ന്യൂഡൽഹി: ആഭ്യന്തര ഉൽപ്പാദകരുടെ ആവശ്യം പരിഗണിച്ച് അലൂമിനിയം ഫോയിലിന് ഇറക്കുമതി നിയന്ത്രണ തീരുവ ചുമത്തി കേന്ദ്ര സർക്കാർ. ടണ്ണിന് 95.53 മുതൽ 976.99 ഡോളർ (7,021 രൂപ- 71,736 രൂപ) വരെയാണ് വിവിധ ഉൽപ്പാദകർക്കും രാജ്യങ്ങൾക്കുമായി ചുമത്തിയത്.

80 മൈക്രോണിൽ താഴെയുള്ള അലൂമിനിയം ഫോയിലിനാണ് തീരുമാനം ബാധകമാകുക. ചൈന, തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഇതോടെ കുറയും.

ആഭ്യന്തര ഉൽപ്പാദകരെ സഹായിക്കാനും രാജ്യത്തെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ആന്റി ഡംപിങ് ഡ്യൂട്ടി-എഡിസി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ആന്റി ഡംപിങ് നികുതി ചുമത്തണമെന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ തീരുമാനം.

ഹിൻഡാൽകോ, ജിൻഡാൽ തുടങ്ങിയ കമ്പനികൾ ഇറക്കുമതിയിൽ നിയന്ത്രണം നടപ്പാക്കണം എന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു.