കൊച്ചി: വടകര ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈകോടതി. കേസില്‍ എന്തുകൊണ്ടാണ് മത സ്പര്‍ധ വളര്‍ത്തിയതിനുള്ള 153 എ വകുപ്പ് ചേര്‍ക്കാതിരുന്നതെന്ന് കോടതി ചോദിച്ചു. സമാനമായ കേസുകളില്‍ ഈ വകുപ്പ് ചേര്‍ക്കാറുണ്ടല്ലോ. മൊഴികളുടെ അടിസ്ഥാനത്തില്‍ കിട്ടിയ പേരുകളില്‍ ചിലരെ ചോദ്യം ചെയ്തതായും കാണുന്നില്ല. ഇവരെ ചോദ്യം ചെയ്യണമെന്നും കോടതി പൊലീസിനോട് നിര്‍ദേശിച്ചു.

എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് പൊലീസിന് വ്യക്തമായ നിര്‍ദേശം നല്‍കിയത്. പൊലിസിന്റെ നിലവിലുള്ള അന്വേഷണത്തില്‍ കോടതി തൃപ്തി പ്രകടപ്പിക്കുന്നുണ്ടെങ്കിലും ചിലകാര്യങ്ങളിലെ വിയോജിപ്പ് കൃത്യമായി അറിയിക്കുകയും ചെയ്തു.

മുഴുവന്‍ ആളുകളെയും ചോദ്യം ചെയ്ത സ്‌ക്രീന്‍ ഷോട്ടിന്റെ കൃത്യമായ ഉറവിടെ കണ്ടെത്തണെന്നും കോടതി ഓര്‍മിച്ചു. വിവാദ പോസ്റ്റ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെങ്കില്‍ അത് പൂര്‍ണമായും നീക്കംചെയ്യേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അന്തിമ വാദം സെപ്റ്റംബര്‍ ആറിന് നടക്കും.

അതേസമയം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ ആരോപണവിധേയനായ ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് റിബേഷിനെ അധ്യാപക ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. റിബേഷ് ജോലി ചെയ്യുന്ന ആറങ്ങോട്ട് എംഎല്‍പി സ്‌കൂളിലേക്കാണ് മാര്‍ച്ച് നടത്തിയത്. രാവിലെ മുതല്‍ പൊലീസ് വലിയ ബാരിക്കേഡുകള്‍ സ്ഥാപിച്ച് സ്‌കൂളിലേക്കുള്ള വഴി തടഞ്ഞു.

പ്രതിഷേധക്കാര്‍ ബാരിക്കേഡ് തള്ളി മാറ്റാനും മുകളില്‍ കയാറാനും ശ്രമിച്ചതോടെയാണ് പൊലീസുമായി ഉന്തും തള്ളുമുണ്ടായത്. കുറച്ചുനേരത്തെ സംഘര്‍ഷത്തിനു ശേഷം നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ നിയന്ത്രിക്കുകയായിരുന്നു. മാര്‍ച്ച്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഫ്നാസ് പോറോട് അധ്യക്ഷത വഹിച്ചു. എം.പി.ഷാജഹാന്‍, ഷാനിബ് ചെമ്പോട്, മുഹമ്മദ് പേരോട് എന്നിവര്‍ പ്രസംഗിച്ചു.