പാരീസ്: പാരിസ് പാരാലിംപിക്സില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം.ജാവലിന്‍ ത്രോയില്‍ സുമിത് അന്റിലാണ് ഇന്ത്യയുടെ മൂന്നാം സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്.70.59 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ചാണ് ഹരിയാന സ്വദേശിയായ 26ക്കാരന്‍ സ്വര്‍ണം എറിഞ്ഞിട്ടിത്.പാരാലിംപിക്സ് ലോക റെക്കോര്‍ഡ് കുറിച്ചാണ് സുമിതിന്റെ നേട്ടം.ടോക്കിയോ പാരാലിംപിക്സിലും സുമിത് അന്റില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിരുന്നു.ഇതോടെ രണ്ട് പാരാലിംപിക്സുകളില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റെന്ന നേട്ടവും സുമിതിനെ തേടിയെത്തി.

ജാവലിന്‍ എഫ്-64 വിഭാഗത്തില്‍ സ്വന്തം പേരിലുള്ള പാരലിമ്പിക്സ് റെക്കോഡ് തിരുത്തിയാണ് സുമിത് ആന്റില്‍ സ്വര്‍ണം നേടിയത്. രണ്ടാം റൗണ്ടിലായിരുന്നു സുമിതിന്റെ 70.59 മീറ്റര്‍ റെക്കോഡ് പ്രകടനം. ശ്രീലങ്കയുടെ ദുലന്‍ കൊടിത്തുവാക്കു വെള്ളിയും(67.03) ഓസ്ട്രേലിയയുടെ മൈക്കല്‍ ബുറിയന്‍(64.89) വെങ്കലവും നേടി.ടോക്യോയില്‍ 68.55 മീറ്ററിലായിരുന്നു 26-കാരനായ സുമിത്തിന്റെ സ്വര്‍ണ നേട്ടം.ഈ ഇനത്തില്‍ ലോക റെക്കോഡും(73.29 )ഹരിയാണ സ്വദേശിയായ സുമിത്തിന്റെ പേരിലാണ്.

ഇന്ത്യക്കായി ഷൂട്ടിംഗില്‍ അവനിയും ബാഡ്മിന്റിണില്‍ നിതേഷ് കുമാറുമാണ് പാരിസില്‍ സ്വര്‍ണം നേടിയ മറ്റ് താരങ്ങള്‍.പുരുഷ സിംഗിള്‍സ് ബാഡ്മിന്റന്‍ എസ്എല്‍ 4 ഇനത്തില്‍ സുഹാസ് യതിരാജ് ഫൈനലില്‍ തോറ്റു.നിലവിലെ ചാംപ്യന്‍ ലൂക്ക മസൂറിനോട് 9-21, 13-21 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം തോല്‍വി വഴങ്ങിയത്.41 വയസ്സുകാരനായ സുഹാസ് ടോക്കിയോയിലും പാരാലിംപിക്സില്‍ വെള്ളി വിജയിച്ചിരുന്നു.

പാരാ ആര്‍ച്ചറി മിക്സഡ് ടീം കോംപൗണ്ട് ഇനത്തില്‍ രാകേഷ് കുമാര്‍ ശീതള്‍ ദേവി സഖ്യം വെങ്കല മെഡല്‍ നേടി.അത്ലറ്റിക്‌സില്‍ ഇന്ത്യയുടെ നിഷാദ് കുമാറും യോഗേഷ് കത്തുനിയയും തുടരെ രണ്ടാം തവണയും വെള്ളിമെഡല്‍ നേടി. ടി-47 വിഭാഗം ഹൈജംപില്‍ സീസണിലെ മികച്ച പ്രകടനത്തില്‍ 2.04 മീറ്റര്‍ ചാടിയാണ് നിഷാദ് രണ്ടാം സ്ഥാനം നേടിയത്.അമേരിക്കയുടെ ടൗണ്‍സെന്‍ഡ് റോബര്‍ട്സിനാണ് സ്വര്‍ണം. (2.08). കഴിഞ്ഞതവണ ടോക്യോയിലും നിഷാദ് വെള്ളി കരസ്ഥമാക്കിയിരുന്നു.

ഡിസ്‌കസ് ത്രോ എഫ്-56 വിഭാഗത്തില്‍ യോഗേഷ് കത്തുനിയ സീസണിലെ മികച്ച ദൂരം (42.22 മീറ്റര്‍) എറിഞ്ഞ് ടോക്യോയിലെ വെള്ളിനേട്ടം ആവര്‍ത്തിച്ചു. ബ്രസീലിന്റെ ക്ലോഡിനി ബാറ്റിസ്റ്റ ഗെയിംസ് റെക്കോഡോടെ സ്വര്‍ണനേട്ടത്തില്‍ ഹാട്രിക് തികച്ചു. (46.86).
വനിതകളുടെ ബാഡ്മിന്റണ്‍ എസ്.യു.-5 വിഭാഗത്തില്‍ ഇന്ത്യയുടെ തുളസിമതി മുരുകേശന് വെള്ളിയും മനീഷാ രാമദാസിന് വെങ്കലവും ലഭിച്ചു. തുളസിമതി ഫൈനലില്‍ ചൈനയുടെ സിയ ക്വുയ് യാങ്ങിനോട് തോറ്റു. (1721, 1021). വെങ്കലമെഡല്‍ പോരാട്ടത്തില്‍ മനീഷ ഡെന്‍മാര്‍ക്കിന്റെ കാതറിന്‍ റോസന്‍ഗ്രനെ കീഴടക്കി. (2112, 218).

ബാഡ്മിന്റണ്‍ എസ്.എല്‍-4 വിഭാഗത്തില്‍ ഇന്ത്യയുടെ സുഹാസ് യതിരാജും വെള്ളി നേടി. ഫൈനലില്‍ ഫ്രാന്‍സിന്റെ ലുകാസ് മസൂറിനോട് സുഹാസ് കീഴടങ്ങി. (921, 1321). അമ്പെയ്ത്തില്‍ മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യയുടെ രാകേഷ് കുമാറും ശീതള്‍ദേവിയും ചേര്‍ന്ന സഖ്യം വെങ്കലം നേടി. ഇറ്റാലിയന്‍ ടീമിനെയാണ് ലൂസേഴ്സ് ഫൈനലില്‍ ഇരുവരും കീഴടക്കിയത്. (156155).

ഇതോടെ പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് 15 മെഡലുകളായി. മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്. മെഡല്‍ പട്ടികയില്‍ 14ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.42 സ്വര്‍ണം ഉള്‍പ്പടെ 85 മെഡലുകളുള്ള ചൈനയാണ് ഒന്നാമത്.ബ്രിട്ടന്‍ രണ്ടാമതും യുഎസ് മൂന്നാമതും തുടരുന്നു.