മീ ടു! ഇന്ന് ആ വാക്കുകേട്ടാല്‍ തന്നെ മലയാള സിനിമയിലെ ഉന്നതര്‍ ഞെട്ടുന്ന അവസ്ഥാണ്. എന്നാല്‍ കുറച്ചുവര്‍ഷം മുമ്പുവരെയും അതായിരുന്നില്ല അവസ്ഥ. ഒരു മീ ടുവൊക്കെ വരാത്ത ആരെങ്കിലുമൊക്കെയുണ്ടോയെന്ന് ചോദിച്ച് തമാശിച്ചവരില്‍ പലരുമാണ്, ഇന്ന് ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ള വെളിപ്പെടുത്തലുകളില്‍പെട്ട്, ജാമ്യമെടുക്കാനായി കോടതികളില്‍ നെട്ടോട്ടമോടുന്നത്. ഒരുകാലത്ത് സ്ത്രീ ഇരയായിരുന്നെങ്കില്‍, മീ ടു എന്ന ഒരു മൂവ്മെന്റിന്റെപേരില്‍ അവള്‍ ആരും ഭയക്കുന്നവളായി മാറിയിരിക്കുന്നു. ദ ഗാര്‍ഡിയന്‍ എഴുതിയതുപോലെ, കഴിഞ്ഞ ഒരു നൂറ്റാണ്ടിലുള്ളില്‍ ലോകത്തിലെ സ്ത്രീ സമൂഹം കണ്ട ഏറ്റവും പ്രതിരോധ പ്രസ്ഥാനമായി മീ ടു മാറിക്കഴിഞ്ഞിരിക്കുന്നു. ഭരണകൂടങ്ങളെപ്പോലെും വീഴ്ത്താന്‍ കഴിവുള്ള രീതിയില്‍, അത് ആഗോളവ്യാപകമായി ഒരു സമാന്തര പ്രസ്ഥാനായി മാറിക്കഴിഞ്ഞിരിക്കുന്നു.

ആളുകള്‍ അവരുടെ ജോലിസ്ഥലത്ത്, ഏതെങ്കിലും തരത്തിലുള്ള ചൂഷണമോ, ലൈംഗികാതിക്രമമോ നേരിടുകയാണെങ്കില്‍ അതിനെ കുറിച്ച് തുറന്നു പറച്ചില്‍ നടത്താനുള്ള ഒരു ഇടം നല്‍കുകയായിരുന്നു മീ ടൂ മൂവ്മെന്റിന്റെ ഉദ്ദേശം. അത്തരത്തില്‍ ഒരു സ്പേസ്, അതിക്രമങ്ങള്‍ക്കു ഇരയാവുന്നവര്‍ക്കു നല്‍കുന്ന ധൈര്യം ചെറുതല്ല. താന്‍ നേരിട്ട ഒരു ദുരനുഭവത്തെ കുറിച്ചുള്ള തുറന്ന് പറയുക എന്നത് ഒട്ടും എളുപ്പമല്ല. എന്തുകൊണ്ട് അതിജീവിത അപ്പോള്‍ പ്രതികരിച്ചില്ല, എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല എന്നീ പതിവ് ചോദ്യങ്ങള്‍ ചോദിച്ച് ഈ തുറന്നു പറച്ചില്‍ നടത്തിയവരെ കുറ്റപ്പെടുത്തലാണ് പൊതുസ്വഭാവം. പക്ഷേ അത് ആഗോളവ്യാപകമായി ഒരു കാമ്പയിനായി അലയടിച്ചപ്പോള്‍ അത് ഒരു കൊടുങ്കാറ്റായി മാറി. തുറന്നുപറയാന്‍ ഇരകള്‍ക്ക് ധൈര്യം വന്നു. ആ മഹാകാമ്പയിനിന്റെ അലയൊലികളാണ് ഇപ്പോള്‍ കേരളത്തിലും കാണുന്നത്.

ഹോളിവുഡില്‍ തുടങ്ങിയ കൊടുങ്കാറ്റ്

2006 മുതല്‍ ഈ കാമ്പയിന്‍ രംഗത്തുണ്ട്. മനുഷ്യാവകാശപ്രവര്‍ത്തകയും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയും, അതിജീവിതയുമായ തരാന ബുര്‍ക്കയാണ് ഈ ടാഗ് അവതരിപ്പിച്ചത്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന ആഫിക്കന്‍ വംശജരായ സ്ത്രീകളെ പിന്തുണയ്ക്കാനായിരുന്നു ഇത്. 2006 -ല്‍ സമൂഹ മാധ്യമമായ മൈ സ്പേസിലൂടെയാണ് മീ ടു കാമ്പയിന് തുടക്കം കുറിച്ചത്. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ബര്‍ക്കിനെക്കുറിച്ച് 'ലീഡിംഗ് വിത്ത് എംപതി: തരാന ബര്‍ക്ക് ആന്‍ഡ് ദ മേക്കിംഗ് ഓഫ് മീ ടൂ മൂവ്മെന്റ്' എന്ന ഒരു പഠനം തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

