ബെംഗളൂരു : ലഹരിവേട്ടയ്ക്കിടെ ബെംഗളൂരു നഗരത്തിൽ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്, സ്വർണക്കടത്തുമായി ബന്ധം. കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ സ്വർണ്ണ കടത്ത് അന്വേഷണം പുതിയ തലത്തിലെത്തും. സ്വപ്‌നാ സുരേഷുമായും ഇയാൾക്ക് ബന്ധമുണ്ട്. സ്വർണ്ണ കടത്തിന് വേണ്ട പണം സ്വരൂപിക്കാൻ ഇയാളുടെ സഹായവും തേടിയിട്ടുണ്ടെന്നാണ് വിവരം. കാര്യങ്ങൾ പുറത്തെത്താൻ കാരണവും മുഹമ്മദ് അനൂപിന്റെ ഇടപെടലാണെന്ന സംശയവും സജീവമാണ്.

മുഹമ്മദ് അനൂപ് (39), പാലക്കാട് സ്വദേശി ആർ. രവീന്ദ്രൻ (37) എന്നിവർക്കൊപ്പം ഇവരുടെ 'ലീഡർ' ഡി. അനിഖയെന്ന ബെംഗളൂരു സ്വദേശിനിയും അറസ്റ്റിലായിരുന്നു. സംഘം സിനിമാ മേഖലയിലുള്ളവർക്കു ലഹരി മരുന്ന് എത്തിച്ചു കൊടുത്തിരുന്നെന്നാണു കണ്ടെത്തൽ. ഓൺലൈൻ വഴിയും ഹോട്ടലുകൾ കേന്ദ്രീകരിച്ചുമായിരുന്നു ലഹരി ഇടപാടുകൾ. ഡിജെ പാർട്ടികളിൽ എത്തുന്ന സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾക്കും ലഹരിമരുന്ന് എത്തിച്ചിരുന്നു.

സീരിയലിലെ ചെറു വേഷങ്ങൾ ചെയ്തിരുന്ന അനിഖ പിന്നീട് അഭിനയം നിർത്തി ലഹരി മേഖലയിലേക്കു കടന്നു. വിദേശത്തു നിന്നു കുറിയർ വഴിയാണു ലഹരി മരുന്ന് എത്തുന്നതെന്നാണു കണ്ടെത്തൽ. ബ്രസൽസിൽ നിന്നാണു ഇറക്കുമതി ചെയ്തിരുന്നതെന്നും ബിറ്റ്കോയിനാണ് ഇടപാടിന് ഉപയോഗിച്ചിരുന്നതെന്നും അന്വേഷണ സംഘം പറയുന്നു, ഇവർക്ക് തീവ്രവാദ ബന്ധവും ഉണ്ടായിരുന്നു.

അനിഘയുടെ നേതൃത്വത്തിലാണ് ലഹരിമരുന്നുകളുടെ ഇടപാടുകൾ നടന്നിരുന്നത്. മുഹമ്മദ് അനൂപും റിജേഷുമാണ് ആവശ്യക്കാർക്ക് ലഹരിമരുന്നുകൾ എത്തിച്ചുനൽകിയിരുന്നത്. സിനിമാമേഖലയിലെ ചിലരുമായും അനിഘയ്ക്ക് ഇടപാടുകളുണ്ടായിരുന്നതായാണ് എൻ.സി.ബി.യുടെ കണ്ടെത്തൽ. ഓഗസ്റ്റ് 21-നാണ് കല്യാൺ നഗറിലെ താമസ്ഥലത്തുനിന്ന് അനൂപ് പിടിയിലായത്.

ഇയാളുടെ താമസസ്ഥലത്ത് നിരന്തരം ആളുകളെത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ എൻ.സി.ബി.യെ വിവരമറിയിക്കുകയായിരുന്നു. അനൂപിനെ പിടികൂടി ചോദ്യംചെയ്തതോടെ റിജേഷിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. തുടർന്നാണ് സംഘത്തെ നിയന്ത്രിക്കുന്നത് അനിഘയാണെന്നു കണ്ടെത്തിയത്. 96 എം.ഡി.എം.എ. ഗുളികളും 180 എൽ.എസ്.ഡി. സ്റ്റാമ്പുകളുമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്.

ബെംഗളൂരുവിലെ വിവിധ ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് ലഹരികടത്തുസംഘങ്ങൾ സിനിമാ മേഖലയിലുള്ളവർക്ക് ലഹരിമരുന്നുകൾ എത്തിച്ചിരുന്നത്. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എൻ.സി.ബി. ഡെപ്യൂട്ടി ഡയറക്ടർ കെ.പി.എസ്. മൽഹോത്ര പറഞ്ഞു. ലഹരിയുപയോഗത്തിൽ തുടങ്ങി വിതരണക്കാരായിമാറിയവരാണ് അനൂപും റിജേഷും.

