'എ ഡിവോഴ്സ്ഡ് ഡോട്ടർ ഈസ് ബെറ്റർ ദാൻ എ ഡെഡ് ഡോട്ടർ'അഥവാ മരണപ്പെടുന്ന മകളേക്കാൾ ബന്ധം വേർപ്പെടുത്തിയ മകളാണ് നല്ലത് എന്ന ആപ്ത വാക്യം പലരുടെയും സ്റ്റാറ്റസുകളിൽ ഘനഗംഭീരമായി വീണ്ടും തൂങ്ങി തുടങ്ങുന്നുണ്ട്. അത് കാണുമ്പോൾ മാത്രം നിർവ്വികാരത മാറി ഒരു ലോഡ് പുച്ഛം തികട്ടി തികട്ടി വരുന്നത് ഈ കേരളീയസമൂഹത്തിന്റെ പുറംപൂച്ച് വ്യക്തമായി അറിയാവുന്നതിലാണ്.

സയനൈഡ് ചേർത്ത ചായയാണോ എടീയെന്ന ട്രോൾ ഊളത്തരത്തിൽ നിന്നും മുറിയിൽ മൂർഖനുണ്ടോ ചേട്ടായെന്ന ഊളത്തരത്തിലേയ്ക്ക് പ്രൊമോഷൻ കിട്ടിയിരിക്കുന്ന വെർച്വൽ ലോകത്ത് വിസ്മയയെന്ന പെൺകുട്ടിയുടെ മരണം ( ആത്മഹത്യയോ കൊലയോ എന്നത് കണ്ടുപിടിക്കാനിരിക്കുന്നതേയുള്ളൂ ) ബാക്കി വയ്ക്കുന്ന കുറേ വസ്തുതകളുണ്ട്, ഒരു പിടി യാഥാർത്ഥ്യങ്ങളുണ്ട്, കുറച്ചധികം ചോദ്യങ്ങളുമുണ്ട്.

ഉത്രയെന്ന പെൺകുട്ടിയുടെ ആരുംകൊല നടന്ന അതേ കൊല്ലം ജില്ലയിൽ തന്നെയാണ് വിസ്മയയുടെ ആത്മഹത്യയും എന്നത് ചിന്തനീയം . വിസ്മയ എന്ന പേരിലും മരണപ്പെട്ട രീതിയിലും മാത്രമേ മാറ്റം കണ്ടുള്ളൂ. കാരണം എന്നത് എല്ലാത്തിലും ഒന്ന് തന്നെ. വിവാഹമെന്ന ഒന്നാംതരം കച്ചവടത്തിന്റെ ലാഭനഷ്ടക്കണക്കിൽ വകകൊള്ളിക്കേണ്ടി വരുന്ന ദാരുണമരണങ്ങൾ.

വിവാഹമെന്നത് ഇന്ന് പൊതുസമൂഹകമ്പോളത്തിലെ ഏറ്റവും മാർക്കറ്റുള്ള കച്ചവടചരക്കാണ്. അത് ഒരു ടൂ സൈഡഡ് ബിസിനസ്സ് തന്നെയാണ്. ഒന്നുകിൽ പെണ്ണ് നല്ല വിലയ്ക്ക് തൂക്കി വിൽക്കപ്പെടും; അല്ലെങ്കിൽ ആണിന്റെ മാറ്റും പകിട്ടും ഉരച്ചുനോക്കി വാങ്ങപ്പെടുന്നു. പെണ്ണ് എന്ന വസ്തു അഥവാ കൊമോദിറ്റി വിറ്റഴിക്കാതെ കുറച്ചുനാൾ ഇരുന്നുപ്പോയാൽ പിന്നെ വമ്പിച്ച ആദായവില്പന ആയി. വാങ്ങുന്നവന്റെ ഡിമാന്റ് കൂടുന്നു. പരസ്യമായി നടത്തുന്ന ഈ കച്ചവടത്തിൽ പങ്കുള്ളവരിൽ ആൺ-പെൺ വ്യത്യാസമില്ല.

പെണ്ണിന്റെ അച്ഛനും അമ്മയും കൂടി വിലയിട്ട് നിറുത്തിയിരിക്കുന്ന ഒരു ഉരുപ്പടിയെ വിലപേശി, വിലപറഞ്ഞ് മകനു വേണ്ടി വാങ്ങുന്ന മറ്റൊരു അച്ഛനും അമ്മയും. പെണ്ണിന്റെ സ്വർണം വിറ്റ് സ്ഥലം വാങ്ങി, വീട് വച്ച് ഭാര്യയെയും കുട്ടികളെയും പോറ്റുന്നുവെന്ന അന്തസ്സ് കാട്ടുന്ന ആണുങ്ങൾ. ഒരു ആൺകുഞ്ഞ് ജനിക്കുമ്പോഴേ നല്ല വിലയിട്ട് വില്ക്കാമല്ലോയെന്ന ലഡ്ഡു മനസ്സിലിട്ട് പൊട്ടിക്കുന്ന അമ്മമാർ. നമ്മൾ തന്നെയാണ് സ്ത്രീധനം എന്ന പക്കാ ക്രിമിനലിസത്തിന്റെ മൊത്തകച്ചവടക്കാർ.