പക്ഷേ,ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനെതിരായ ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മീ ടൂ കാമ്പയില്‍ ലോകം മുഴുവന്‍ കത്തിപ്പടര്‍ന്നത്. 2017 ഒക്ടോബര്‍ 15 നാണ് അമേരിക്കന്‍ നടിയായ അലീസ്സ മിലാനോ തന്റെ ട്വിറ്ററില്‍ ഇങ്ങനെയൊരു കുറിപ്പ് പോസ്റ്റു ചെയ്തു. 'ലൈംഗികപീഡനങ്ങള്‍ക്കോ അതിക്രമത്തിനോ ഇരയായ സ്ത്രീകള്‍ മീ ടു എന്ന സ്റ്റാറ്റസ് ഇടുക. ഇതിലൂടെ ഈ പ്രശ്‌നത്തിന്റെ വ്യാപ്തി എത്രവലുതാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനാവും.'- ഇതിന്‍െ റിസള്‍ട്ട് കണ്ട് അലീസ്സതന്നെ അമ്പരുന്നു. ഇരുപത്തിനാലുമണിക്കൂറിനുള്ളില്‍ 4.5 ദശലക്ഷം ആളുകളാണ് മീ ടൂ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച്് പോസ്റ്റുകളിട്ടത്! ഒരു സുഹൃത്തില്‍ നിന്നാണ് അവര്‍ക്ക് തനിക്ക് ആശയം ലഭിച്ചത് എന്ന് അവര്‍ പിന്നീട് പറഞ്ഞു.അമേരിക്കന്‍ സെലിബ്രിറ്റികളായ ഗ്വിനെത്ത് പാല്‍ട്രോ, ആഷ്‌ലി ജൂഡ്, ഉമ തുര്‍മാന്‍ തുടങ്ങിയവരുടെ പ്രൊഫൈല്‍ പോസ്റ്റുകളും പ്രതികരണങ്ങളും താമസിയാതെ വന്നു. മീ ടൂ എന്ന ടാഗ് അതോടെ തരംഗമായി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലേക്കും പീഡനങ്ങളിലേക്കും വിരല്‍ചൂണ്ടി 86 ലധികം രാജ്യങ്ങളിലെ സ്ത്രീകള്‍ ഇന്ന് മീ ടൂ ഹാഷ് ടാഗ് ഉപയോഗിക്കുന്നുണ്ട്.

അലീസയുടെ ട്വീറ്റിന് പിന്നാലെ ഹോളിവുഡിലെ മുന്‍നിര നടിമാരടക്കം ധാരാളം സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളെപ്പറ്റി തുറന്നുപറയാന്‍ തയ്യാറായി. ആഞ്ജലീന ജോളി, ലുപിത ന്യോന്‍ഗോ, ടെയ്‌ലര്‍ സ്വിഫ്റ്റ്, സല്‍മാ ഹയക് തുടങ്ങീ എണ്‍പതിലധികം സ്ത്രീകള്‍ ഹാര്‍വി വെയിന്‍സ്റ്റീനെതിരെ പരാതിയുമായി രംഗത്തെത്തി. പള്‍പ്പ് ഫിക്ഷന്‍, ഷേക്‌സ്പിയര്‍ ഇന്‍ ലവ് എന്നീ സിനിമകള്‍ പ്രൊഡ്യൂസ് ചെയ്ത പ്രശസ്ത പ്രൊഡക്ഷന്‍ കമ്പനി ആയ മിറാമാക്ക്സിന്റെ കോ ഫൗണ്ടറായിരന്നു ഹാര്‍വി വൈന്‍സ്റ്റീന്‍.
എട്ട് മാസം നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ വെയിസ്റ്റീന്‍ പോലീസില്‍ കീഴടങ്ങി.

മീ ടു സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശരിക്കും ലോകത്തിന്റെ കണ്ണ് തുറപ്പിച്ചു. ഇതിന്റെ ഭാഗമായി, ഐബിസി ന്യൂസും ദി വാഷിംഗ്ടണ്‍ പോസ്റ്റും 2017-ല്‍ നടത്തിയ ഒരു സര്‍വേ ഫലം ഞെട്ടിക്കുന്നതായിരുന്നു. 54 ശതമാനം അമേരിക്കന്‍ സ്ത്രീകളും ചെറുതോ വലുതോ ആയ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാവുന്നതായാണ് ആ റിപ്പോര്‍ട്ട്. 95 ശതമാനം പേരും അത്തരം പെരുമാറ്റം സാധാരണയായി ശിക്ഷിക്കപ്പെടില്ലെന്ന് കരുതുന്നു. പക്ഷേ ആ ധാരണ തിരുത്താല്‍ മീ ടുവിനായി. ലോകത്തെ പല വമ്പന്‍മ്മാരും മീടുവില്‍ കുടുങ്ങി വീണു.

ആദ്യ വിക്കറ്റ് നാനാപടേക്കറിന്റെത്

വൈകാതെ തന്നെ മീ ടു മൂവ്മെന്റ് ഇന്ത്യയിലുമെത്തി. 2017 നവംബറിലായിരുന്നു ഇന്ത്യയിലെ ആദ്യ മീ ടൂ ഉണ്ടായത്. അമേരിക്കന്‍ അഭിഭാഷകയായ റയാ സര്‍ക്കാര്‍ ഇന്ത്യയിലെ അക്കാദമിക മേഖലയിലെ എഴുപതോളം ആളുകളുടെ പേരുകള്‍ വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പലരും രംഗത്ത് വന്നു. അതുകൊണ്ടുതന്നെ അത് അത്രവലിയ ചലനം സൃഷ്ടിച്ചില്ല.

