കൊച്ചി: നന്നായി പാടുന്ന അനിതാ സണ്ണി. കാൽ നൂറ്റാണ്ട് മുമ്പ് അറിയപ്പെടുന്ന ഗായിക. മുതുകുളത്തെ മുരുകൻ കണ്ടത്തിൽ വീട്ടിൽ വി ബാലകൃഷ്ണന്റെ മൂത്തമകനെ വിവാഹം ചെയ്തതോടെ അനിതാ സണ്ണിയുടെ പേര് അനിതാ ബാലുവെന്നായി. വിവാഹ ശേഷം ഭർത്താവുമൊത്ത് ഗൾഫിലെത്തി. ഡോട്സ് ആൻഡ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ അമരക്കാരായി ബാലുവും ഭാര്യയും. പിന്നീട് അതിവേഗ വളർച്ച. ഗൾഫിൽ ആറോ ഏഴോ കമ്പനികളുണ്ടായിരുന്നു. നാട്ടിലും ബിസിനസ്സ് സാമ്രാജ്യങ്ങൾ. പക്ഷേ ഇതെല്ലാം പൊട്ടിപൊളിഞ്ഞു. ഈ ദുരവസ്ഥയാണ് അനിതാ ബാലുവിനെ അഴിക്കുള്ളിലാക്കിയത്. ഇപ്പോൾ പ്രതികാരമായി ബർദുബായിലെ തെരുവിൽ ദുരിത പൂർണ്ണ ജീവിതം അനുഭവിക്കുന്നതും.

മുതുകുളത്തെ പ്രധാന ചിട്ടിക്കമ്പിനിക്കാരനായിരുന്നു ബാലുവിന്റെ അച്ഛൻ. ഇന്റീരിയർ കമ്പനിയടക്കം പലതും ഇവർക്കുണ്ടായിരുന്നു. എന്നാൽ ഗൾഫിലെ ബിസിനസ്സിലെ പ്രശ്നങ്ങൾ എല്ലാം അവതാളത്തിലാക്കി. താനെടുത്ത കടങ്ങളാണ് തുടക്കമെന്ന് ബാലുവും സമ്മതിക്കുന്നു. 2013ൽ തന്നെ ബാലു ഗൾഫ് വിട്ടു. സാമ്പത്തിക കേസിൽ പിടിക്കപ്പെടുമെന്ന തിരിച്ചറിവിലായിരുന്നു ഇത്. ഇളയ മകനേയും കൂടെ കൂട്ടി. അപ്പോഴും അനിത ഗൾഫിൽ തുടർന്നു. ബിസിനസ്സുകൾ മുമ്പോട്ട് കൊണ്ടു പോകാൻ ശ്രമിച്ചു. ഇതിനിടെ ബിസിനസ്സിൽ അനിതയുടെ ചില അടുത്ത ബന്ധുക്കളും ഇടപെട്ടു. ഇവരുടെ കൈയിൽ നിന്നുണ്ടായ പിഴവ് കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയുണ്ടായി. അങ്ങനെ അനിതാ ബാബു മൂന്ന് കൊല്ലം ജയിലിലായി. ഭർത്താവും ബന്ധുക്കളുമെല്ലാം രക്ഷപ്പെടുകയും കൈയൊഴിയുകയും ചെയ്തു.

കൂടെ നിന്നവർ ചതിച്ചെന്ന തിരിച്ചറിവ് പഴയ പാട്ടുകാരിയെ മാനസികമായി വേദനിപ്പിച്ചു. ഈ വേദനയിൽ നിന്നാണ് അവർ തെരുവിലെ ജീവിതത്തിലേക്ക് നീങ്ങിയത്. മൂത്ത മകൻ ഇപ്പോഴും ഗൾഫിലുണ്ട്. യുകെയിൽ പഠിച്ച മകൻ അവിടെ സ്‌കൂളിലെ അദ്ധ്യാപകനാണ്. ഭർത്താവ് ബാലു വേറൊരു വിവാഹം നിയമപ്രകാരം തന്നെ ചെയ്തുവെന്നാണ് അവകാശപ്പെടുന്നത്. ഭാര്യ ഗൾഫിലായതു കൊണ്ട് ഇളയ മകനേയും തന്റെ അച്ഛനേയും അമ്മയേയും നോക്കാൻ ആരുമില്ല. ഈ പ്രയാസം തീർക്കാൻ രണ്ടാം വിവാഹമെന്നാണ് ബാലു പറയുന്നത്. എന്നാൽ അനിതയെ നിയമപരമായി വിവാഹ മോചനം ചെയ്യാതെ എങ്ങനെ മുതുകുളത്തുകാരൻ രണ്ടാം വിവാഹം നടത്തിയെന്നത് വലിയ നിയമപ്രശ്നമായി അവശേഷിക്കും. രണ്ടാം വിവാഹത്തിലും ബാലുവിന് കുട്ടിയുണ്ട്. നിലവിൽ ബാലുവിന്റെ താമസം കൊച്ചിയിലാണ്.

