ലിഫ്റ്റ് നല്കിയ പതിനാലുകാരനിൽ നിന്നും നേരിട്ട ദുരനുഭവത്തെ കുറിച്ചുള്ള അപർണ്ണയുടെ വീഡിയോ ആണല്ലോ നിലവിൽ സോഷ്യൽ മീഡിയയിൽ വൈറൽ . അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള സൈബറിടത്ത് അനുകൂലമായും പ്രതികൂലമായും അഭിപ്രായമുണ്ടാവുകയെന്നത് സ്വാഭാവികം. എന്നിരുന്നാലും ഈ വിഷയത്തിന്മേൽ ഞാനെന്ന അദ്ധ്യാപികയ്ക്കും ചിലത് കുറിക്കുവാനുണ്ട്. നമ്മളെല്ലാം സാമൂഹ്യജീവികളാണ്. ഒപ്പം സിവിക് സെൻസ് എന്തെന്നു അറിഞ്ഞിരിക്കേണ്ട പൗരന്മാരും. ലിഫ്റ്റ് കൊടുത്ത പതിനാലുകാരന്റെ അപക്വമായ ചെയ്തിയോളം തന്നെ ഗൗരവമേറിയ ഒന്നാണ് അപർണ്ണയെന്ന പക്വതയും ബോധവുമുള്ള പെൺകുട്ടി അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റ്. ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി ഹെൽമറ്റില്ലാതെ രണ്ട് കുട്ടികളെ പിന്നിലിരുത്തി യാത്ര ചെയ്യാനനുവദിച്ചത് എന്ത് സിവിക് സെൻസിന്റെ പിൻബലത്തിലാണ്. മൈനർ കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെയോ ഗാർഡിയൻസിന്റെയോ അനുവാദമില്ലാതെ ലിഫ്റ്റ് കൊടുക്കുവാൻ പാടുള്ളതല്ല. കുട്ടികൾ അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നതും അപരിചിതരായ മൈനേഴ്‌സിനു നമ്മൾ ലിഫ്റ്റ് കൊടുക്കുന്നതും ഒരു പോലെ തെറ്റാണ്. നമ്മൾ അറിഞ്ഞിരിക്കേണ്ട ആദ്യ സാമൂഹ്യപാഠം ഇതായിരിക്കണം.

പതിനാലു വയസ്സ് അത്രയ്ക്ക് അങ്ങനെ തീർത്തും നിഷ്‌കളങ്കമല്ലെന്ന് ഞാനെന്ന അദ്ധ്യാപിക പറയുന്നത് ആ പ്രായത്തിലുള്ള ഒരുപാട് കുഞ്ഞുങ്ങളെ നാട്ടിലും വിദേശത്തുമായി പഠിപ്പിച്ച അനുഭവത്തിന്മേലാണ്. അമ്മയുടെ സുഹൃത്തായ നാല്പതുകാരനെ താൻ പ്രണയിക്കുന്നുവെന്നും അത് ശരിയല്ലെന്നുപദേശിച്ച അയാളുടെ വീട്ടിലേയ്ക്ക് വിളിച്ച് ഭാര്യയോട് തന്റെ അമ്മയുമായി അയാൾക്ക് അവിഹിതമുണ്ടെന്ന കള്ളക്കഥ പറഞ്ഞ് കുടുംബ ചിദ്രമുണ്ടാക്കിയ കഥ സങ്കോചമില്ലാതെ തുറന്നു പറഞ്ഞ നാട്ടിലെ സ്‌കൂളിലെ എട്ടാം ക്ലാസ്സുകാരി. Miss ,Do you curb your sex drive through masturbation എന്നും I am feeling horny ,so shall I go to the wash room എന്നും ഇംഗ്ലീഷ് ക്ലാസ്സിനിടയിൽ എഴുന്നേറ്റു നിന്നു ചോദിച്ച പത്താം ക്ലാസ്സുകാരിയുടെയും ഒൻപതാം ക്ലാസ്സുകാരന്റെയും മുന്നിൽ ചൂളാതെ പിടിച്ചു നിന്ന മാലദ്വീപിലെ അദ്ധ്യാപന ജീവിതം.