ഇന്ത്യന്‍ സ്ത്രീകളില്‍ മീ ടൂ മൂവ്മെന്റ് ഒരു ചലനം സൃഷ്ടിക്കുന്നത് തനുശ്രീ ദത്ത, നടന്‍ നാനാ പട്നേക്കറിനെതിരെ ശബ്ദം ഉയര്‍ത്തിയപ്പോഴായിരുന്നു. 2008- ല്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ ലൈംഗികാത്രിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു തനുശ്രീയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ സിനിമാ, രാഷ്ട്രീയ, സാമൂഹിക മേഖലയിലുള്ളവരെല്ലാം നാനാ പടേക്കറിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. തെളിവുകളുടെ അഭാവത്തില്‍ മുംബൈ പോലീസ് ഈ കേസ് തള്ളുകയും ചെയ്തു. പക്ഷേ സ്ത്രീകള്‍ക്ക് ധൈര്യമായി പരാതി പറയാം എന്ന ധാരണ ഈ സംഭവം ഉണ്ടാക്കി. നിയമപരമായി രക്ഷപ്പെട്ടെങ്കിലും, ആ മീ ടു ഉണ്ടാക്കിയ സാമൂഹികവും ധാര്‍മ്മികവുമായ പ്രശ്നങ്ങളില്‍നിന്ന് നാനാപടേക്കര്‍ ഇപ്പോഴും മുക്തനായില്ല.

തുടര്‍ന്നങ്ങോട്ട് നിരവധി മീ ടുകള്‍ ഇന്ത്യന്‍ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായി. സിനിമാരംഗത്തെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും രാധിക ആപ്‌തെ, സ്വര ഭാസ്‌കര്‍ എന്നിവര്‍ ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഉയര്‍ത്തിയെങ്കിലും അവരെ പിന്തുണച്ചവര്‍ വളരെകുറവായിരുന്നു. താനൊരിക്കല്‍ ഒരു സംവിധായകനില്‍നിന്ന് മോശമായ അനുഭവം നേരിട്ടെന്നും എന്നാലത് മോശം പെരുമാറ്റമായിരുന്നുവെന്ന് തിരിച്ചറിയാന്‍ ആറ് വര്‍ഷത്തിലധകമെടുത്തെന്നുമായിരുന്നു സ്വരയുടെ തുറന്നു പറച്ചില്‍.

സ്വരയ്ക്കു പിന്നാലെ വെളിപ്പെടുത്തലുകള്‍ നടത്തിയത് രാധിക ആപ്‌തേയായിരുന്നു. പവര്‍ ഗെയിം എന്ന വാക്കാണ് അന്ന് രാധിക ബോളിവുഡിലെ വമ്പന്‍മാരെ പറ്റി പരാമര്‍ശിക്കാന്‍ ഉപയോഗിച്ചത്. ' ഒരിക്കല്‍ ഷൂട്ട് കഴിഞ്ഞ് തളര്‍ന്ന് വരുമ്പോള്‍ ലിഫ്റ്റില്‍ വെച്ച് ഒരാള്‍ എന്നോട് മോശമായി സംസാരിക്കുകയായിരുന്നു. അയാള്‍ ആ സിനിമയുമായി ബന്ധമുള്ളയാളാണ്. രാത്രിയില്‍ എപ്പോള്‍ വിളിച്ചാലും വരാമെന്നും പുറം മസാജ് ചെയ്ത് തരാമെന്നുമാണ് അയാള്‍ എന്നോട് പറഞ്ഞത്. പിറ്റേന്ന് ആ സിനിമയിലെ നിര്‍മാതാക്കളോട് ഞാന്‍ ഇതേപ്പറ്റിപ്പറഞ്ഞു. അയാളോട് വിശദീകരണം ചോദിച്ചപ്പോള്‍ ആ പെരുമാറ്റത്തില്‍ തെറ്റൊന്നുമില്ല എന്ന ഭാവമായിരുന്നു അയാളുടേത്. നിങ്ങള്‍ക്ക് ബുദ്ധിമുട്ടായതില്‍ ക്ഷമ ചോദിക്കുന്നു എന്നാണ് അയാള്‍ പറഞ്ഞത്.' സ്ത്രീകളോട് ഇത്തരത്തില്‍ സംസാരിക്കുന്നതോ പെരുമാറുന്നതോ തെറ്റാണന്ന് അവര്‍ക്ക് തോന്നുന്നില്ല എന്നതാണ് പ്രശ്‌നമെന്നും രാധിക പറഞ്ഞു.

2018- ല്‍ ഫാന്റം ഫിലിംസില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ഒരു സ്ത്രീ സംവിധായകനായ വികാസ് ബാലിനെതിരെ മീ ടൂ ആരോപണം ഉയര്‍ത്തി. ശേഷം നടി കങ്കണ റണാവത്തും സമാനമായ അനുഭവങ്ങള്‍ ഉണ്ടായി എന്ന് വെളിപ്പെടുത്തുക ഉണ്ടായി. ഫാന്റം ഫിലിംസ് പിരിച്ചുവിടുന്നതിനും അത് കാരണമായി. 2018- ല്‍ തന്നെ സാജിദ് ഖാനെതിരെ സലോനി ചോപ്ര ലൈംഗികാതിക്രമ ആരോപണം ഉയര്‍ത്തിയ സാഹചര്യത്തില്‍, ഹൗസ് ഫുള്‍ 4 ന്റെ സംവിധായക സ്ഥാനത്തു നിന്ന് തന്നെ സാജിദ് ഖാന് പിന്മാറേണ്ടി വന്നു.

