കണ്ണുർ:തളിപ്പറമ്പിൽ എം.വി ഗോവിന്ദന് ഭൂരിപക്ഷം കുറഞ്ഞാൽ സി. പി. എമ്മിൽ വെട്ടിനിരത്തലുണ്ടാക്കും. സിപിഎം കൊടും കോട്ടകളായ ആന്തൂർ നഗരസഭയിലടക്കം പോളിങ് കുറഞ്ഞത് സിപിഎമ്മിൽ ചർച്ചയായിട്ടുണ്ട്. പാർട്ടി ശക്തികേന്ദ്രമായ ആന്തുരിൽ കഴിഞ്ഞ തവണ 98 ശതമാനം വരെ പോളിങ് നടന്ന ബൂത്തുകളിൽ ഇക്കുറി ഇതിലും കുറവാണ് പോളിങ് .

എം.വി ഗോവിന്ദൻ വിരുദ്ധ ഫാക്ടർ ഇവിടെ സംഭവിച്ചിട്ടുണ്ടോയെന്ന ആശങ്ക സിപിഎം നേത്യത്വത്തിനുണ്ട്. കേന്ദ്ര കമ്മിറ്റിയംഗമായ എം.വി ഗോവിന്ദൻ തളിപ്പറമ്പിൽ വിജയമുറപ്പിച്ചെന്ന് പാർട്ടി കണക്കുകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും പാർട്ടി ശക്തികേന്ദ്രത്തിൽ ഭൂരിപക്ഷം കുറഞ്ഞാൽ അതിന്റെ ക്ഷീണം സിപിഎമ്മിനുണ്ടാകും. ആന്തുരിൽ പ്രവാസി വ്യവസായിയും പാർത്ഥാസ് കൺവെൻഷൻ സെന്റർ ഉടമയുമായ പാറയിൽ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എം.വി ഗോവിന്ദനും മുൻ നഗരസഭാ ചെയർപേഴ്‌സൺ പി.കെ ശ്യാമളയും നടത്തിയ ഇടപെടലുകൾ തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന രഹസ്യവിവരം സിപിഎം ജില്ലാ നേതൃത്വത്തിനുണ്ട്.

പോളിങ് കുറവ് മാത്രമല്ല പോൾ ചെയ്ത വോട്ടിൽ അടിയൊഴുക്കും സിപിഎം പ്രതീക്ഷിക്കുന്നുണ്ട്. സിറ്റിങ് എംഎ‍ൽഎ ജയിംസ് മാത്യു നാൽപ്പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം ജയിക്കാനായി വെള്ളം കുടിക്കേണ്ടി വന്നാൽ സിപിഎമ്മിൽ അച്ചടക്കത്തിന്റെ വാൾ ഉയരുമെന്ന കാര്യം ഉറപ്പാണ്. സാധാരണ 98 ശതമാനം പോളിങ് നടക്കാറുള്ള മലപ്പട്ടം, കുറ്റിയാട്ടൂർ പഞ്ചായത്തുകളിലെ എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളിൽ ഇത്തവണ കനത്ത പോളിങുണ്ടായില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ എൽ.ഡി.എഫ് ശക്തികേന്ദ്രമായ തലോറയിൽ 98 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. എൽ.ഡി.എഫിന് പോളിങ് കുറഞ്ഞെങ്കിലും തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ 90 ന് മുകളിൽ പോളിങ് കടത്തിവിടാൻ മുസ്ലിം ലീഗിനും കഴിഞ്ഞിട്ടില്ല. യു.ഡി.എഫിന് ഏറെ സ്വാധീനമുള്ള മുക്കോലവാർഡിലാണ് ഏറ്റവും കൂടുതൽ പോളിങ് നടന്നത്.84 ശതമാനമാണ് ഇവിടെ പോളിങ് .സീതി സാഹിബ് സ്‌കുളിലെ ബൂത്തുകളിലെ പോളിങിലും കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തിനോടൊപ്പമെത്താൻ ഇവിടെ കഴിഞ്ഞിട്ടുണ്ടെങ്കിലും ലോക്‌സഭയിലെ പോളിങ് ലഭിച്ചിട്ടുമില്ല.

തളിപ്പറമ്പ് ഈ സി വാക്കോ വർ പ്രതീക്ഷിച്ചു മത്സര രംഗത്തിനിറങ്ങിയ എം.വി ഗോവിന്ദന് കെ.എസ്.യു നേതാവും നവാഗതനുമായ അബ്ദുൾ റഷീദിൽ നിന്നും കനത്ത മത്സരമാണ് നേരിടേണ്ടി വന്നത്. സാധാരണ കേന്ദ്ര കമ്മിറ്റിയംഗങ്ങൾ മത്സരിക്കുന്ന മണ്ഡലത്തിൽ നിന്നും പുറത്തു പോയി തെരഞ്ഞെടുപ്പ് പൊതുയോഗ പരിപാടികളിൽ പങ്കെടുക്കാറുണ്ടെങ്കിലും എം.വി ഗോവിന്ദന് ആദ്യഘട്ടത്തിൽ മാത്രമേ ഇതിന് കഴിഞ്ഞുള്ളൂ. മത്സരം മുറുകിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിൽ മണ്ഡലത്തിൽ തന്നെ കേന്ദ്രീകരിച്ചാണ് എം.വി ഗോവിന്ദൻ പ്രവർത്തിച്ചത്.