ബർദുബായ് വഴിയോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോൺ ബൂത്തിൽ കഴിയുന്ന മലയാളി വനിതയുടെ കഥ വൈറലാകുമ്പോഴാണ് ചതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്. കഴിഞ്ഞ എട്ടു മാസത്തോളമായി അനിതാ ബാലു കഴിയുന്നത് ഈ ടെലിഫോൺ ബൂത്തിലാണ്. രാത്രി കിടന്നുറങ്ങുന്നതു കുഞ്ഞു സ്റ്റൂളിലിരുന്നും പ്രഭാതകൃത്യങ്ങൾ നടത്തുന്നതു തൊട്ടടുത്തെ പൊതുശൗചാലയത്തിലും. പിന്നണി ഗായകൻ എംജി ശ്രീകുമാറിന്റെ അടക്കം കുടുംബ സുഹൃത്തായിരുന്നു അനിതാ ബാലു. മനോരമയാണ് അനിതാ ബാലുവിന്റെ ദുരിതം വാർത്തയാക്കിയത്. എംജി ശ്രീകുമാറിന്റെ സഹോദരി കൂടിയായ പ്രശസ്ത സംഗീതാധ്യാപിക ഓമനക്കുട്ടിയായിരുന്നു അനിതാ ബാലുവിന്റെ സംഗീത ഗുരുനാഥ.

മനോരമയാണ് കഴിഞ്ഞ ദിവസം അനിതാ ബാലുവിന്റെ ദുരിത ജീവിതം വാർത്തയാക്കിയത്. കുറച്ചു കാലം മുമ്പ് മാതൃഭൂമിയും നൽകി. ഈ സാഹചര്യത്തിലാണ് അനിതാ ബാലുവിന്റെ കുടുംബ വേരുകളും പശ്ചാത്തലവും മറുനാടൻ അന്വേഷിച്ചത്. ബർദുബായിൽ നിത്യവും പരിസരം വൃത്തിയാക്കുന്നതിനെ തുടർന്നു ലഭിക്കുന്ന തുച്ഛമായ കൂലി കൊണ്ടാണു അവർ ഇപ്പോൾ വിശപ്പടക്കുന്നത്. ആലപ്പുഴ കണ്ടല്ലൂർ സ്വദേശിനിയാണ് അനിതാ ബാലു. തന്റെ പ്രശ്‌നം പരിഹരിക്കാതെ ഇവിടെ നിന്ന് എവിടേയ്ക്കുമില്ലെന്ന ഉറച്ച തീരുമാനത്തിലാണ് അനിത. ആരുടേയും കണ്ണ് നയിപ്പിക്കുന്നതാണ് അനിതാ ബാലുവിന്റെ കഥ. 1996 മുതൽ നടത്തിയ ബിസിനസ് പിന്നീട് തകരുകയും വിവിധ ബാങ്കുകളിൽ നിന്നു ബാലു വൻതുക വായ്പയെടുക്കേണ്ടി വരികയും ചെയ്തു. അതിനെല്ലാം ജാമ്യം നിർത്തിയതു ഭാര്യ അനിതയെയായിരുന്നു. ഇതിനൊപ്പമാണ് സഹോദരങ്ങളുടെ ചതിയും.

വായ്പ തിരിച്ചടക്കാനാതായപ്പോൾ ബാലു അനിതയെ ഉപേക്ഷിച്ച് ഇളയെ മകനേയും കൂട്ടി നാട്ടിലേയ്ക്ക് പോയി. ദുരിതത്തിലായ അവർ മൂത്ത മകനെയും കൊണ്ടു പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും വായ്പ തിരിച്ചടക്കാത്തതിനെ തുടർന്നു ബാങ്കുകാരും മറ്റൊരു കമ്പനിയും കേസു കൊടുക്കുകയും ഒടുവിൽ അനിത കീഴടങ്ങുകയുമായിരുന്നു. 36 മാസം തടവു ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയപ്പോൾ താമസിക്കാനുള്ള ഇടം പോലും നഷ്ടപ്പെട്ടിരുന്നു. മകൻ താൻ പഠിച്ച സ്‌കൂളിൽ ചെറിയൊരു ജോലിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ മകന്റെ കൂടെ താമസിക്കാൻ അനിത തയ്യാറായതുമില്ല. ഭർത്താവിനോടുള്ള പ്രതിഷേധവുമായി അവർ തെരുവിൽ ഇറങ്ങി.