ബിഗ് ബിയും പെടുന്നു, പക്ഷേ…

ഇന്ത്യന്‍ സിനിമയെ ഏറെ ഞെട്ടിച്ച വെളിപ്പെടുത്തലുകളിലൊന്ന് നടത്തിയത് സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റായ സപ്ന ഭവാനിയായിരുന്നു, നടന്‍ അമിതാഭ് ബച്ചനെതിരെയായിരുന്നു അത്. ബച്ചന്‍ മീ ടൂ മൂവ്‌മെന്റിനെ പിന്തുണച്ചുകൊണ്ട് പോസ്റ്റു ചെയ്ത ട്വീറ്റ് ഷെയര്‍ ചെയ്തകൊണ്ടാണ് സപ്ന ഭവാനി തന്റെ ആരോപണമുന്നയിച്ചത്. ' ഇത് വലിയൊരു നുണയാണ്. ബച്ചനില്‍ നിന്ന് മോശമായ പെരുമാറ്റം അനുഭവിക്കേണ്ടി വന്ന ധാരാളം സ്ത്രീകളെ എനിക്ക് വ്യക്തിപരമായി അറിയാം. അവരാരെങ്കിലും തുറന്ന് പറയാന്‍ തയ്യാറാകുമെന്ന് ഞാന്‍ കരുതുന്നു. 'സപ്ന ട്വിറ്ററില്‍ കുറിച്ചു. പക്ഷേ ബച്ചനെതിരെ ആരും ആരോപണവുമായി എത്തിയില്ല.

നടിയും ലോക്‌സഭാഗവുമായ കങ്കണ റാണ്ണൗത്ത് മീ ടൂ തുറന്നു പറച്ചിലില്‍ പങ്കുവച്ചത് സിനിമാ മേഖലയിലെ അനീതികളെപ്പറ്റിയാണ്. 'തെറ്റായ സമയം നല്‍കി ഷൂട്ടിന് ആറ് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അതുപോലെ ഷൂട്ടിങ് തീയതികള്‍ തെറ്റായി നല്‍കിയവരുണ്ട്. എന്നോട് പറയാതെ എന്റെ ശബ്ദം മറ്റ് ആളുകളെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടുവരെയുണ്ട്. നായകന്‍മാര്‍ക്ക് വേണ്ടി അവസാനനിമിഷം ഷെഡ്യൂളുകള്‍ മാറിമറിഞ്ഞിട്ടുണ്ട്.' ക്വീന്‍ സിനിമയുടെ സംവിധായകന്‍ വികാസ് ബാലിനെതിരായ മറ്റൊരു നടിയുടെ മീ ടൂ വെളിപ്പെടുത്തലിന് കങ്കണ പിന്തുണയും പ്രഖ്യപിച്ചിരുന്നു. സ്ത്രീകള്‍ക്ക് സിനിമാ സെറ്റുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമങ്ങള്‍ വേണമെന്നും അവര്‍ തുറന്നു പറഞ്ഞു. എന്നാല്‍ വികാസ് ബാലിന്റെ മുന്‍ഭാര്യ കങ്കണ മീടൂ മൂവ്‌മെന്റിനെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് രംഗത്തെത്തിയതോടെ സംഭവം വിവാദമായി

ഗായകന്‍ കൈലാഷ് ഖേറിനെതിരെ ഗായിക സോനാ മഹപത്ര നടത്തിയ മീ ടൂ ആരോപണവും ബോളിവുഡിനെ പിടിച്ചുലച്ചിരുന്നു. ബോളിവുഡ് നിര്‍മാതാവായ കരീം മൊറാനിക്കെതിരെ യുവതിയുടെ പരാതിയില്‍ ലൈംഗികഅതിക്രമത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഷാരൂഖ് ഖാന്‍ നായകനായ ചെന്നൈ എക്‌സ്പ്രസ്, റാ വണ്‍, ഹാപ്പി ന്യൂ ഇയര്‍ എന്നീ ചിത്രങ്ങളുടെയൊക്കെ നിര്‍മാതാവാണ് കരീം മൊറാനി. മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. ബിര്‍ജ് മഹാരാജിനെതിരെയുണ്ടായി ആരോപണങ്ങള്‍. സംഗീത സംവിധായകനും ഗായകനുമായ അനുമാലിക്ക്, നടന്‍ അലോക് നാഥ് തുടങ്ങിയ പ്രമുഖര്‍ ആരോപണ വിധേയരായി.

വൈര മുത്തുമുതല്‍ വിശാല്‍ വരെ

ഹിന്ദി സിനിമയെ മാത്രമല്ല, തമിഴകത്തെയും മീ ടു വിറപ്പിച്ചിരുന്നു. ആദ്യ വെളിപ്പെടുത്തല്‍ കവിയും ഗാനരചയിയാവുമായ വൈരമുത്തുവിനെതിരെ ആയിരുന്നു. 2018-ലാണ് വൈരമുത്തുവിനെതിരെ ഗായിക ചിന്മയി ശ്രീപദ മീ ടൂ ആരോപണം ഉന്നയിച്ചത്. 2005-ല്‍ വീഴമറ്റം എന്ന സംഗീതപരിപാടിക്കായി സ്വിറ്റ്‌സര്‍ലണ്ടിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു ഗായികയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം കള്ളമാണെന്നായിരുന്നു വൈരമുത്തുവിന്റെ മറുപടി. വൈരമുത്തുവിനെതിരെയുള്ള ആരോപണത്തെ തുടര്‍ന്ന് സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ്‌സ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കുകയുംചെയ്തു.