കല്യാണത്തെ തുടർന്നു വരുന്ന മറുവീട് ചടങ്ങ് മുതൽ തുടങ്ങുന്നു വാണിഭം. ഓണം, വിഷു, ക്രിസ്തുമസ്, പെരുന്നാൾ എന്നിവയിൽ മരുമകളുടെ വീട്ടിൽ നിന്നു കിട്ടുന്നതു കൊണ്ട് ആഘോഷിക്കാൻ തയ്യാറെടുക്കുന്ന ഭർതൃവീട്ടുകാർ. കല്യാണം കഴിഞ്ഞു പോയ പെണ്ണ് രണ്ട് ദിവസത്തിൽ കൂടുതൽ സ്വന്തം വീട്ടിൽ ഒറ്റയ്ക്ക് നിന്നാൽ അവളുടെ പ്രശ്‌നങ്ങൾ ചോദിച്ചറിയാൻ മിനക്കെടാതെ ഏതുവിധേനയും ഭർതൃവീട്ടിലേയ്ക്ക് മടക്കി അയയ്ക്കുന്ന പെറ്റവയറുകൾ. പെൺകുട്ടി വീട്ടിൽ നിന്നാൽ സമൂഹം എന്തും പറയുമെന്ന ഭയം സദാ വേട്ടയാടപ്പെടുന്ന വീട്ടുകാർ.

എ ഡിവോഴ്സ്ഡ് ഡോട്ടർ ഈസ് ബെറ്റർ ദാൻ എ ഡെഡ് ഡോട്ടർ എന്ന് ഉറക്കെ പറയുന്ന നമ്മളിൽ തൊണ്ണൂറ്റമ്പത് ശതമാനവും മുകളിൽ പറഞ്ഞ കാറ്റഗറിയിൽ ഉൾപ്പെട്ടവരാണ്. ഒരു വിവാഹമോചിതയായ പെണ്ണിനെ സെക്കന്റ് ഹാൻഡ് ഉൽപ്പന്നമായി ഒരിക്കലെങ്കിലും കണക്കാക്കാത്ത, കളിയാക്കാത്തവർ നമ്മളിൽ എത്ര പേരുണ്ട്? സെലിബ്രിട്ടി കല്യാണങ്ങളെയും കെട്ടുപൊട്ടിക്കലുകളെയും നിശിതമായി വിമർശിക്കാത്തവർ നമ്മളിൽ എത്ര പേരുണ്ട്? വിവാഹമോചിതയായ ഒരു പെണ്ണ് ഉറക്കെ പ്രതികരിച്ചാൽ , അവളുടെ കയ്യിലിരുപ്പ് കൊണ്ട് അവൻ കളഞ്ഞുവെന്ന് ആത്മഗതം നടത്താത്തവർ നമ്മളിൽ എത്ര പേരുണ്ട്?

സ്ത്രീധനം കൊടുത്ത് പെണ്മക്കളെ വിൽക്കുന്ന മാതാപിതാക്കൾ അസ്സൽ കച്ചവട ലാക്കോടെ തന്നെയാണ് ആണുങ്ങളെ വിലയ്‌ക്കെടുക്കുന്നത്. ഗവണ്മെന്റ് ജോലി , മാസശമ്പളം ,കിമ്പളം,സോഷ്യൽ സ്റ്റാറ്റസ്, കുടുംബമഹിമ, തറവാട്ട് പേര് പോസ്റ്റൽ പിൻ സഹിതം, കാർ , വീട് , സ്വത്ത്, ഒക്കെയും അളന്നുമുറിച്ചു നോക്കി, വീണ്ടും മുറിച്ചു ഉരച്ചു നോക്കി ആണുങ്ങളെ വാങ്ങുന്ന മാതാപിതാക്കൾ ഇവിടെ ഉള്ളിടത്തോളം കാലം ഈ വ്യവഹാരം ഇങ്ങനെ ഇടമുറയില്ലാതെ നടക്കും. ഇനിയുമിവിടെ ഉത്രമാർക്ക് സൂരജുമാർ മൂർഖൻപാമ്പിന്റെ കൊത്ത് സമ്മാനമായി നല്കും . വിസ്മയമാർ ചവിട്ടും അടിയുമേറ്റ നീലിച്ച പാടുകളോടെ ഉത്തരങ്ങളിൽ തൂങ്ങി നിന്നാടും.