ന്യൂഡൽഹി: ഇന്ത്യ കോവിഡുമായുള്ള കടുത്ത പോരാട്ടത്തിലാണ്. കോവിഡ് രോഗികൾ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിക്കുന്ന സാഹചര്യം നിലനിൽക്കുന്ന രാജ്യത്തിന് പ്രതീക്ഷയായി പുതിയ കണ്ടുപിടുത്തം. കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച കോവിഡ് മരുന്നിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത് കോവിഡ് പോരാട്ടത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

കോവിഡ് രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ അനുകൂല ഫലം ലഭിച്ചതിന് പിന്നാലെയാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) മരുന്നിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്. ഡ്രഗ് 2-ഡിഓക്‌സി-ഡി-ഗ്ലൂക്കോസ് (2ഡിജി) എന്ന മരുന്ന് ഡിആർഡിഒ ലാബും ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ റെഡ്ഡീസ് ലബോറട്ടറിയും സംയുക്തമായാണ് വികസിപ്പിച്ചത്. ചെറിയ പാക്കറ്റിൽ പൗഡർ രൂപത്തിലുള്ള കോവിഡ് മരുന്ന് വെള്ളത്തിൽ ലയിപ്പിച്ചാണ് കഴിക്കേണ്ടത്.

കോവിഡ് രോഗികൾ വേഗത്തിൽ രോഗമുക്തരാകാനും മെഡിക്കൽ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഡിആർഡിഒ വികസിപ്പിച്ച മരുന്ന് സഹായിക്കുമെന്ന് ക്ലിനിക്കൽ പരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. മരുന്ന് നൽകിയ വലിയൊരു ശതമാനം കോവിഡ് രോഗികളും ആർടിപിസിആർ പരിശോധനയിൽ കോവിഡ് നെഗറ്റീവായതായി കണ്ടെത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം മെയ്‌ മുതൽ ഒക്ടോബർ വരെ നടത്തിയ രണ്ടാംഘട്ട പരീക്ഷണത്തിൽ ഈ മരുന്ന് രോഗികളിൽ സുരക്ഷിതമാണെന്നും രോഗമുക്തിയിൽ ഗണ്യമായ പുരോഗതിയും കാണിച്ചിരുന്നു. 110 രോഗികളിലാണ് രണ്ടാം ഘട്ട പരീക്ഷണം നടത്തിയിരുന്നതെങ്കിൽ ആറ് ആശുപത്രികളിലായി ചികിത്സയിലുള്ള കോവിഡ് രോഗികളിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തിയത്.

അതേസമയം രാജ്യത്തെ കോവിഡ് ടെസ്റ്റുകളുടെ വേഗം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും വിജയം കണ്ടേക്കും. നിലവിലെ ടെസ്റ്റിങ് സംവിധാനങ്ങളെല്ലാം ഏറെ സമയമെടുക്കുന്നുണ്ട്. ഇതിനു പരിഹാരം കാണാൻ ഇസ്രയേൽ സാങ്കേതികവിദ്യ ഇന്ത്യയിലും നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ഇസ്രയേലിൽ നിന്നുള്ള വിദഗ്ധരെ ഇന്ത്യയിലെത്തിക്കാൻ നീക്കം നടത്തുകയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്.

ഇസ്രയേലിൽ നിന്നുള്ള വിദഗ്ധ സംഘത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ മെയ് 6 ന് തന്നെ റിലയൻസ് കേന്ദ്ര സർക്കാരിനോട് പ്രത്യേക അനുമതി തേടിയിരുന്നു. അതിവേഗത്തിലുള്ള കോവിഡ്-19 ടെസ്റ്റിങ് സംവിധാനങ്ങൾ റിലയൻസ് ടീമിനെ പരിശീലിപ്പിക്കാനും ടെക്‌നോളജി ഇൻസ്റ്റാൾ ചെയ്യാനും ഇസ്രേയേൽ വിദഗ്ധരുടെ സഹായം ആവശ്യമാണ്. ഇതിനായി നേരത്തെ തന്നെ ഇസ്രയേലി സ്റ്റാർട്ട്അപ്പുമായി റിലയൻസ് 15 ദശലക്ഷം ഡോളറിന്റെ കാരാറിലെത്തിയിരുന്നു.

റിലയൻസിന്റെ അഭ്യർത്ഥനപ്രകാരം ബ്രീത്ത് ഓഫ് ഹെൽത്തിലെ (BOH) പ്രതിനിധി സംഘത്തിന് ഇതിനകം തന്നെ ഇസ്രയേൽ സർക്കാരിൽ നിന്ന് അടിയന്തര അനുമതി ലഭിച്ചിട്ടുണ്ട്. ഇവർക്ക് ഉടൻ തന്നെ ഇന്ത്യയിലേക്ക് തിരിക്കാനാകുമെന്നാണ് കരുതുന്നത്. ആഗോളതലത്തിൽ കോവിഡ് -19 കേസുകൾ വർധിക്കുന്നതിനിടയിൽ ഇസ്രയേൽ തങ്ങളുടെ പൗരന്മാർക്ക് ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.

റിപ്പോർട്ടുകൾ അനുസരിച്ച് ഇസ്രയേലി മെഡിക്കൽ ടെക്‌നോളജി കമ്പനിയിലെ വിദഗ്ദ്ധർ ഇന്ത്യയിലെ റിലയൻസ് ടീമിനെ പരിശീലിപ്പിക്കും. ഈ സംവിധാനം ഉപയോഗിച്ച് ആദ്യഘട്ടത്തിൽ തന്നെ കോവിഡ് രോഗികളെ ശ്വസനത്തിലൂടെ തിരിച്ചറിയാൻ കഴിയും. ഇതിന്റെ ഫലങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ലഭ്യമാകുകയും ചെയ്യും.

കമ്പനിയുടെ സ്വിഫ്റ്റ് കോവിഡ്-19 ശ്വസന പരിശോധന സംവിധാനം വാങ്ങുന്നതിനായി ജനുവരിയിൽ റിലയൻസ് ബിഒഎച്ചുമായി 15 ദശലക്ഷം ഡോളറിന്റെ കരാർ ഒപ്പിട്ടിരുന്നു. കരാർ പ്രകാരം, റിലയൻസ് ഇസ്രയേൽ കമ്പനിയിൽ നിന്ന് നൂറുകണക്കിന് ടെസ്റ്റിങ് സിസ്റ്റങ്ങൾ വാങ്ങുകയും പ്രതിമാസം 10 ദശലക്ഷം ഡോളർ ചെലവിൽ ദശലക്ഷക്കണക്കിന് ടെസ്റ്റുകൾ നടത്താൻ അവ ഉപയോഗിക്കുകയും ചെയ്യും.