പക്ഷേ പിന്നീട് വേറെയും ചിലര്‍ വൈരമുത്തിവിനെതിരെ ആരോപണം ഉയര്‍ത്തിരുന്നു. നടന്‍ രാധാ രവിക്കെതിരെയും മീ ടൂ ആരോപണമുയര്‍ന്നു. പേരുവെളിപ്പെടുത്താത്ത ഒരു സ്ത്രീയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിനൊപ്പം മറ്റൊരുസ്ത്രീ ഗായകന്‍, നടന്‍ കാര്‍ത്തിക്കിനെതിരെയും മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയതായി ചിന്മയി ശ്രീ പദ പറഞ്ഞിരുന്നു. പക്ഷേ വൈരമുത്തുവിനെതിരെയും, രാധാരവിക്കെതിരെയും ഒന്നും ഒരു നടപടിയും ഉണ്ടായില്ല. പരാതി പറഞ്ഞവര്‍ ഫീല്‍ഡ് ഔട്ടായി എന്നുമാത്രം. നടന്‍ അര്‍ജുന്‍ സര്‍ജയ്‌ക്കെതിരെ കന്നട നടി ശ്രുതി ഹരിഹരന്‍ നടത്തിയ മീ ടൂ വെളിപ്പെടുത്തലും ഞെട്ടിച്ചു. അതുവരെ തീര്‍ത്തും ജെന്റില്‍മാന്‍ ഇമേജായിരുന്നു അര്‍ജുന്.

ഇപ്പോള്‍ ഹേമാകമ്മറ്റി റിപ്പോര്‍ട്ടിന്റെ പ്രകമ്പനങ്ങള്‍ തമിഴ്‌നാട്ടിലേക്കു കടക്കയാണ്. അതുപോലെ ഒന്നും ഇവിടെ നടക്കുന്നില്ലെന്ന് പറഞ്ഞ പ്രമുഖ നടന്‍മ്മാര്‍ തടിയൂരാന്‍ ശ്രമം നടത്തിയെങ്കിലും, ഹേമ കമ്മറ്റിപോലെ ഒരു സമിതി തമിഴ്‌നാട്ടിലും വേണമെന്ന അഭിപ്രായത്തിലാണ് ബിജെപി നേതാവ് കൂടിയായ നടി ഖുഷ്ബു അടക്കമുള്ളവര്‍. തമിഴകത്തെ പ്രമുഖ നടിയായ രാധികാ ശരത്കുമാര്‍ മലയാള സിനിമയില്‍ താന്‍ കണ്ട ചിലകാര്യങ്ങള്‍ വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. രാധികയുടെ അഭിപ്രായം തമിഴ് മാധ്യമങ്ങളും ഏറ്റുപിടിച്ചു. അതോടെയാണ് ടോളിവുഡിലും ഇത്തരം ഒരു കമ്മറ്റിവേണമെന്ന അഭിപ്രായം ശക്തമായത്.

എന്നാല്‍ പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ഇതിനിടയില്‍ ഉണ്ടായി. ഹേമ കമ്മിറ്റിയെ അനുകൂലിച്ച് നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ രംഗത്ത് എത്തിയിരുന്നു. തമിഴകത്തും ഇത്തരം സമിതി ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത് പറഞ്ഞതിന്റെ പിറ്റേദിവസം തന്നെ മീ ടുവന്നത് അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കയാണ്. നേരത്തെ, വിശാലിനെതിരെ നേരത്തെ മീ ടൂ ആരോപണം ഉന്നയിച്ച നടി ശ്രീ റെഡ്ഡിയാണ് വീണ്ടും രംഗത്ത് എത്തിയത്. പക്ഷേ അന്ന് അത് വലിയ ചര്‍ച്ചയായിരുന്നില്ല. "സ്ത്രീലമ്പടനായ മുടി നരച്ച അങ്കിളേ, സ്ത്രീകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ മാധ്യമങ്ങളുടെ മുന്നില്‍ നിങ്ങളുടെ നാക്ക് സൂക്ഷിക്കണമെന്ന് ഞാന്‍ കരുതുന്നു. നീ സ്ത്രീകളെക്കുറിച്ച് പറയാന്‍ ഉപയോഗിക്കുന്ന വൃത്തികെട്ട ഭാഷ, നല്ല ആളുകള്‍ക്ക് നിങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാക്കുന്നത് എന്നിവയെല്ലാം എല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ എക്കാലവും ഫ്രോഡാണ്. ലോകത്തിന് നീ എത്ര വലിയ ഫ്രോഡാണെന്ന് അറിയാം."- ശ്രീ റെഡ്ഡി പറഞ്ഞു. വിശാല്‍ തന്നെയുള്‍പ്പെടെ നിരവധി സ്ത്രീകളെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് നേരത്ത ശ്രീ റെഡ്ഡി ആരോപിച്ചത്. അവസരത്തിന് വേണ്ടി നിരവധി സ്ത്രീകള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നെന്നും വിശാല്‍ മോശം വ്യക്തിയാണെന്നുമാണ് ശ്രീ റെഡ്ഡി ആരോപണങ്ങള്‍.

