മലപ്പുറം: ഐ ഗ്രൂപ്പ് വിരോധംമൂലം അനിൽകുമാർ എംഎ‍ൽഎ ഇടപെട്ട് കെ.എസ്.യു.നിയോജക മണ്ഡലം പ്രസിഡന്റിനെ മാറ്റി. ചെന്നിത്തല ഇടപെട്ട് നടപടി മരവിപ്പിച്ചു. അനിൽകുമാറിനെതിരെ പടയൊരുക്കം തുടങ്ങി മലപ്പുറത്തെ എ, ഐ ഗ്രൂപ്പുകൾ. ഡി.സി.സി. പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടർന്നു മലപ്പുറത്തുണ്ടായ ഗ്രൂപ്പുതർക്കത്തിനിടയിലാണ് ഈമാസം എട്ടിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു മുന്നിൽനടക്കുന്ന ധർണ ഉദ്ഘാടനം ചെയ്യാൻ മലപ്പുറം ജില്ലയിലെ ഐ.ഗ്രൂപ്പ് നേതാവും യു.ഡി.എഫ് ചെയർമാനുമായ പി.ടി. അജയ്മോഹനെ വള്ളിക്കുന്ന് കെ.എസ്.യു.നിയോജക മണ്ഡലം കമ്മിറ്റി ക്ഷണിച്ചത്.

ഇതോടെ അനിൽകുമാർ പക്ഷത്തുനിൽക്കുന്ന കെ.എസ്.യു.മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ടി.പി.അഫ്താബിന്റെ നേതൃത്വത്തിലാണ് കെ.എസ്.യു വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നിമേഷിനെ തൽസ്ഥാനത്തുനിന്നും മാറ്റാൻ ശ്രമങ്ങൾ നടന്നത്. ഇതിന് പിന്നിൽ അനിൽകുമാറാണെന്നും ഐ ഗ്രൂപ്പ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അനിൽകുമാർ എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ സ്വാധീനിച്ചാണ് കെ.എസ്.യു വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നിമേഷിനെ തൽസ്ഥാനത്തുനിന്നും ഇന്നലെ മാറ്റിയത്.

പകരം പി.എം.സുദേവിനെ നിയമിച്ചുകൊണ്ടുള്ള അറിയിപ്പാണ് കെ.എസ്.യൂ.സംസ്ഥാന ജറൽ സെക്രട്ടറി സുബിന്മാത്യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂരിനെ അറിയിച്ചത്. എന്നാൽ സംഭവത്തിന് പിന്നിൽ ഗ്രൂപ്പ് വിരോധമാണെന്നും, സംഘടനാ മര്യാദപാലിക്കാത്ത നടപടി മരവിപ്പിക്കണമെന്നും രമേശ്ചെന്നിത്തലയും, ജോസഫ് വാഴക്കനും കെ.എസ്.യു.സംസ്ഥാന ജനറൽ സെക്രട്ടറി സുബിന്മാത്യൂവിനെ ഫോണിൽവിളിച്ച് പറഞ്ഞതോടെ മണിക്കൂറുകൾക്കുള്ളിൽതന്നെ നടപടി വരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവും വന്നു. പാർട്ടിവിരുദ്ധമായ യാതൊരു പ്രവർത്തനങ്ങളും നടത്താതെ ഇത്തരത്തിൽ നടപടികളെടുത്തതിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് ഐ ഗ്രൂപ്പ് നേതാക്കൾ. മലപ്പുറം ഡി.സി.സി. പ്രസിഡന്റ് സ്ഥാനവും സമാനമായ രീതിയിൽ അനിൽകുമാറും, കെ.സി.വേണുഗോപാലും തന്നിഷ്ടപ്രകാരം തീരുമാനിച്ചതാണെന്ന പരാതിയും നേതാക്കൾക്കുണ്ട്.