ന്തുരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്യാനിടയായ സംഭവം എം.വി ഗോവിന്ദനെതിരെയും ഭാര്യ പി.കെ ശ്യാമളയ്‌ക്കെതിരെയും പാർട്ടി അണികളിൽ ശക്തമായ എതിർപ്പുണ്ടാക്കിയിട്ടുണ്ട്. വിജിലൻസ് അന്വേഷണത്തിൽ അന്നത്തെ നഗരസഭാ ചെയർപേഴ്‌സൺ പി.കെ ശ്യാമളയ്ക്ക് ക്‌ളീൻ ചിറ്റ് നൽകിയിട്ടുണ്ടെങ്കിലും പാർട്ടി അനുഭാവിയായ പ്രവാസി വ്യവസായിയുടെ ജീവിതം ചുവപ്പുനാടയിൽ കുടുങ്ങി അവസാനിച്ചത് അടിത്തട്ടിൽ വരെ രോഷമുയർത്തിയിരുന്നു. പി.കെ ശ്യാമളയെ പാർട്ടി സംസ്ഥാന നേതൃത്വം വിമർശനങ്ങളിൽ നിന്നും സുരക്ഷിച്ചുവെങ്കിലും അവരുടെ ഏകാധിപത്യ ശൈലിയോട് പാർട്ടി അനുഭാവികളിൽ പോലും എതിർപ്പുണ്ട്. സംഘടനാ തലത്തിൽ കൂടുതൽ ഉയരങ്ങളിലേക്ക് പോയപ്പോൾ ജനകീയ ബന്ധം എം.വി ഗോവിന്ദന് കുറഞ്ഞുവെന്ന വിമർശനം നേരത്തെ പാർട്ടി സമ്മേളനങ്ങളിൽ ഉയർന്നിരുന്നു.

പ്രവാസി വ്യവസായിയുടെ മരണത്തിൽ പ്രതിക്കൂട്ടിലായ നഗരസഭാ ചെയർപേഴ്‌സൻ കൂടിയായ ഭാര്യയെ രക്ഷിക്കുന്നതിനായി എം.വി ഗോവിന്ദൻ പദവി മറന്ന് പ്രവർത്തിച്ചുവെന്ന ആരോപണവും പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. സിപിഎം കണ്ണൂർ ലോബിക്കുള്ളിലെ ചേരിപ്പോരിൽ ഒരു വിഭാഗത്ത് നിന്നു പട നയിക്കുന്ന നേതാക്കളിലൊരാളാണ് എം.വി ഗോവിന്ദൻ. നേരത്തെ പിണറായി പക്ഷക്കാരായിരുന്ന പി.ശശി, പി.ജയരാജൻ എന്നീ ജില്ലാ സെക്രട്ടറിമാരെ മുലയ്ക്കിരുത്തിയത് എം.വി ഗോവിന്ദന്റെ കടുത്ത ഇടപെടലുകളായിരുന്നു. മറ്റൊരു പാർട്ടി കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി ജയരാജനുമായും പാർട്ടിയിലെ പ്രത്യയശാസ്ത്ര പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്ന എം.വി ഗോവിന്ദൻ അകൽച്ചയിലാണെന്നാണ് റിപ്പോർട്ട്. പാർട്ടിയിൽ രണ്ടുടേം തുടർച്ചയായി മത്സരിച്ചവർ വീണ്ടും ജനവിധി തേടേണ്ടെന്ന തീരുമാനത്തിന് പിന്നിലെ ബുദ്ധികേന്ദ്രവും എം.വി ഗോവിന്ദനാണെന്നാണ് സൂചന.

ഒരു വെടിക്ക് രണ്ടു പക്ഷിയെന്ന ചൊല്ലു പോലെ ഇതോടെ തനിക്ക് പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് കടന്നുവരാനും പിണറായി മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി ജയരാജനെ മത്സര രംഗത്തു നിന്നും മാറ്റി നിർത്താനും ദീർഘവീക്ഷണത്തോടുള്ള ആ ചുവട് വെയ്‌പ്പിന് കഴിഞ്ഞുവെന്നാണ് രാഷ്ട്രിയ നിരീക്ഷകരുടെ വിലയിരുത്തൽ.പാർട്ടി നേതാക്കൾക്കിടെയിൽ തന്നെ എം.വി ഗോവിന്ദനോടുള്ള അതൃപ്തി തളിപ്പറമ്പിൽ അടിയൊഴുക്ക് സൃഷ്ടിക്കുമോയെന്ന കാര്യവും വരുന്ന രണ്ടാം തീയ്യതിയിലെ ജനവിധി തെളിയിക്കുമെന്നാണ് കരുതുന്നത്.