എന്നാല്‍ രജനീകാന്ത് അടക്കമുള്ള സൂപ്പര്‍ സ്റ്റാറുകള്‍ ഹേമാ കമ്മറ്റിപോലെ ഒന്ന് തമിഴകത്തും വേണോ എന്ന ചോദ്യത്തിന് ഒന്നുമറിയില്ല എന്ന നിലപാടാണ് എടുത്തത്. കമലഹാസനും ഇതുസംബന്ധിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. നേരത്തെ കമലിന്റെ പല ചിത്രങ്ങളിലും നടികളെ ഉപയോഗിക്കാനായി റീ ടേക്കുകള്‍ നടന്നു എന്നത് അടക്കം ആരോപണം ഉയര്‍ന്നിരുന്നു. പക്ഷേ ആരും പരാതി പറയാന്‍ തയ്യാറായിട്ടില്ല. മലയാളത്തിലെതുപോലെ സംഘടിതമായ രീതിയില്‍ അല്ലെങ്കിലും തമിഴിലും ലൈംഗിക അതിക്രമങ്ങളും, കാസ്റ്റിച്ച് കൗച്ചും ഉണ്ടെന്ന പരാതി നേരത്തെയുണ്ട്. നടമ്മാരായ വടിവേലൂ, മന്‍സൂര്‍ അലിഖാന്‍ തുടങ്ങിയവരൊക്കെ ഇക്കാര്യത്തില്‍ ആരോപണ വിധേയരായിട്ടുമുണ്ട്.

അടൂര്‍ഭാസി മുതല്‍ മുകേഷ് വരെ

മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ മീ ടൂ മൂവ്മെന്റ് എന്ന ടാഗില്‍ അല്ലെങ്കിലും ഇത്തരം ഒരു ശക്തമായ തുറന്നു പറച്ചില്‍ നടത്തിയത് നടി കെ പി എ സി ലളിതയാണ്. അടൂര്‍ ഭാസി തന്നെ ഒരുപാട് വേദനിപ്പിച്ചിരുന്നെന്നും, അദ്ദേഹത്തിന്റെ ലൈംഗിക താല്‍പ്പര്യത്തിന് വഴങ്ങാത്തതുകൊണ്ട് മാത്രം ഒരുപാട് സിനിമകളില്‍ നിന്ന് തന്നെ ഒഴിവാക്കിയിരുന്നു എന്നും അവര്‍ തന്റ ആത്മകഥയില്‍ എഴുതിയിരുന്നു. മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിച്ച 'കഥ തുടരും' എന്ന തന്റെ ആത്മകഥയില്‍ നടി കെ.പി.എ.സി ലളിത, തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കക്കാലത്ത് നേരിട്ട ദുരനുഭവങ്ങള്‍ കൃത്യമായി എഴുതിയിട്ടുണ്ട്.

നടി വിജയശ്രീയുടെ ആത്മഹത്യക്ക് കാരണമായ പല പ്രശ്നങ്ങളും നേരത്തെ തന്നെ മലയാള സിനമയില്‍ ചര്‍ച്ചയായിരുന്നു. പൊന്നാപുരം കോട്ട എന്ന ചിത്രവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണ് ഇവരുടെ മരണത്തിനു പിന്നിലെന്ന ആരോപണം അക്കാലങ്ങളില്‍ ഉയര്‍ന്നിരുന്നു. ചിത്രത്തില്‍ ഒരു പാട്ട് സീനില്‍ നായികയുടെ നീരാട്ട് ചിത്രീകരിച്ചിരുന്നു.പുഴയില്‍ നീരാട്ട് ചിത്രീകരിക്കുന്ന വേളയില്‍ അവിചാരിതമായി അവരുടെ വസ്ത്രം അഴിഞ്ഞുവീണ വേളയില്‍ വിജയശ്രീ അറിയാതെ സൂം ലെന്‍സ് ഉപയോഗിച്ച് അവരുടെ നഗ്നത ചിത്രീകരിക്കുകയും ആ വീഡിയോ ക്ലിപ്പുകള്‍ നിരന്തരം അവരെ ബ്ലാക്മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരുന്നു എന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതല്ല മറ്റു ചില കാരണങ്ങളും നാട്ടുകാരുടെ ഇടയില്‍ അക്കാലത്തു പരന്നിരുന്നു.

