കൊച്ചി: എംകോം പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തിൽ മറ്റു പരീക്ഷകളിലെ മാർക്കിന്റെ ശരാശരി കണക്കാക്കി വിദ്യാർത്ഥിക്കു മാർക്ക് അനുവദിക്കാൻ കേരള സർവകലാശാലയ്ക്കു ഹൈക്കോടതി നിർദ്ദേശം നൽകി. കൊല്ലം സ്വദേശി കെ.എം. സഫ്‌നയുടെ ഹർജിയിലാണു ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്.

കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിലാണു ഹർജിക്കാരി എംകോം പഠിച്ചത്. ആരോഗ്യ കാരണങ്ങളാൽ ഒരു സെമസ്റ്റർ പരീക്ഷ എഴുതാനായില്ല. സപ്ലിമെന്ററി പരീക്ഷയ്ക്ക് ആലപ്പുഴ എസ്ഡി കോളജിലാണു സെന്റർ കിട്ടിയത്. തോറ്റതായി ഫലം വന്നു. അന്വേഷിച്ചപ്പോൾ കോളജിൽ നിന്നു സർവകലാശാലയിൽ ഏൽപിച്ച ചില ഉത്തരക്കടലാസ് കെട്ടുകൾ നഷ്ടപ്പെട്ടതായി മനസ്സിലായി.

ഇതോടെയാണ് വിദ്യാർത്ഥിനി കോടതിയെ സമീപിച്ചത്.സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനം ഉണ്ടാകുമോ എന്നു നോക്കി കോടതിക്കു കാഴ്ചക്കാരനായി നിൽക്കാനാവില്ലെന്നും വിദ്യാർത്ഥിക്കു ബിഎഡിന് അപേക്ഷിക്കാനുള്ള സമയപരിധി തീരുകയാണെന്നും വ്യക്തമാക്കിയാണു നടപടി.