഗങ്ങളായ പലരെയും വിളിച്ച് 'ചിലർ' ഭീഷണിപ്പെടുത്തിയെന്ന് പിന്തുണയ്ക്കായി ഞാൻ സമീപിച്ചപ്പോൾ എന്റെ സ്നേഹിതരായ ചില അംഗങ്ങൾ ദുഃഖത്തോടെ വെളിപ്പെടുത്തി.

ചില 'വേണ്ടപ്പെട്ടവർ' ഒന്നുംപറയാതെ നിസഹായരായി തലകുനിച്ചു മടങ്ങി. ചിലർ ഒഴിവുകഴിവുകൾ പറഞ്ഞു. കമ്പിളിപ്പുതപ്പ്...കമ്പിളിപ്പുതപ്പ്...' എന്നു പുലമ്പി ചിലർ.മറ്റുചിലർ ''ഷമ്മി, എന്നെ ഓർത്തല്ലോ'' എന്നും ഇക്കാര്യത്തിനുവേണ്ടി സമീപിച്ചതിലുള്ള നന്ദിയും ഒപ്പം സഹായിക്കാനാകാത്തതിലുള്ള ഖേദവും അറിയിച്ചു. എന്നാൽ..;എല്ലാ കുത്സിത ശ്രമങ്ങളും എന്നും വിജയിക്കുമെന്ന് ആരും കരുതരുത്. എനിക്ക് ഒപ്പ് കിട്ടി, സ്‌നേഹിതർ പിന്തുണ നൽകി , ഞാൻ നോമിനേഷൻ സമർപ്പിച്ചു.

'ജനാധിപത്യ ബോധം' എന്നത് ഏതു സംഘടനയുടെയും ഭാഗമാണ് എന്നു ഓർമ്മിപ്പിക്കാൻ മാത്രമാണ് ഞാൻ നോമിഷനേഷൻ സമർപ്പിക്കുന്നത്. ആരു 'തള്ളി'യാലും നട്ടെല്ലുള്ള, ജനാധിപത്യബോധമുള്ള അമ്മയിലെ അംഗങ്ങളും പൊതുജനങ്ങളും എന്നെ തള്ളില്ലെന്ന ഉത്തമബോധ്യം എനിക്കുണ്ട്..!ആരോടും പരിഭവമില്ല..! പിണക്കവുമില്ല.. ഒരു സംശയം മാത്രം..,മനുഷ്യനെ കണ്ടവരുണ്ടോ...?''ഇരുകാലി മൃഗമുണ്ട്..; ഇടയന്മാർ മെയ്‌ക്കാനുണ്ട്...;ഇടയ്ക്കു മാലാഖയുണ്ട്...; ചെകുത്താനുമുണ്ട്...!''മനുഷ്യനെ മാത്രമിന്നും,മരുന്നിനും കാണാനില്ല..'' മനുഷ്യനീ മണ്ണിലിന്നും പിറന്നിട്ടില്ലേ..?, ഷമ്മി ഫേസ്‌ബുക്കിൽ കുറിച്ചു. ഇതോടെയാണ് അമ്മയുടെ തെരഞ്ഞെടുപ്പ് ചർച്ച പൊതു സമൂഹത്തിലെത്തിയത്.