അനിഘ വർഷങ്ങളായി നഗരത്തിൽ ലഹരിമരുന്ന് ഇടപാടുകൾ നടത്തിവരികയായിരുന്നു. സംഘത്തിന്റെ സ്ഥിരം ഇടപാടുകാർ ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എൻ.സി.ബി. നേരത്തേ ജർമനിയിൽനിന്ന് ഓൺലൈൻ ഓർഡർ നൽകി ലഹരിമരുന്ന് വാങ്ങിയ സംഭവത്തിൽ മലയാളിയായ കെ. റഹ്മാനും പിടിയിലായിരുന്നു.

ദക്ഷിണേന്ത്യയിലെ മയക്കു മരുന്ന് വിപണിയെ നിയന്ത്രിച്ചിരുന്നത് അനിഖയായിരുന്നു. അരി പച്ചക്കറി ലോറികളിൽ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും ലഹരി മരുന്ന് എത്തിച്ചിരുന്ന മറ്റൊരു സംഘവും ഇവർ പിടിയിലായ ദിവസം അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഈ അറസ്റ്റും. ചോദ്യം ചെയ്യലിൽ കേരളത്തിലെ സ്വർണ്ണ കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം ഇവർ സമ്മതിച്ചിട്ടുണ്ടെന്നാണ് സൂചന. മുഹമ്മദ് അനൂപിന്റെ ഫോൺ കോൺടാക്ട് ലിസ്റ്റിൽ സ്വർണക്കടത്തു കേസിലെ പ്രതി കെ.ടി. റമീസും കേരള രാഷ്ട്രീയത്തിലെ ഉന്നതന്റെ അടുത്തബന്ധുവും ഉൾപ്പെടുന്നു.

സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ ബെംഗളൂരുവിൽ അറസ്റ്റിലായ ജൂലൈ 10ന് മുഹമ്മദ് അനൂപ് രാഷ്ട്രീയ ഉന്നതന്റെ ബന്ധുവിനെ പല തവണ വിളിച്ചിട്ടുണ്ട്. ഇത് സ്വർണ്ണ കടത്ത് കേസിനേയും നിർണ്ണായകമായി സ്വാധീനിക്കുന്ന വിവരമാണ്. എന്തിനായിരുന്നു ഈ വിളിയെന്നതാണ് ഉയരുന്ന ചോദ്യം. സിപിഎം രാഷ്ട്രീയ നേതാവിന്റെ ബന്ധുവാണ് ഇയാളെന്നും സൂചനയുണ്ട്.

ടെലിവിഷൻ സീരിയൽ നടി ഡി. അനിഖയോടൊപ്പമാണ് മുഹമ്മദ് അനൂപും മറ്റൊരു മലയാളിയായ ആർ.രവീന്ദ്രനും കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജൻസിയായ നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പിടിയിലാകുന്നത്. വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിയും തേടുന്നുണ്ട്. സ്വർണക്കടത്തു പിടിക്കപ്പെട്ട ഉടൻ കുടുംബത്തോടൊപ്പം ഒളിവിൽപോയ സ്വപ്നയും ഇവർക്കൊപ്പം കൂടിയ സന്ദീപ് നായരും എന്തുകൊണ്ടാണ് ഒളിത്താവളമായി

ബെംഗളൂരു തിരഞ്ഞെടുക്കാൻ കാരണമെന്ന അന്വേഷണ സംഘങ്ങളുടെ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഇതിനിടെയാണ് പുതിയ വിവരം എത്തുന്നത്. കൊച്ചിയിൽ നിന്നു വാഹനത്തിൽ കർണാടക അതിർത്തി കടന്നതിനു ശേഷം ബെംഗളൂരു വരെ അപരിചിത വാഹനം പിന്തുടർന്നതായി സ്വപ്ന മൊഴി നൽകിയിരുന്നു.

മുഹമ്മദ് അനൂപിനെ വിളിച്ച രാഷ്ട്രീയ ഉന്നതന്റെ ബന്ധുവാണ് സ്വർണ്ണ കടത്ത് ഒറ്റിയതെന്ന പ്രചരണവും വ്യാപകമാണ്. ഇതിനിടെയാണ് മുഹമ്മദ് അനൂപുമായുള്ള ഫോൺ വിളിയിൽ വിവരം കിട്ടുന്നത്. കൊച്ചിയിലെ ലഹരി പാർട്ടികളിലും മുഹമ്മദ് അനൂപ് സജീവമായിരുന്നു.

ഒരു വർഷം മുൻപാണു താവളം ബെംഗളൂരുവിലേക്കു മാറ്റിയത്. സ്വർണക്കടത്തിനു കൂടുതൽ പണം സ്വരൂപിക്കാൻ റമീസ് ലഹരി റാക്കറ്റിന്റെ സഹായം തേടിയതിനു ശേഷമാണു നയതന്ത്ര പാഴ്‌സൽ വഴി സ്വർണം കടത്തുന്ന വിവരം ചോർന്നതെന്നു പ്രതികൾ പലരും മൊഴി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സംശയങ്ങളും ഏറുകയാണ്.