അഹമ്മദാബാദ്: കോവിഡ് വ്യാപനത്തിന് പിന്നാലെ ബ്ലാക്ക്, യെല്ലോ, വൈറ്റ് ഫംഗസ് ബാധയ്ക്ക് സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നതിനിടെ മറ്റൊരു ഫംഗസ് ബാധ കൂടി കണ്ടെത്തി.

മൂക്കുമായി ബന്ധപ്പെട്ട ആസ്പർജില്ലോസിസ് രോഗം ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തു.കോവിഡ് രോഗികളിലും കോവിഡ് രോഗമുക്തി നേടിയവരിലുമാണ് ഈ രോഗം കണ്ടെത്തിയത്.

വഡോദരയിലാണ് ആസ്പർജില്ലോസിസ് രോഗം റിപ്പോർട്ട് ചെയ്തത്. എസ്എസ്ജി ആശുപത്രിയിൽ എട്ടു പേരാണ് ചികിത്സയിൽ കഴിയുന്നത്. കോവിഡിൽ നിന്ന് രോഗമുക്തി നേടിയവരിലും കോവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരിലുമാണ് രോഗബാധ കണ്ടെത്തിയതെന്ന് ഡോക്ടർമാർ പറയുന്നു.

സ്റ്റിറോയിഡ് ഉപയോഗിക്കുന്ന കോവിഡ് രോഗികളിലാണ് ഫംഗസ് ബാധയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഡോക്ടർ ശീതൾ മിസ്ട്രി പറയുന്നു.ഓക്സിജൻ വിതരണത്തിന് അസംസ്‌കൃത വസ്തുവായി അണുവിമുക്തമാക്കാത്ത വെള്ളം ഉപയോഗിക്കുന്നതും ഇതിന് കാരണമാകുന്നതായി ഡോക്ടർ പറയുന്നു.