പാരീസ്: 140 കോടിയുടെ സ്വപ്നങ്ങള്‍ക്കാണ് തന്റെ പരിമിതികളെ വെല്ലുവിളിച്ച് നിതേഷ് കുമാര്‍ എന്ന ഇന്ത്യയുടെ പാര ബാഡ്മിന്റണ്‍ താരം ഇന്ന് സ്വര്‍ണ്ണത്തിളക്കമേകിയത്. പാരാലിംപിക്സില്‍ ഇന്ത്യ രണ്ടാമത്തെ സ്വര്‍ണ്ണം കരസ്ഥമാക്കുമ്പോള്‍ അത് സമ്മാനിക്കുന്നത് നിതേഷ് എന്ന ഹരിയാനക്കാരന്റെ ഷട്ടില്‍ റാക്കറ്റാണ്. ഇന്ന് ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തുമ്പോള്‍ അതിന് പിന്നില്‍ ഫുട്ബോളറാകാന്‍ കൊതിച്ച ബാല്യത്തില്‍ തുടങ്ങി തീവണ്ടിയപകടം ജീവിതമേ മാറ്റിമറിച്ച ഒരു മനുഷ്യന്റെ കഥ കൂടിയുണ്ട്.

29 വയസ്സുകാരനായ നിതേഷ് കുമാര്‍ ഹരിയാനയിലെ കര്‍നാല്‍ സ്വദേശിയാണ്.കുട്ടിക്കാലത്തെ നിതേഷിന്റെ പ്രണയം ഫുട്ബോളിനോടായിരുന്നു.രാജ്യമറിയുന്ന ഫുട്ബോള്‍ താരമാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.കുടുംബത്തിന്റെ പിന്തുണ കൂടിയായതോടെ ശ്രദ്ധേ ഫുട്ബോളിലായി.കോളേജില്‍ പഠിക്കുന്ന സമയത്താണ് നിതേഷിന്റെ ജീവതം തന്നെ മാറ്റിമറിച്ച ദുരന്തമുണ്ടാകുന്നത്.2009ല്‍ വിശാഖപട്ടണത്തുവച്ചുണ്ടായ ഒരു ട്രെയിന്‍ അപകടത്തിലാണ് നിതേഷിന് ഇടത്തേക്കാല്‍ നഷ്ടമാകുന്നത്.

ട്രെയിനില്‍ കയറുന്നതിനിടെയുണ്ടായ അപകടത്തില്‍ മാസങ്ങളോളം കിടപ്പിലായിരുന്നു നിതേഷ്.ഫുട്ബോള്‍ മോഹം മാത്രമല്ല തന്റെ തുടര്‍ന്നുള്ള ജീവിതം തന്നെ എന്താകുമെന്നായിരുന്നു നിതേഷിന്റെ ചിന്തകള്‍.പക്ഷെ പതുക്കെ ആത്മവിശ്വാസം വീണ്ടെടുത്ത നിതേഷ് ശക്തമായി തിരിച്ചുവരാന്‍ കഠിനമായി പ്രയത്നിച്ചു.വിശ്രമകാലം ഐഐടി എന്‍ട്രന്‍സ് പരീക്ഷാ തയാറെടുപ്പുകള്‍ക്കായാണ് നിതേഷ് ഉപയോഗിച്ചത്.അങ്ങിനെ ഐഐടി പ്രവേശന പരീക്ഷ പാസാകുകയും മന്ദിയിലെ ക്യാമ്പസില്‍ നിതേഷിന് പ്രവേശനം ലഭിക്കുകയും ചെയ്തു.

പാരീസിലെ സ്വര്‍ണ്ണത്തിലേക്കുള്ള യാത്ര നിതേഷ് ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.2013ല്‍ ഐഐടി മന്ദിയില്‍ ചേര്‍ന്ന നാളുകളിലായിരുന്നു ബാഡ്മിന്റണിനോട് താല്‍പ്പര്യമുണ്ടാകുന്നത്.പതിയെ പതിയെ പാരാ ബാഡ്മിന്റണില്‍ പരിശീലനം നടത്തിയ നിതേഷ് ഇതിനെ ഗൗരവമായി എടുക്കുന്നത് 2016 മുതലാണ്.അ വര്‍ഷം മുതലാണ് ചിട്ടയായ പരിശീലനം ആരംഭിക്കുന്നത്.2016ലാണ് ഹരിയാനയെ പ്രതിനിധീകരിച്ചത് പാരാ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.