അടുത്ത ദ്വീപിലെ അദ്ധ്യാപകനായ ജയചന്ദ്രൻ മൊകേരിയെ ഇല്ലാത്ത പീഡന കഥയുണ്ടാക്കി ജയിലിലടയ്ക്കാൻ മുന്നിൽ നിന്ന ഏഴാം ക്ലാസ്സുകാരൻ. അങ്ങനെയെന്തെല്ലാം അനുഭവങ്ങൾ നേരിട്ടറിഞ്ഞും അനുഭവിച്ചും കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായവ .അതിനാൽ തന്നെ അപർണ്ണയുടെ അനുഭവം ഒട്ടുമേ ഞെട്ടിച്ചില്ല. കാരണം അപക്വമായി അങ്ങനെ ചിലരെങ്കിലും കൗമാരത്തിൽ പെരുമാറുന്നത് യാദൃശ്ചികമല്ല പക്ഷേ ഞെട്ടിച്ചത് സമൂഹം അതും പെണ്ണുങ്ങൾ പോലും ആ വീഡിയോ ഇട്ട വിഷയത്തിന്മേലുള്ള ഇരുണ്ട സാമൂഹിക പ്രശ്‌നത്തെ കാണാതെ അവന്റെ ചെയ്തിയെ അഥവാ അനുവാദം ചോദിക്കലിനെ ഒരു പോസ്റ്റ് മോഡേൺ സമൂഹത്തിന്റെ വെൽ മാന്നേർഡ് ബിഹേവിയർ ആയും മറ്റും വാഴ്‌ത്തിപ്പാടുന്നതു കണ്ടപ്പോഴാണ്.

ലിഫ്റ്റ് കൊടുത്ത പെൺകുട്ടിയോട് ഞാനൊന്ന് പിടിച്ചോട്ടെയെന്ന് ചോദിച്ചത് നിഷ്‌കളങ്കമായ ഒരു ചോദ്യമല്ല. അത് അവനിലുള്ള സ്വാതന്ത്ര്യ ബോധവുമല്ല. മറിച്ച് ആ കുട്ടിയുടെ വികലമായ ചിന്തയുടെ ആകെ തുകയായ ഒരു മെന്റൽ ഡിസോർഡർ ആണ്. അതിനു ആ കുഞ്ഞ് തെറ്റുകാരനല്ല. പക്ഷേ തെറ്റുകാർ നമ്മളടങ്ങുന്ന സമൂഹമാണ്. സെക്‌സ് എന്നതിനെ taboo ആയി നോക്കി കാണുന്ന, sex education എന്നത് എന്തോ മഹാപരാധമായി നോക്കി കാണുന്നതുകൊണ്ടുള്ള പ്രശ്‌നമാണ് ആ കുഞ്ഞിനെ അങ്ങനെയാക്കിയത്. ഒപ്പം ഏതൊരു തുറന്നുകാട്ടലും ( തുറന്നെഴുത്ത് മുതൽ തെരുവിലെ ചുംബന സമരം വരെ) മഹത്തരമാണെന്ന പുത്തൻ നവോത്ഥാന ചുവരെഴുത്തുകളും അവനെ ആ തലം വരെ കൊണ്ടെത്തിച്ചു എന്നതാണ് സത്യം. തെറ്റായ കേന്ദ്രങ്ങളിൽ നിന്നു ലഭിക്കുന്ന ഭ്രമാത്മകമായ അറിവുകളാണ് പലപ്പോഴും കൗമാരക്കാരെ കുഴപ്പങ്ങളിൽ ചാടിക്കുന്നത്.

അരുവിയുടെ ഒഴുക്ക് പോലെയാണ് കൗമാരമനസ്സിലെ ലൈംഗിക ചിന്തകൾ. അതു തോന്നുന്ന വഴിക്കൊക്കെ ഒഴുകും. അപാരമായ വേഗത്തോടെ വന്യഭാവനകളുടെ താഴ്‌വരകളിലൂടെയാകും ആ സഞ്ചാരം. ഡിജിറ്റൽ ലോകവും ഇന്റർനെറ്റും ചേർന്നൊരുക്കുന്ന ഈ പുതിയ കാലത്തിൽ ആ സഞ്ചാരത്തിനു വഴി തെറ്റിയേക്കാം. അതേക്കുറിച്ച് മാതാപിതാക്കൾക്ക് വ്യക്തമായ ധാരണ വേണം. ജീവിതത്തെ ശരിയായ രീതിയിൽ ഡ്രൈവ് ചെയ്യാനുള്ള സ്റ്റിയറിങ് ബാലൻസ് നേടാൻ കൗമാരത്തിന് മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും സമൂഹത്തിന്റെയും പിന്തുണ അനിവാര്യമാണ്.

കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റത്തിനും കുട്ടികളുടെ സ്വഭാവദൂഷ്യത്തിന് വലിയൊരു പങ്കുണ്ട്. അണുകുടുംബത്തിലേക്ക് വഴിമാറിയതോടെ മുത്തച്ഛന്മാരുടെയും മുത്തശ്ശിമാരുടെയും സാന്നിധ്യമില്ലാതെയായി. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ ഉദ്യോഗസ്ഥരോ മറ്റ് ജോലിക്കു പോകുന്നവരോ ആയ മാതാപിതാക്കൾക്ക് കുട്ടികളെ ശ്രദ്ധിക്കാനും അവർക്ക് നല്ല കാര്യങ്ങൾ ശീലിപ്പിക്കാനും സമയമില്ല. പിന്നെ അവർ കണ്ടുപഠിക്കുന്നത് സുഹൃത്തുക്കളിൽ നിന്നാണ്. ചീത്തസ്വഭാവക്കാരുമായാണ് കൂട്ടുകെട്ടെങ്കിൽ സ്വഭാവം മോശമാകാൻ മറ്റൊന്നും വേണ്ടല്ലോ. മാതാപിതാക്കളും അദ്ധ്യാപകരും കുട്ടികളെ സ്ഥിരമായി നിരീക്ഷിച്ച്, അവരുടെ മാനസികാവസ്ഥയും കൗമാരത്തിന്റെ സവിശേഷതകളും കണ്ടറിഞ്ഞ്, തെറ്റുകൾ കണ്ടാൽ സ്നേഹത്തിന്റെ ഭാഷയിലൂടെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ് ഇതിനുള്ള പരിഹാര മാർഗം.

അപർണ്ണ ഇട്ട വീഡിയോയിലെ ആ കൗമാരക്കാരന്റെ തുറന്നുചോദിക്കാനുള്ള ധൈര്യത്തെ നമ്മൾ ഭയപ്പെടണം. കാരണം ഇന്ന് പതിനാലു വയസ്സിൽ വേണ്ടാതീനം കാട്ടട്ടേയെന്നു തുറന്നു ചോദിച്ച അവൻ നാളെ അനുകൂല സാഹചര്യം വരുമ്പോൾ ചോദിക്കാതെ ബലമായി വേണ്ടാതീനം കാട്ടും. ഡൽഹിയിലെ നിർഭയയോട് ഏറ്റവും നീചമായി പെരുമാറിയവൻ പ്രായം കൊണ്ട് ഏറ്റവും ചെറുതായിരുന്നുവെന്ന് ഓർക്കുക. നല്ലൊരു കൗൺസിലിങ്ങിലൂടെ ആ പതിനാലുകാരനെ നേർ വഴിക്ക് കൊണ്ടു വരാൻ നമുക്ക് കഴിയും.

കൂടെ ചേർത്തണച്ച് നിറുത്തി ചെയ്ത തെറ്റിന്റെ ഗൗരവം അവനെ മനസ്സിലാക്കിക്കുക. ലിഫ്റ്റ് ചോദിച്ചയുടനെ കുട്ടികളെ കയറ്റി ട്രാഫിക് ലംഘനം നടത്തി പിന്നീടവൻ ചെയ്ത തെറ്റിനെ ഉയർത്തി കാണിച്ചപ്പോൾ അപർണ്ണ മറന്നു പോയൊരു സാമൂഹ്യ പാഠമുണ്ട്. മുതിർന്നവർ വിലക്കുകളെ ലംഘിക്കുന്നത് കുട്ടികൾ മാതൃകയാക്കാറുണ്ട് എന്നത്. ഈ അനുഭവം എല്ലാവർക്കും ഒരു പാഠമാകട്ടെ ! പതിനാലു വയസ്സുള്ള കുട്ടി തീർത്തും നിഷ്‌കളങ്കനല്ലെന്നും വിവേകത്തോടെ ഇടപെടേണ്ടത് മുതിർന്നവരുടെ ചുമതലയാണെന്നുമുള്ള സാമൂഹ്യ പാഠങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ നമുക്ക് കഴിയട്ടെ !