തൃശ്ശൂർ: സംസ്ഥാനത്ത് ലൈഫ് മിഷൻ പാർപ്പിട പദ്ധതിയുടെ ഭാഗമായി നിലവിലുള്ള രീതിക്ക് പകരം പ്രീഫാബ് എഞ്ചിനീയറിങ് ടെക്‌നോളജി ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ വ്യാപകമായ അഴിമതിയും ക്രമക്കേടുമാണെന്ന് അനിൽ അക്കര എംഎ‍ൽഎ. 2019 ജൂലൈയിൽ ഇറക്കിയ രണ്ട് ഉത്തരവുകൾ അനുസരിച്ച് 500 കോടി രൂപയുടെ പദ്ധതിയാണ് നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ലൈഫ് മിഷൻ നടപ്പിലാക്കുന്നത്. ഈ രണ്ട് ഉത്തരവുകൾ അനുസരിച്ച് പൊതുമരാമത്ത് മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് നിർമ്മാണം നടത്തേണ്ടതെങ്കിലും പദ്ധതി ടെണ്ടർ ചെയ്തത് പ്രീഫാബ് ടെക്‌നോളജി രീതി അനുസരിച്ചാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഈ നിർമ്മാണരീതി കേരളത്തിലെ പൊതുമരാമത്ത് ലൈസൻസുള്ള കരാറുകാർക്ക് പ്രാപ്യമായിട്ടുള്ളതല്ല. അതിനുള്ള എഞ്ചിനീയറിങ് സംവിധാനവും പൊതുമരാമത്ത് വകുപ്പിനില്ല. ഈ രീതിയിലേയ്ക്ക് മാറിയത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ്. പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കും മുമ്പ് തന്നെ ഇപ്പോൾ കരാർ ലഭിച്ചിട്ടുള്ള ഹൈദരാബാദിലെ പെന്നാർ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയുമായി ശിവശങ്കറും സ്വപ്നയും ഗൂഢാലോചന നടത്തിയിട്ടുള്ളതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനിയെ തെരഞ്ഞെടുക്കുന്നതിന് 20 ശതമാനം കമ്മീഷനാണ് നേരത്തേ തന്നെ മാനദണ്ഡമായി വച്ചിരുന്നത്.

അതിൽ 10 ശതമാനത്തോളം യു.എ.ഇ യിൽ വച്ച് ഇവർക്ക് ലഭിച്ചുവെന്ന വിവരവും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. പ്രീഫാബ് ടെക്‌നോളജി അനുസരിച്ചുള്ള കെട്ടിട നിർമ്മാണത്തിനാവശ്യമായിട്ടുള്ള ഭൂരിഭാഗം നിർമ്മാണ സാമഗ്രികളുടെയും വില സ്വകാര്യ മാർക്കറ്റിലെ വിലയായിട്ടാണ് അംഗീകരിച്ചിട്ടുള്ളത്. ഇതനുസരിച്ച് നിർമ്മാണ കമ്പനിക്ക് പൊതുമാർക്കറ്റിൽ നിന്ന് വാങ്ങുന്ന നിർമ്മാണ സാമഗ്രികളുടെ വില തന്നെ ലഭ്യമാകുന്നതാണ്. ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ട്. നേരത്തെ തയ്യാറാക്കിയ എസ്റ്റിമേറ്റിനേക്കാൾ 10 ശതമാനത്തിലധികമാണ് ഈ നിർമ്മാണത്തിൽ ചെലവ് വന്നിട്ടുള്ളത്. പെന്നാർ 7 ജില്ലകളിലും മിറ്റ്‌സുമി ഒരു ജില്ലയിലുമാണ് നിർമ്മാണം നടത്തി വരുന്നത്.

യഥാർത്ഥത്തിൽ നിലവിലുള്ള ഉത്തരവ് അനുസരിച്ച് പൊതുമരാമത്ത് മാനദണ്ഡങ്ങൾ അനുസരിച്ചേ കേരളത്തിൽ നിർമ്മാണം നടത്തുവാൻ കഴിയൂ. എന്നാൽ ഇവിടെ നിർമ്മിക്കുന്ന ഫ്‌ളാറ്റുകൾക്ക് പ്രീഫാബ് ടെക്‌നോളജി മുഖാന്തിരം നിർമ്മാണം നടത്തുവാൻ അധികാരം നൽകിയതാരാണെന്ന് ലൈഫ് മിഷൻ വ്യക്തമാക്കണം.

1. പ്രീഫാബ് ടെക്‌നോളജി നടപ്പിലാക്കാൻ സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ?

2. പ്രീഫാബ് ടെക്‌നോളജിയിൽ നിർമ്മാണം നടത്തുന്നതിനായി നിലവിലുള്ള ഉത്തരവുകൾ ഭേദഗതി ചെയ്തിട്ടുണ്ടോ?

3. ഈ നിർമ്മാണ രീതിക്ക് സംസ്ഥാനത്തെ ഏത് സാങ്കേതിക സമിതിയാണ് അംഗീകാരം നൽകിയിട്ടുള്ളത്?

4. പ്രീഫാബ് ടെക്‌നോളജിക്ക് ലൈഫ് മിഷൻ ഏതെങ്കിലും യോഗത്തിൽ അംഗീകാരം നൽകിയിട്ടുണ്ടോ?

5. ഇതിന്റെ ഫൈനൽ ബില്ലും വാല്യുവേഷനും പരിശോധിക്കാൻ ലൈഫ് മിഷൻ ഏത് ഏജൻസിയെയാണ് ചുമതപ്പെടുത്തിയിട്ടുള്ളത്?

എന്നീ അഞ്ച് ചോദ്യങ്ങൾക്ക് സംസ്ഥാന മുഖ്യമന്ത്രിയോ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയോ ലൈഫ് മിഷൻ സിഇഒ യോ മറുപടി പറയണമെന്നും അനിൽ അക്കര എംഎ‍ൽഎ ആവശ്യപ്പെട്ടു.