തന്റേതല്ലാത്ത കാരണത്താൽ അനുഭവിക്കുന്ന സാമ്പത്തിക ബാധ്യത തീരാതെ താൻ നാട്ടിലേയ്ക്കു മടങ്ങില്ലെന്ന് ഇവർ പറയുന്നു. 22 ലക്ഷത്തോളം ദിർഹമായിരുന്നു ബാങ്കിലടക്കേണ്ടിയിരുന്നത്. മറ്റൊരു കമ്പനിക്ക് 5 ലക്ഷത്തോളം ദിർഹവും. രണ്ടു കൂട്ടരും സിവിൽ കേസ് നൽകിയപ്പോൾ കുടുങ്ങിയത് അനിതയും. അഡ്വ. ഏബ്രഹാം പി. ജോണിന്റെ ശ്രമഫലമായി ബാങ്കു വായ്പ തുക രണ്ടു ലക്ഷമാക്കി കുറച്ചുനൽകാൻ ബാങ്കുകാർ തയ്യാറായിരുന്നു. ഇക്കഴിഞ്ഞ നവംബർ 30ന് മുൻപ് തുക അടയ്ക്കണമെന്നായിരുന്നു ബാങ്ക് ആവശ്യപ്പെട്ടത്. അതിന് കഴിഞ്ഞിട്ടില്ല.

അഡ്വ.ഏബ്രഹാം ജോൺ ബാങ്കിന് വീണ്ടും അപേക്ഷ നൽകിയപ്പോൾ ഈ മാസം (ഡിസംബർ) അവസാനം വരെ കാലാവധി നീട്ടി നൽകി. ആ തീയതിക്ക് മുൻപ് പണം അടച്ചില്ലെങ്കിൽ ഇളവ് റദ്ദാക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചിട്ടുണ്ട്. അനിതയ്ക്ക് താത്കാലികമായി താമസ സൗകര്യം നൽകാൻ തയ്യാറാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും തന്റെ കേസുകൾ ഒത്തുതീർപ്പാക്കാതെ തെരുവിൽ നിന്ന് മാറില്ലെന്ന് അവർ പറയുന്നു.

ബർദുബായിലെ ക്ഷേത്രത്തോടും പള്ളിയോടും ചേർന്നുള്ള പബ്ലിക് ടെലിഫോൺ ബൂത്താണ് കഴിഞ്ഞ എട്ടു മാസത്തോളമായി അനിതയുടെ വീട്. അവിടെ ബാഗും വസ്ത്രങ്ങളും ട്രാൻസിസ്റ്ററും കാണാം. വിവിധ വസ്തുക്കളിൽ ചിത്രങ്ങൾ വരച്ച് വിറ്റ് കിട്ടുന്ന തുകയും ഇവർ ഉപജീവനത്തിന് ഉപയോഗിക്കുന്നു. പഠിക്കുന്ന കാലത്ത് ചിത്രം വരച്ചിരുന്നെങ്കിലും പിന്നീട് ആ കഴിവ് നഷ്ടപ്പെട്ടിരുന്നു. ടെലിഫോൺ ബൂത്ത് ജീവിതത്തിന്റെ വിരസത ഒഴിവാക്കാനാണ് റേഡിയോയിൽ പാട്ടുകൾ കേട്ടുകൊണ്ടുള്ള ചിത്ര രചന.

പരിസരങ്ങളിലെ ഓഫീസുകളിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ളവരും താമസിക്കുന്നവരും അനിതയെ പലപ്പോഴും സമീപിച്ച് ഭക്ഷണവും പണവും സഹായം വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും അവർ അത് സ്വീകരിക്കാൻ തയ്യാറാകുന്നില്ല.ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ അവർ ബർ ദുബായ് റഫാ പൊലീസ് സ്റ്റേഷനിൽ നിന്നു പോകാൻ തയ്യാറായില്ല. സഹതാപം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ അവർക്കു ഭക്ഷണവും മറ്റും നൽകി. പിന്നീട് ടെലിഫോൺ ബൂത്ത് താമസ സ്ഥലമായി തിരഞ്ഞെടുക്കുകയായിരുന്നു. നിരന്തരം പൊലീസിന്റെ സാന്നിധ്യമുള്ള ഇവിടെ മറ്റാരുടെയും ശല്യം ഇവർ നേരിടേണ്ടിവരുന്നില്ല.

ഭർത്താവിനോടുള്ള പ്രതിഷേധ സൂചകമായാണ് ഇവർ തെരുവിൽ താമസിക്കുന്നത്. തന്റേതല്ലാത്ത കാരണത്താൽ അനുഭവിക്കുന്ന സാമ്പത്തിക ബാധ്യത തീരാതെ താൻ നാട്ടിലേയ്ക്ക് മടങ്ങില്ലെന്ന് ഇവർ പറയുന്നു. സംഗീതജ്ഞ ഓമനക്കുട്ടി ടീച്ചറുടെ ശിഷ്യയായ അനിത തിരുവനന്തപുരത്ത് താമസിക്കുമ്പോൾ ചലച്ചിത്ര പിന്നണി ഗായകൻ എം.ജി.ശ്രീകുമാറിന്റെ കുടുംബസുഹൃത്തായിരുന്നു. അനിതയുടെ ദുഃഖകഥ അറിഞ്ഞ ശ്രീകുമാർ അവരെ സഹായിക്കാൻ താത്പര്യം അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് യാതൊരു നീക്കവും കണ്ടില്ല. സംഗീതത്തിൽ ബിരുദാനന്തര ബിരുദമുണ്ട് അനിതയ്ക്ക്.