ഇന്ന് ഹേമാകമ്മറ്റി റിപ്പോര്‍ട്ടുപോലെ കോളിളക്കം സൃഷ്ടിച്ചതായിരുന്ന, നടിയും ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റ്മായി, മലയാള സിനിമയില്‍ അരനൂറ്റാണ്ട് പിന്നിട്ട, കോട്ടയം ശാന്ത, സിനിമ മംഗളത്തില്‍ എഴുതിയ അഗ്നിപഥങ്ങളിലൂടെ എന്ന ആത്മകഥയും.പക്ഷേ അഗ്നിപഥങ്ങളിലുടെ എന്ന ആത്മകഥയില്‍ അവര്‍ പറഞ്ഞത്, താന്‍ കടന്നുപോയ പീഡനങ്ങളായിരുന്നു. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ വന്നതോടെ, സിനിമ മംഗളം വാരികയുടെ സര്‍ക്കുലേഷന്‍ ഒരു ലക്ഷം കടന്നുരുന്നു. താര സംഘടനയായ അമ്മ കോട്ടയം ശാന്തയോട ആത്മകഥനിര്‍ത്താന്‍ പറഞ്ഞിട്ട് അനുസരിച്ചില്ല എന്നും കേട്ടിരുന്നു. തന്റെ സിനിമ ജീവിതത്തിനിടയില്‍ നേരിട്ട് അറിഞ്ഞ, പല പകല്‍ മാന്യന്മാരുടെയും, മുഖംമൂടികള്‍ പിച്ചിച്ചീന്തിയ ഒരുപാട് ചരിത്രങ്ങള്‍ ശാന്ത പങ്കുവെച്ചു. ഇന്ന് ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച ലൈംഗികച്ചുവയുള്ള സംസാരങ്ങള്‍ അന്നേ ഉണ്ടായിരുന്നുവെന്ന് കോട്ടയം ശാന്ത പറയുന്നു.

പക്ഷേ ഇതൊന്നും മീ ടു എന്ന ഒരു മൂവ്മെന്റിന്റെ ഭാഗമായി വന്നതായിരുന്നില്ല. മീ ടുവിന്റെ ഭാഗമായ ആദ്യ ആരോപണം വന്നത് ഇപ്പോഴത്തെ പീഡന താരം മുകേഷിന്റെ പേരിലാണ്. പിന്നീട് നടന്‍ അലന്‍സിയറിനെതിരെയും മീ ടൂ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2021-ല്‍ മലയാളം റാപ്പര്‍ വേടന് എതിരെയും മീ ടൂ ആരോപണം ഉണ്ടായി. ഈ വര്‍ഷം കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടയില്‍ യൂട്യൂബര്‍ ശ്രീകാന്ത് വെട്ടിയാര്‍, കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ് സുജീഷ് പി എസ്, സംവിധായകനായ ലിജു കൃഷ്ണ, എന്നിവര്‍ റേപ്പ് ചെയ്തതായി വിവിധ സ്ത്രീകളുടെ വെളിപ്പെടുത്തലുകളുണ്ടായി. ഇതില്‍ പൊലീസ് കേസെടുക്കുകയും അന്വേഷണം നടന്നുകൊണ്ടിരിക്കുകയുമാണ്. അതിനുശേഷമാണ് ഹേമ കമ്മറ്റി വന്നത്. ഫലത്തില്‍ അത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായ ഒരു കൂട്ട മീ ടുവായി മാറി. അതോടെ മലയാളത്തിലെ പ്രമുഖ നടന്‍മ്മാരെല്ലാം ഇപ്പോള്‍ ഉടുതുണിയില്ലാതെ, നില്‍ക്കുന്നതുപോലുള്ള അവസ്ഥയാണ്.

ഭരണകൂടങ്ങളെയും വിറപ്പിക്കുന്നു

ഇന്ന് കേവലം സിനിമാ മേഖലയില്‍ മാത്രമല്ല മീ ടു മൂവ്മെന്റ് ഉള്ളത്. സാഹിത്യം, സ്പോര്‍ട്സ്, ശാസ്ത്രസാങ്കേതിക മേഖല, എന്നിങ്ങനെ സ്ത്രീകള്‍ ഇടപെടുന്ന തൊഴിലിടങ്ങളിലൊക്കെ അവര്‍ ദുരനുഭവങ്ങള്‍ ഉണ്ടായാല്‍ തുറന്നുപറയുന്നു. ഇന്ത്യ, പാകിസ്ഥാന്‍, എന്നിവയുള്‍പ്പെടെ,കുറഞ്ഞത് 85 രാജ്യങ്ങളില്‍ ഈ ഹാഷ്ടാഗ് ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. രാഷ്ട്രീയ പ്രമുഖരെയും എന്തിന് ഭരണകൂടങ്ങളെതന്നെയും വീഴ്ത്തിയ കഥയും മീ ടുവിന് പറയാനുണ്ട്. മീ ടുവിനെ തുടര്‍ന്ന് ചെക്ക് എംപിയും വലിയ സ്വാധീനവുമുള്ള ഡൊമിനിക് ഫെറി രാജിവെച്ചിരുന്നു. പാര്‍ലമെന്റിലും, ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയന്റെ ഓഫീസുകളിലുംവെച്ച് തങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന മീടൂ ആരോപണങ്ങള്‍ കാരണം യൂറോപ്യന്‍ പാര്‍ലമെന്റ് നേരിട്ട് ഒരു സെഷന്‍ വിളിച്ചുകൂട്ടി.

