ജൊഹാനസ്ബെർഗ്: ക്രൂഗർ നാഷണൽ പാർക്കിൽ സഫാരി വാഹനത്തിന് നേരെ കാട്ടാന പാഞ്ഞടക്കുന്നതിന്റെയും സഫാരി വാഹനം കുത്തിമറിക്കുന്നതിന്റെയും ദൃശ്യങ്ങൾ വൈറലാകുന്നു. ദക്ഷിണാഫ്രിക്കയിലെ സോനാട്ടി ഗെയിം റിസേർവിൽ ആണ് സംഭവം.

കാട്ടുപാതയിൽ നിൽക്കുന്ന രണ്ട് ആനകളുടെ അടുത്തേക്ക് വാഹനം ഓടിക്കവെ ഓടിയെത്തിയ കൊമ്പൻ ആനയാണ് സഫാരി വാഹനത്തിന് നേരെ ആക്രമണം നടത്തിയത്. പതിമൂന്ന് അടി ഉയരുമുള്ള കൊമ്പൻ ആനയാണ് സഫാരി വാഹനത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഒരു നിമിഷം നിന്ന് നോക്കിയ ശേഷം വീണ്ടും വാഹനത്തിന് അരികെ എത്തി കൊമ്പുകൊണ്ട് കുത്തി മറിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർ ചാടി രക്ഷപ്പെട്ടു.

ഗൈഡുകൾ സഞ്ചരിച്ച ജീപ്പിന് പിന്നിലായി ട്രെയ്നി ഗൈഡുകളേയും വഹിച്ചുകൊണ്ടുള്ള വാഹനവുമുണ്ടായിരുന്നു. ആന ജീപ്പിന് നേരെ പാഞ്ഞടത്തപ്പോൾ തന്നെ പിന്നിലെ വാഹനത്തിലെ ട്രെയ്നി ഗൈഡുകളോട് രക്ഷപ്പെടാൻ ഗൈഡുകളിൽ ഒരാൾ നിർദ്ദേശിക്കുന്നതും വീഡിയോയിൽ കാണാം. ആഫ്രിക്കൻ വനങ്ങളിൽ കാട്ടാനകൾ ഇണചേരുന്ന സമയമാണ് ഇത്. ഈ സമയങ്ങളിൽ ആൺ ആനകൾ അക്രമകാരികളാകുന്നത് പതിവാണെന്ന് എക്കോ ട്രെയ്നിങ് ഗൈഡുകൾ പറയുന്നു.

ഈ സമയങ്ങളിൽ ഇവർ മറ്റ് ആനകളോടും മനുഷ്യരോടും വളരെ അക്രമവാസനയോടെയാണ് പെരുമാറുക. സഫാരി വാഹനത്തിന് മുൻപിലുണ്ടായിരുന്ന ജീപ്പിനെ ആന കുത്തിമറിച്ചു.അതേസമയം കാട്ടാനായുടെ ആക്രമത്തിൽ ആർക്കും സാരമായി പരിക്കേറ്റില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും എക്കോ ട്രെയ്നിങ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാവർക്കും കൗൺസിലിങ് നൽകുമെന്നും സംഘാടകർ അറിയിച്ചു.