മൊബൈൽഫോണുകളെ നമ്മുടെ മനസ്സ് പോലെ അത്രയും സ്വകാര്യമായി സൂക്ഷിക്കാനാണ് മിക്കവരും ആഗ്രഹിക്കുന്നത്. നമ്മുടെ കുടുംബത്തിലുള്ളവർ പോലും ഫോണുകൾ എടുത്ത് നോക്കുന്നത് നമുക്കാർക്കും ഇഷ്ടപ്പെട്ടെന്ന് വരില്ല. കാര്യങ്ങൾ അങ്ങനെയായിരിക്കെ നിങ്ങളറിയാതെ നിങ്ങളുടെ ഫോണുകൾ മറ്റൊരാൾ ഉപയോഗിക്കുന്ന അവസ്ഥയുണ്ടായാലെന്ത് ചെയ്യും?. ഇപ്പോൾ ആൻഡ്രോയ്ഡ് ഫോണുകൾ ഉപയോഗിക്കുന്നവർക്കാണീ ഗതികേടുണ്ടാകാൻ സാധ്യത.

ആൻഡ്രോയ്ഡ് ഫോണുകളിലെ ജനകീയമായ ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്ന ആഡ് ലൈബ്രറികളിലൂടെ ഇത്തരം ഫോണുകളെ ഹാക്കർമാർ നിയന്ത്രിക്കാൻ സാധ്യതയേറെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയിലൂടെ ആൻഡ്രോയ്ഡ് ഫോണുകളുടെയും ടാബ്ലറ്റുകളുടെയും പൂർണനിയന്ത്രണമേറ്റെടുക്കാനും ചിലപ്പോൾ ഹാക്കർമാർക്ക് സാധിച്ചേക്കാം. അത്തരം ഡിവൈസുകളിൽ ആന്റി വൈറസ് സോഫ്‌ററ് വെയറുകൾ ശക്തമാണെങ്കിലും ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാൻ അവയ്ക്ക് കഴിഞ്ഞുവെന്ന് വരില്ല. ഇതു വഴി ഹാക്കർമാർക്ക് നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണുകളുപയോഗിച്ച് ഫോട്ടോകളും വീഡിയോയുമെടുക്കാനും ടെക്സ്റ്റ് മെസേജുകളയക്കാനും ഫോണിന്റെ ക്ലിപ്‌ബോർഡ് ആക്‌സസ് ചെയ്യാനും സാധിക്കും. ഇതിലൂടെ യൂസർ എവിടെയാണ് നിലകൊള്ളുന്നതെന്നും ഫോണിലെ പാസ് വേർഡ് വരെ കണ്ടെത്താനും സാധിച്ചേക്കും.

ഫയർഐ എന്ന സെക്യൂരിറ്റി സ്ഥാപനത്തിലെ റിസർച്ചർമാരായ യുലോംഗ് സാംഗ്, താവേ വെയ് എന്നിവരാണ് ഇത്തരത്തിലുള്ള സുരക്ഷാപ്രശ്‌നങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഗൂഗിൾ പ്ലേയിൽ നിന്നുള്ള 73,000 ജനകീയമായ ആപ്ലിക്കേഷനുകളും 50,000 ഡൗൺലോഡുകളും അവർ ഇതിനായി വിശകലനം ചെയ്യുകയും 93 ആഡ്‌ലൈബ്രറികൾ പ്രശ്‌നമുണ്ടാക്കുമെന്ന് കണ്ടെത്തുകയും ചെയ്തു. ആപ്ലിക്കേഷനുകളിലല്ല അപകടം പതിയിരിക്കുന്നത്. മറിച്ച് ആൻഡ്രോയ്ഡ് സോഫ്‌റ്റ്‌വെയറിലൂടെ ഉപയോഗിക്കുന്ന ആഡ് ലൈബ്രറിയിലാണ് പ്രശ്‌നമെന്നാണ് അവർ കണ്ടെത്തിയിരിക്കുന്നത്.

ഹാക്കർമാർ ആദ്യം ആൻഡ്രോയ്ഡ് ആഡ് ലൈബ്രറികളിലെ കോഡിലെ ഫ്‌ലോയെയാണ് ചൂഷണം ചെയ്യുന്നത്. ഇതിനെ ഉപയോഗിച്ച് അഡ്വർടൈസറുടെ സെർവറിൽ നിന്നുള്ള ട്രാഫിക്കിനെ തങ്ങളുടെ സെർവറിലേക്ക് തള്ളുകയും ചെയ്യുന്നു. ഒരു പ്രാവശ്യം അറ്റാക്കറുടെ സെർവറിനാൽ ഫോൺ റൺ ചെയ്യുകയാണെങ്കിൽ ഹാക്കർക്ക് ഫെയ്ക്ക് മെസേജുകൾ ഈ ഫോണിലേക്ക് അയക്കാനാവും. തെരഞ്ഞെടുത്ത ഒരു ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴായിരിക്കും ഇത്തരത്തിൽ ഫെയ്ക്ക് മെസേജുകൾ ഫോണിലെത്തുക.

ഇത് വിശദീകരിക്കാനായി കോർപ്പറേറ്റ് കമ്മ്യൂണിക്കേഷനിലെ റോബ് റാച്ച് വാൽഡ് ആൻഡ്രോയ്ഡ് 4.4.2 വിൽ വർക്ക് ചെയ്യുന്ന സാംസംഗ് ഗാലക്‌സിയെ എടുത്ത് കാട്ടുന്നു. ഇതിൽ കാസ്‌പെർസ്‌കിയുടെ ആന്റി വൈറസ് സോഫ്‌റ്റ്‌വെയർ ഉണ്ടെങ്കിലും ഫോൺ ഹാക്കർമാർ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ഉദാഹരണസഹിതം സമർത്ഥിക്കുന്നു. ഹാക്കർക്ക് തന്റെ സെർവറിലൂടെ ഹാക്ക് ചെയ്യുന്ന ഫോൺ ഉപയോഗിച്ച് ഫോട്ടോകളെടുക്കാനും ഓഡിയോയും വീഡിയോയും റെക്കോർഡ് ചെയ്യാനും ടെക്സ്റ്റ് മെസേജുകളയക്കാനും ക്ലിപ്‌ബോർഡിൽ അപ്ലോഡ് ചെയ്യാനും കാൾ ചെയ്യാനും സാധിക്കുമെന്ന് അദ്ദേഹം തെളിയിക്കുന്നുണ്ട്.