കൊച്ചി: കള്ളപ്പണക്കേസിൽ ഇഡിയുടെ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ തൽക്കാലം അമ്മ കൈവിടില്ല. ദിലീപിനും ബിനീഷിനും രണ്ടുനീതിയോ എന്ന ചോദ്യം ഉയർത്തി ഒരുവിഭാഗം അംഗങ്ങൾ കോടിയേരിയുടെ മകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിശദീകരണം തേടാനാണ് അമ്മ എക്‌സിക്യൂട്ടീവ് യോഗ തീരുമാനം. നിലവിലുള്ള കേസുകളുടെ സാഹചര്യത്തിൽ നടൻ കൂടിയായ ബിനീഷിനെ 'അമ്മ'യിൽനിന്നു പുറത്താക്കണമെന്ന് ആവശ്യമുയർന്നിരുന്നു. പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത എക്‌സിക്യുട്ടീവ് യോഗത്തിലാണ് ആവശ്യം ഉയർന്നത്.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയത് പോലെ ഇഡി കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേിയെയും സംഘടനയിൽ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യംഉയർന്നത്. സംഘടനയിലെ രണ്ടംഗങ്ങൾക്ക് രണ്ടുനീതി പാടില്ലെന്നും എക്സിക്യൂട്ടീവ് യോഗത്തിൽ അഭിപ്രായം ഉയർന്നു.

ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കൽ, ഇടവേള ബാബു അക്രമത്തിനിരയായ നടിക്കെതിരെ ടത്തിയ പരാമർശം, പാർവതിയുടെ രാജി, ഗണേശ് കുമാർ എംഎ‍ൽഎയുടെ പി.എയുമായി ബന്ധപ്പെട്ട വിഷയം എന്നിവയാണ് യോഗത്തിൽ ചർച്ചയായത്. പാർവതിയുടെ രാജി യോഗം അംഗീകരിച്ചു. ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് എക്സിക്യൂട്ടീവ് യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടുവെന്നാണ് സൂചന. എന്നാൽ, നടന്മാരും എംഎ‍ൽഎമാരായ കെ.ബി ഗണേശ്‌കുമാറും, മുകേഷും ഇതിനെ എതിർത്തുവെന്നും അറിയുന്നു.

.2009 മുതൽ ബിനീഷ് കോടിയേരിക്ക് 'അമ്മ'യിൽ അംഗത്വമുണ്ട്. ആജീവനാന്ത അംഗത്വമാണ് ഉള്ളത്. 'അമ്മ'യുടെ നിയമാവലി അനുസരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അംഗങ്ങളെ പുറത്താക്കാൻ അനുവാദമുള്ളത്. ഞായറാഴ്ച സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗവും ചേരുന്നുണ്ട്. ജനറൽ ബോഡി യോഗത്തിലേക്കുള്ള അജണ്ട എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിക്കും