മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരായ അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് ബോംബെ ഹൈക്കോടതി. 15 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

പൊലീസുകാരോട് പണപ്പിരിവ് നടത്താൻ ആവശ്യപ്പെട്ടെന്ന പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഹോട്ടലുകളിലും ബാറുകളിലും നിന്ന് 100 കോടി രൂപ പ്രതിമാസം പിരിക്കാൻ ആവശ്യപ്പെട്ടെന്നാണ് പരാതി. മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിങ്ങാണ് കോടതിയെ സമീപിച്ചത്.

ഡാൻസ് ബാറുകൾ, പബ്ബുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ നിന്ന് നൂറ് കോടി രൂപ പിരിച്ചുകൊടുക്കാൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി മുംബൈ പൊലീസിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്ന ആരോപണമാണ് മുംബൈ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിങ് ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരംബീർ സിങ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് നൽകിയ കത്ത് രാഷ്ട്രീയ വിവാദമായി മാറിയിരുന്നു.

ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് കുൽക്കർണി എന്നിവരടങ്ങുന്ന ബെഞ്ചാണ് അന്വേഷണം പ്രഖ്യാപിച്ചത്. സംഭവം അസാധാരണവും മുൻപില്ലാത്തതുമാണെന്നാണ് കോടതി വിശേഷിപ്പിച്ചത്. നിയമത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടിയെടുക്കണമെന്നും  ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.