തൊട്ടടുത്ത വര്‍ഷം തന്നെ ആദ്യ അന്താരാഷ്ട്ര കിരീടം നേടി നിതേഷ് ഏവരെയും ഞെട്ടിച്ചു.2017ല്‍ ഐറിഷ് പാരാ ബാഡ്മിന്റണ്‍ അന്താരാഷ്ട്ര കിരീടം സ്വന്തമാക്കി.പിന്നാലെ ബിഡബ്ല്യുഎഫ് പാരാ ബാഡ്മിന്റണ്‍ വേള്‍ഡ് സര്‍ക്യൂട്ട്,ഏഷ്യന്‍ പാരാ ഗെയിംസ് എന്നിവയും നേടി.അതിന്റെ തുടര്‍ച്ചയായാണ് പാരീസിലേക്ക് എത്തുന്നതും സ്വര്‍ണ്ണ മെഡല്‍ നേടുന്നതും.ഉറച്ച മെഡല്‍ പ്രതീക്ഷയുമായി പാരാലിംപിക്സിന് എത്തിയ നിതേഷ് രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷയും കാത്തിരിക്കുകയാണ്.

കൈകാലുകള്‍ക്ക് വൈകല്യമുള്ള താരങ്ങള്‍ പങ്കെടുക്കുന്ന വിഭാഗമാണ് എസ്എല്‍3.പ്രസ്തുത വിഭാഗത്തില്‍ ടോക്കിയോയില്‍ പ്രമോദ് ഭഗത് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു.ഇതേ വിഭാഗത്തില്‍ തന്നെ മനോജ് സര്‍ക്കാര്‍ വെങ്കലവും സ്വന്തമാക്കിയിരുന്നു.പിന്നാലെയാണ് ഇക്കുറി വീണ്ടും ഇന്ത്യയിലേക്ക് സ്വര്‍ണ്ണമെത്തുന്നത്.ഗ്രേറ്റ് ബ്രിട്ടന്റെ ഡാനിയല്‍ ബെഥെലിനെയാണ് ടോപ് സീഡായ നിതേഷ് പരാജയപ്പെടുത്തിയത്.

ലാ ചാപെല്ലെ അരീനയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ 2-1നാണ് നിതേഷ് വിജയം പിടിച്ചെടുത്തത്.സ്‌കോര്‍ 21-14, 18-21, 23-21.
ആദ്യ ഗെയിം 21-14ന് അനായാസം സ്വന്തമാക്കിയ നിതേഷ് അതിവേഗം വിജയത്തിലേക്ക് അടുക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും രണ്ടാം ഗെയിമില്‍ ഡാനിയല്‍ ഗംഭീരമായി തിരിച്ചുവന്നു. രണ്ടാം ഗെയിം 18-21ന് പിടിച്ചെടുത്ത് ഡാനിയേല്‍ നിതേഷിനെ മുട്ടുകുത്തിച്ചു. ഇതോടെ നിര്‍ണായകമായ മൂന്നാം ഗെയിം 23-21ന് പിടിച്ചെടുത്താണ് നിതേഷ് സ്വര്‍ണനേട്ടത്തിലെത്തിയത്.

ഗെയിംസില്‍ ഇന്ത്യ ബാഡ്മിന്റണില്‍ സ്വന്തമാക്കുന്ന ആദ്യ മെഡലാണിത്.പാരാ ബാഡ്മിന്റനില്‍ തിളങ്ങുമ്പോഴും പരിശീലകനായും നിതേഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹരിയാന സര്‍ക്കാരിന്റെ കായിക വകുപ്പില്‍ സീനിയര്‍ ബാഡ്മിന്റന്‍ പരിശീലകനായി നിതേഷ് കുമാര്‍ കുട്ടികളെ കളി പഠിപ്പിക്കുന്നുമുണ്ട്.