പാരീസ്: പാരീസ് പാരാലിംപ്ക്സില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണ്ണം.ബാഡ്മിന്റണില്‍ നിതേഷ് കുമാറാണ് ഇന്ത്യക്കായി രണ്ടാം സ്വര്‍ണ്ണം സ്വന്തമാക്കിയത്.ബ്രിട്ടന്റെ ഡാനിയല്‍ ബെഥെലിനെയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്.ആവേശം നിറഞ്ഞ അവസാന സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാടിയാണ് നിതേഷ് സ്വര്‍ണം സ്വന്തമാക്കിയത്. സ്‌കോര്‍ 21-14, 18-21, 23-21.

ഇതോടെ പാരാലിംപിക്സില്‍ 2 സ്വര്‍ണ്ണമുള്‍പ്പടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഒന്‍പതായി.രണ്ട് സ്വര്‍ണം, മൂന്ന് വെള്ളി, നാല് വെങ്കലം നേട്ടങ്ങളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.ഡിസ്‌കസ് ത്രോയിലായിരുന്നു ഇന്ത്യയുടെ ഇന്നത്തെ മറ്റൊരു മെഡല്‍.ഡിസ്‌കസ് ത്രോ താരം യോഗേഷ് കത്തൂനിയയാണ് ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ സ്വന്തമാക്കിയത്.

പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോ എഫ്56 ഇനത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ വെള്ളി നേട്ടം.സീസണിലെ മികച്ച ദുരമാണ് പാരീസില്‍ താരം കണ്ടെത്തിയത്.നേരത്തേ ടോക്യോയിലും യോഗേഷ് വെള്ളി നേടിയിരുന്നു.ഫൈനലിലെ ആദ്യ ത്രോ തന്നെ 42.22 മീറ്റര്‍ എറിഞ്ഞാണ് യോഗേഷ് വെള്ളി നേടിയത്.ഇതോടെ ടോക്യോയിലെ വെള്ളി പാരിസിലും താരം നിലനിര്‍ത്തി.

അതേസമയം ഷൂട്ടിങ്ങിലായിരുന്നു ഇന്ത്യയുടെ ഇത്തവണത്തെ ആദ്യ സ്വര്‍ണ്ണം.വനിതകളുടെ ഷൂട്ടിംഗില്‍ അവനി ലെഖാരയാണ് സ്വര്‍ണം നേടിയത്.പത്ത് മീറ്റര്‍ എയര്‍ റൈഫിളിലാണ് അവനിക്ക് സ്വര്‍ണത്തിളക്കം.249.7 പോയിന്റുമായാണ് അവനി ഒന്നാം സ്ഥാനത്ത്് എത്തിയത്. ടോകിയോയിലെ സ്വര്‍ണം അവനി പാരിസില്‍ നിലനിര്‍ത്തിയത്.പാരാലിംപിക്‌സ് റെക്കോഡോടെ. പാരാലിംപിക്‌സില്‍ രണ്ട് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും ഇരുപത്തിരണ്ടുകാരിയായ അവനിക്ക് സ്വന്തം.

ഇതേ ഇനത്തില്‍ വെങ്കലവും ഇന്ത്യക്കായിരുന്നു.മോന അഗര്‍വാളാണ് വെങ്കലം നേടിയത്.പാരാലിംപിക്സിന് 4 ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യ മികച്ച കുതിപ്പാണ് നടത്തുന്നത്.വരും ദിവസങ്ങളില്‍ ഇന്ത്യ മെഡല്‍ നേട്ടം ഉയര്‍ത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.