നേരത്തെ ഐ.ഗ്രൂപ്പുകാരനായ അനിൽകുമാർ എംഎ‍ൽഎയെ തള്ളിപ്പറഞ്ഞ് മലപ്പുറത്ത് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ ഐ ഗ്രൂപ്പ് നേതൃയോഗം ചേർന്നത് കഴിഞ്ഞ ജൂൺ അവസാനത്തിലാണ്. യു.ഡി.എഫ് ജില്ലാ ചെയർമാനും കെപിസിസി സെക്രട്ടറിയുമായ പി.ടി അജയ്മോഹന്റെ പൊന്നാനിയിലെ വീട്ടിൽവച്ചാണ് ജില്ലയിലെ കെപിസിസി, ഡി.സി.സി ഭാരവാഹികളടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കൾ രഹസ്യയോഗം ചേർന്നത്. അജയ്മോഹന്റെ മാതാവ് നളിനി മോഹനകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് അനുശോചനമറിയിക്കാനാണ് ചെന്നിത്തല വസതിയിലെത്തിയത്.

ചെന്നിത്തലയെത്തുമ്പോൾ ഗ്രൂപ്പ് യോഗം ചേരാൻ ജില്ലയിലെ ഭാരവാഹികളെ പ്രത്യേകം ക്ഷണിച്ചിരുന്നു. രമേശ് ചെന്നിത്തലക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും അനിൽകുമാർ എംഎ‍ൽഎയെ തള്ളിപ്പറയുകയുമായിരുന്നു യോഗം. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടി സർക്കാരിൽ ജയലക്ഷ്മി മന്ത്രിയായപ്പോൾ അവസരം നഷ്ടമാകുമായിരുന്ന അനിൽകുമാറിനെ തന്റെ കടുംപിടുത്തതിലാണ് മന്ത്രിയാക്കിയതെന്നും ഒപ്പമുണ്ടെന്ന് രാത്രിയിൽ പറഞ്ഞ അനിൽകുമാർ നേരം വെളുത്തപ്പോഴേക്കും വഞ്ചിച്ച് കാലുമാറിയെന്നും വികാരാധീനനായി അന്നു ചെന്നിത്തല പറഞ്ഞിരുന്നു.

പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് ചെന്നിത്തലയെ കൈവിട്ട് വി.ഡി സതീശന്റെ പേരായിരുന്നു അനിൽകുമാർ നിർദ്ദേശിച്ചിരുന്നത്. ഇതു മനസിൽവച്ചായിരുന്നു ചെന്നിത്തല തുറന്നടിച്ചത്. ഐ ഗ്രൂപ്പിന്റെ പേരിൽ മന്ത്രിസ്ഥാനവും എംഎ‍ൽഎ സ്ഥാനവും ഉറപ്പിക്കുകയല്ലാതെ ഗ്രൂപ്പിനെയോ നേതാക്കളെയോ സംരക്ഷിക്കാതെ ഒറ്റുകൊടുക്കുകയാണ് അനിൽകുമാറെന്ന് യോഗത്തിൽ പല നേതാക്കളും പൊട്ടിത്തെറിച്ചു.

മുൻ കെപിസിസി സെക്രട്ടറിമാരായ പി.ടി അജയ്മോഹൻ, കെ.പി അബ്ദുൽമജീദ്, കെപിസിസി നിർവ്വാഹകസമിതി അംഗം പറമ്പൻ റഷീദ്, ഡി.സി.സി ഭാരവാഹികളായ എൻ.എ മുബാറക്ക്, ടി.കെ അഷ്റഫ്, ശശി മങ്കട, പി.സി.എ നൂർ, രോഹിൽനാഥ്, ചന്ദ്രവല്ലി എന്നിവരും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ യു.കെ അഭിലാഷ്, ഇ.പി രാജീവ് എന്നിവരും അന്നു യോഗത്തിൽ പങ്കെടുത്തിരുന്നു.