2019- ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗോഗോയ്, കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്ന എം ജെ അക്ബര്‍ എന്നിവര്‍ക്കെതിരെയും തുറന്നുപറച്ചിലുകളുണ്ടായി, എംജെ അക്ബറിനെതിരെ കുറഞ്ഞത് പത്ത് ആരോപണങ്ങളെങ്കിലും ഉയര്‍ന്നുവന്നിട്ടുണ്ട്. സ്മൃതി ഇറാനിയും മനേക ഗാന്ധിയും ഉള്‍പ്പെടെയുള്ള അക്ബറിന്റെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരായ ഓണ്‍ലൈന്‍ സാക്ഷ്യങ്ങള്‍ അംഗീകരിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകയായ പ്രിയ രമണി തന്നെ അപകീര്‍ത്തികരമായി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഒക്ടോബര്‍ പകുതിയോടെ ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് 41 പേജുള്ള കത്ത് അക്ബര്‍ എഴുതിയിരുന്നു. അദ്ദേഹം കേസുമായി മുന്നോട്ട്പോയി. ക്രിമിനല്‍ മാനനഷ്ടക്കേസില്‍ അക്ബര്‍ വിജയിച്ചാല്‍ രമണിക്ക് രണ്ട് വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടിവരുമായിരുന്നു. അങ്ങനെ വന്നാല്‍ ഇത് മീ ടു മൂവ്മെന്റിനെ തന്നെ പ്രതിരോധത്തില്‍ ആക്കുമായിരുന്നു. പക്ഷേ 2021 ഫെബ്രുവരി 17 ന്, കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിയ രമണിക്കെതിരായ അക്ബറിന്റെ പരാതി കോടതി തള്ളി. വിധിയില്‍ ജഡ്ജി രവീന്ദ്ര കുമാര്‍ പാണ്ഡെ ഇങ്ങനെ നിരീക്ഷിക്കുന്നു- 'ചില വ്യക്തികള്‍ സമൂഹത്തില്‍ എത്രമാത്രം ബഹുമാനിക്കപ്പെടുന്നുണ്ടെങ്കിലും, അവരുടെ വ്യക്തിപരമായ ജീവിതത്തില്‍ അവര്‍ക്ക് സ്ത്രീകളോട് അങ്ങേയറ്റം ക്രൂരത കാണിക്കാന്‍ കഴിയും. അപകീര്‍ത്തിയുണ്ടാക്കിയെന്ന ക്രിമിനല്‍ പരാതിയുടെ പേരില്‍ ലൈംഗികാതിക്രമത്തിനെതിരെ ശബ്ദം ഉയര്‍ത്തിയതിന് സ്ത്രീയെ ശിക്ഷിക്കാനാവില്ല"- ഈ വിധിയും മീ ടു കാമ്പയിന് ഗുണകരമായി.

തങ്ങള്‍ വിശുദ്ധ പശുക്കളാണ് എന്ന് മാധ്യമങ്ങളും കരുതേണ്ടകാര്യമില്ല. ടൈംസ് ഓഫ് ഇന്ത്യയുടെ റസിഡന്റ് എഡിറ്റര്‍ ആയിരുന്ന കെ ആര്‍ ശ്രീനിവാസ്, ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പൊളിറ്റിക്കല്‍ എഡിറ്റര്‍ ആയ പ്രശാന്ത് ജാ എന്നിവര്‍ക്കെതിരെയും മീ ടൂ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇരുവരും സ്ഥാണം ഒഴിയേണ്ടിയും വന്നു!

ഇങ്ങനെയൊക്കെ ആണെങ്കിലും മീ ടു മുവ്മെന്റ് വല്ലാതെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും വ്യാപകമായി പരാതിയുണ്ട്. നിരവധി വ്യാജ ആരോപണങ്ങള്‍ മീ ടുവിന്റെ ഭാഗമായി ഉണ്ടായിരുന്നു. പല കുടുംബങ്ങളും തകര്‍ന്നു. എന്നാലും ആവറേജ് നോക്കുമ്പോള്‍ ഇപ്പോഴും 90 ശതമാനത്തിലേറെ കൃത്യത മീ ടുവിന് ഉണ്ടെന്നാണ് ഇത് പഠിച്ച ബിബിസി അടക്കമുള്ള മാധ്യമങ്ങളുടെ വിലയിരുത്തല്‍. എന്തായാലും ഒരുകാര്യം ഉറപ്പാണ്. സ്ത്രീ സുരക്ഷക്കായുള്ള നൂറകണക്കിന് നിയമങ്ങളേക്കാള്‍, ശിക്ഷണ നടപടികളേക്കാള്‍ ഫലപ്രദമാണ് ഒറ്റ മീ ടു. അതുകൊണ്ടുതന്നെയാണ് ഒരു നൂറ്റാണ്ടിലുള്ളില്‍ ലോകത്തിലെ സ്ത്രീ സമൂഹം കണ്ട ഏറ്റവും വലിയ വിമോചന പ്രസ്ഥാനമായി അത് വിലയിരുത്തപ്പെടുന്നതും.

വാല്‍ക്കഷ്ണം: സിനിമാമേഖലവിട്ട് കേരള രാഷ്ട്രീയത്തിലേക്കും മീ ടു മൂവ്മെന്റ് കയറുന്നതിന്റെ ലക്ഷണങ്ങള്‍ ഇപ്പോള്‍ കാണുന്നുണ്ട്. കോണ്‍ഗ്രസ് പുറത്താക്കിയ സിമി റോസ്ബെല്‍ ജോണിന്റെ അനുഭവം അത് തെളിയിക്കുന്നു. ഓരോ പാര്‍ട്ടിയിലുമുള്ള സ്ത്രീകള്‍ തങ്ങള്‍ അനുഭവിക്കേണ്ടിവന്ന ലൈംഗികാതിക്രമങ്ങള്‍ വെളിപ്പെടുത്തിയാല്‍, നമ്മുടെ ജയിലുകള്‍ നിറയുക, നേതാക്കളെ കൊണ്ടായിരിക്കുമെന്ന ട്രോളുകളിലും സത്യമില്ലാതില്ല!