ലണ്ടന്‍: ആധുനിക വൈദ്യ ലോകത്തെ ഏറെ അമ്പരിപ്പിക്കുന്ന, എന്നാല്‍, അതിലധികം ആശങ്കയുയര്‍ത്തുന്ന ഒരു സാഹചര്യമാണ് ഉയര്‍ന്ന് വരുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 50 വയസ്സില്‍ താഴെയുള്ളവരില്‍ കൂടുതലായി കാന്‍സര്‍ ബാധ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 30 വര്‍ഷക്കാലത്തിനിടയില്‍ ആഗോളതലത്തില്‍ ക്യാന്‍സര്‍ കണ്ടെത്തുന്ന 50 വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം 80 ശതമാനം വര്‍ദ്ധിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യു കെയിലെ നിരക്ക് 25 ശതമാനവും. 2023 ലെ ഇന്റര്‍നാഷണല്‍ അനലിസിസ് ആണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്.

ഇതിനുള്ള കാരണം കൃത്യമായി എന്താണെന്ന് മനസ്സിലാക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും, യു കെയിലെ കാന്‍സര്‍ വിദഗ്ധര്‍ അവരുടെ സംശയങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഓങ്കോളജിസ്റ്റും, കാന്‍സര്‍ റിസര്‍ച്ച് യു കെയിലെ ചീഫ് ക്ലിനിഷ്യനുമായ പ്രൊഫസൃ ചാള്‍സ് സ്വാന്റണ്‍ പറയുന്നത് ആശങ്കപ്പെടുത്തുന്ന രീതിയിലുള്ള കാന്‍സറിന്റെ വ്യാപനവും, ബ്രിട്ടീഷുകാരുടെ, ജങ്ക് ഫുഡ്, അമിതമായി സംസ്‌ക്കരിച്ച ഭക്ഷണം എന്നിവയോട് വളര്‍ന്ന് വരുന്ന പ്രീതിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് എന്നാണ്.

കഴിഞ്ഞ വര്‍ഷം നടന്ന അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയുടെ സെമിനാറില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞത്, നാരുകള്‍ ഉള്ള ഭക്ഷണം കുറവ് കഴിക്കുകയും, പഞ്ചസാര അമിതമായി കഴിക്കുകയും ചെയ്യുന്നവരുടെ അന്നനാളത്തില്‍ കണ്ടു വരുന്ന ഒരുതരം ബാക്ടീരിയ ബോവല്‍ കാന്‍സറിന് കാരണമായേക്കും എന്നതിനുള്ള ചില പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ്. കാന്‍സര്‍ ബാധയുള്ള ചെറുപ്പക്കാര്‍, ജീവിതശൈലിയുമായി ബന്ധപ്പെട്ട, പ്രധാനമായും മോശമായ ഭക്ഷണക്രമം മൂലമുണ്ടാകുന്ന ഉയര്‍ന്ന കൊളസ്റ്ററോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവയ്ക്ക് ഇരയാണെന്ന് നാഷ്വില്‍ വാണ്ഡര്‍ബില്‍റ്റ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ കാന്‍സര്‍ വിദഗ്ധ ഡോ, കാത്തി എംഗും പറയുന്നു.

അധികമായി സംസ്‌കരിക്കാത്ത ഭക്ഷണങ്ങള്‍, സാച്ചുറേറ്റഡ് ഫാറ്റ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കുറവായി കഴിക്കണമെന്നാണ് തങ്ങള്‍ ആളുകളെ ഉപദേശിക്കുന്നതെന്ന് ന്യൂട്രീഷ്യനിസ്റ്റും, വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഫണ്ടിലെ ഹെല്‍ത്ത് എന്‍ഫര്‍മേഷന്‍ ആന്‍ഡ് പ്രൊമോഷന്‍ മാനേജറുമായ മാത്യു ലംബാര്‍ട്ട് പറയുന്നു. കേക്ക്, ബിസ്‌കറ്റ്, പേസ്ട്രികള്‍, ക്രിപ്സ്, ഷുഗര്‍ -സ്വീറ്റന്‍ഡ് ഡ്രിങ്ക്സ്, പിസ, ബര്‍ഗര്‍ പോലുള്ള ഫാസ്റ്റ് ഫുഡുകള്‍ എന്നിവയൊക്കെ ഇത്തരത്തിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ നാരിന്റെ സാന്നിദ്ധ്യം തീരെയില്ല എന്ന് മാത്രമല്ല, അത്യാവശ്യമായ പോഷണങ്ങളും അതിലില്ല. വല്ലപ്പോഴും, ചെറിയ അളവില്‍ മാത്രം ഇവ കഴിക്കുക എന്നും അദ്ദേഹം പറയുന്നു.

ഹാം അല്ലെങ്കില്‍ ബീക്കണ്‍ പോലുള്ള സംസ്‌കരിച്ച മീറ്റ് എല്ലാ ദിവസവും കഴിങ്ക്കുന്നത് കാന്‍സറിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പ്രൊഫസര്‍ സ്വാന്റണ്‍ പറയുന്നു. ഇത് ദിവസേന കഴിക്കുന്നവരില്‍, ആഴ്ചയില്‍ ഒരിക്കല്‍ മാത്രം കഴിക്കുന്നവരിലേതിനേക്കാള്‍ 40 ശതമാനം അധികമാണ് ബോവല്‍ കാന്‍സര്‍ വരുന്നതിനുള്ള സാധ്യത എന്നാണ് അദ്ദേഹം നടത്തിയ ഒരു പഠനത്തില്‍ വെളിപ്പെട്ടത്. ഇത്തരം ഭക്ഷണ പദര്‍ത്ഥങ്ങളിലെ നൈട്രേറ്റ് ആണ് ഇവിടെ വില്ലന്‍ എന്നാണ് കരുതപ്പെടുന്നത്.