ന്യൂഡൽഹി: സൈനികർക്കിടയിൽ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കി നിലനിർത്തണമെന്ന കേന്ദ്ര സർക്കാർ ഹരജിയിലെ വാദങ്ങൾക്കെതിരെ സിപിഐ നേതാവ് ആനി രാജ. കേന്ദ്ര സർക്കാറിന്റെ പരാമർശങ്ങൾ സൈനികരെയും പങ്കാളികളെയും അപമാനിക്കുന്നതാണെന്നും അവ പിൻവലിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മാപ്പ് പറയണമെന്ന് ആനി രാജ ആവശ്യപ്പെട്ടു.

വിവാഹേതര ലൈംഗികബന്ധം കുറ്റമല്ലാതാക്കിയ ഭരണഘടനാ ബെഞ്ച് വിധി സായുധസേനാംഗങ്ങൾക്ക് ബാധകമാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നൽകിയ ഹരജി പരിഗണിക്കാനിരിക്കെയാണ് സർക്കാരിനെതിരെ രൂക്ഷവിമർശനമുയർന്നിരിക്കുന്നത്.

ഈ ഹരജിയിൽ കേന്ദ്രം ഉന്നയിച്ച പരാമർശങ്ങളാണ് ഇപ്പോൾ വിമർശനത്തിന് വഴിവെച്ചിരിക്കുന്നത്. കുടുംബം വഴിവിട്ട നടപടകളിൽ ഏർപ്പെടുമോയെന്ന ആശങ്കയിലാണ് ജോലി ചെയ്യുന്ന സൈനികരെന്നും സൈനികരുടെ കുടുംബങ്ങളെ സഹായിക്കുന്ന പ്രാദേശിക യൂണിറ്റിലുള്ളവർക്ക് സ്വഭാവദൂഷ്യമുണ്ടാകാൻ സാധ്യതയുണ്ടെന്നുമായിരുന്നു കേന്ദ്രത്തിന്റെ ഹരജിയിൽ പറഞ്ഞിരുന്നത്. അതിനാൽ വിവാഹേതര ലൈംഗികബന്ധം സൈനികർക്കിടയിൽ കുറ്റകരമാക്കി നിലനിർത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.

വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലെന്ന് 2018 സെപ്റ്റംബറിലാണ് സുപ്രീം കോടതി വിധിക്കുന്നത്. മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗികബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497ാം വകുപ്പും ക്രിമിനൽ ചട്ടത്തിലെ 198(2) വകുപ്പും ഭരണഘടനാവിരുദ്ധമാണെന്നാണ് സുപ്രീം കോടതി വിധിച്ചത്.

സഹപ്രവർത്തകന്റെ ഭാര്യയുമായുള്ള വിവാഹേതര ബന്ധം സായുധ സേനാ നിയമങ്ങൾ പ്രകാരം കുറ്റകരമാണ്. സുപ്രീം കോടതി വിധി വന്നതോടെ സൈനികർക്കെതിരെ സ്വഭാവദൂഷ്യത്തിന് നടപടി സ്വീകരിക്കാനാവുന്നില്ലെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു. അതിനാൽ സേനാവിഭാഗങ്ങൾക്കിടയിൽ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കി തന്നെ നിലനിർത്തണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന്റെ ഹരജി പരിഗണിക്കുന്നത്.