കൊല്ലം: അടുത്തിടെ ഓൺലൈൻ റമ്മി കളി മൂലം സകലതും നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത നിരവധി പേരുടെ ജീവിത കഥകൾ പുറത്തു വന്നിരുന്നു. റമ്മിയുടെ ചതിക്കുഴിയിൽ വീണാൽ പിന്നെ കര കയറാൻ പോലും കഴിയാത്ത വിധത്തിൽ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന മലയാളികളുടെ കഥ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പോലും ചർച്ചയായതാണ്. കൂടാതെ ഓൺലൈൻ റമ്മിയുടെ പരസ്യത്തിൽ അഭിനിയിക്കുന്ന സിനിമാതാരങ്ങളെ വിമർശിച്ച് കെ ബി ഗണേശ്‌കുമാർ എംഎൽ എ രംഗത്ത്്് എത്തുകയും ചെയ്തു.

ഇപ്പോഴിതാ ഓൺലൈൻ റമ്മിയിലൂടെ കടം കെണിയിലായ പ്രവാസി യുവാവ് മോഷണക്കേസിൽ പിടിയിലാവുകയും റിമാന്റിലാവുകയും ചെയ്തിരിക്കുന്നു. വിദേശത്ത് കഷ്ടപ്പെട്ടു ജോലി ചെയ്തുണ്ടാക്കിയ പണവും കടം വാങ്ങിയ കാശും ഓൺലൈൻ റമ്മി കളിച്ചു തുലച്ചു, ബാധ്യത തീർക്കാനാണ് വീട്ടമ്മയുടെ മാല പൊട്ടിച്ചു പണയം വച്ചത്്. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു.

കൊല്ലം അഞ്ചൽ ഓടനാവട്ടത്തെ സ്വകാര്യ ബാങ്കിൽ പണയം വച്ച സ്വർണമാലയും പൊലീസ് പിടിച്ചെടുത്തു. ഉമ്മന്നൂർ ചെപ്ര നെല്ലിമൂട്ടിൽ പുത്തൻവീട്ടിൽ അനീഷാണ് (23) അറസ്റ്റിലായത്. ഇടമുളയ്ക്കൽ പനച്ചവിള വൃന്ദാവനം ജംക്ഷനു സമീപം താമസിക്കുന്ന വീട്ടമ്മയുടെ രണ്ടു പവൻ തൂക്കമുള്ള മാല വ്യാഴം ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് കാറിലെത്തിയ അനീഷ് പൊട്ടിച്ചെടുത്തത്. വൃന്ദാവനം ജംക്ഷനിൽ ബസ് കാത്തുനിന്നു വീട്ടമ്മയുടെ അടുത്തു കാർ നിർത്തി വഴി ചോദിച്ചു.

കാറിൽ എത്തിയ സുമുഖനായ ചെറുപ്പക്കാരൻ വഴി ചോദിക്കുന്നതിൽ വീട്ടമ്മയ്ക്ക് അസ്വഭാവികത തോന്നിയതുമില്ല. സംസാരിച്ചു നിൽക്കുന്നതിനിടെ തന്നെ മാല പൊട്ടിച്ചെടുത്ത് അതിവേഗം സ്ഥലം വിടുകയായിരുന്നു.വീട്ടമ്മ നിലവിളിച്ചുവെങ്കിലും ആൾക്കാർ എത്തും മുൻപ് ഇയാൾ കാറിൽ കടന്നു കളഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇൻസ്പെക്ടർ കെ.ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് അനീഷ് കുടുങ്ങിയത്.

വിദേശത്തായിരുന്ന അനീഷ് കുറച്ചുനാൾ മുൻപാണു നാട്ടിൽ എത്തിയതെന്നും ഓൺലൈൻ റമ്മിക്ക് അടിമയായി സമ്പാദ്യം മുഴുവൻ അതിൽ തീർത്തെന്നും പൊലീസ് പറയുന്നു. പിന്നീടു നാട്ടുകാരുടെ പക്കൽ നിന്നു കടം വാങ്ങി കളി തുടങ്ങിയെങ്കിലും നഷ്ടം മാത്രമാണുണ്ടായതെന്നു പറയുന്നു. ഇതിനിടെ കടം നൽകിയവർ പണത്തിനു ശല്യം ചെയ്തു തുടങ്ങി. തിരികെ പോകാൻ വീസ ശരിയാക്കി. അതിനും പണം തടസ്സമായപ്പോഴാണ് മോഷണത്തിന് ഇറങ്ങിയത്.

കാർ വാടകയ്ക്ക് എടുത്തതാണ്. വിജനമായ സ്ഥലങ്ങളിൽ കറങ്ങി 'ഇരകളെ' അന്വേഷിക്കുന്നതിന് ഇടയ്ക്കാണു വൃന്ദാവനം ജംക്ഷനിൽ ബസ് കാത്തുനിന്ന വീട്ടമ്മയെ കണ്ടതും മാല പൊട്ടിച്ചതുമെന്ന് പൊലീസ് പറഞ്ഞു.ഓടനാവട്ടത്തെ സ്വകാര്യ ബാങ്കിൽ 51,000 രൂപയ്ക്കാണു മാല പണയം വച്ചത്. പിടികൂടുന്നതിനു മുൻപു വിദേശത്ത് എത്താൻ കഴിയുമെന്നായിരുന്നു പ്രതിയുടെ പ്രതീക്ഷ. ഐപിസി 392 വകുപ്പു പ്രകാരമാണു കേസ് എടുത്തത്.

കോടതി റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങിയേക്കും. അടുത്തിടെ ഓൺലൈൻ റമ്മി കളിച്ച്് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായതിനെ തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ ആത്മഹത്യ ചെയ്തിരുന്നു. ഓൺലൈൻ റമ്മിയിൽ ലക്ഷം രൂപയും 20 പവൻ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ട ചെന്നൈ സ്വദേശിനിയും കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തിരുന്നു.