തിരുവനന്തപുരം: ചെറുരാഷ്ട്രീയ കക്ഷികൾ വെല്ലുവിളി നേരിടുന്ന പുതിയ രാഷ്ട്രീയസാഹചര്യത്തിൽ എൽഡിഎഫ് ഇതര ഇടതുകക്ഷികൾ സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനം. സംസ്ഥാനത്തിനുള്ളിൽ ഇടതുമുന്നണിയിൽ ഉൾപ്പെടാത്ത ഒരു ഇടതുചേരി സൃഷ്ടിക്കാനാണ് അവരുടെ ശ്രമം.

നിലവിൽ ഇടതുമുന്നണിയെക്കാൾ കൂടുതൽ ഇടതുകക്ഷികളുള്ളത് പുറത്താണെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. ആർഎസ്‌പി, സിഎംപി, ഫോർവേർഡ് ബ്ലോക്ക് എന്നീ കക്ഷികളാണ് നിലവിൽ യുഡിഎഫിനുള്ളിലുള്ളത്. ആർഎംപിഐയും പുറത്തുനിന്ന് യുഡിഎഫുമായി സഹകരിക്കുന്നു. അവരെ കൂടാതെ എസ്.യു.സിഐ, സിപിഐഎംഎല്ലിന്റെ വിവിധ ജനാധിപത്യ ഗ്രൂപ്പുകൾ, എംസിപിഐ(യു) തുടങ്ങിയ കക്ഷികളും ഒരു മുന്നണിയിലും ഉൾപ്പെടാതെ നിൽക്കുന്നുണ്ട്. ഇവരെയും കൂട്ടായ്മയിൽ ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ട്.

നിലവിൽ എസ്.യു.സിഐയുമായി പ്രശ്‌നാധിഷ്ടിതമായ സഹകരണം യു.ഡി.എഫിലെ ഇടതുകക്ഷികൾ പുലർത്തുന്നുണ്ട്. അത് മുന്നണിക്ക് പുറത്തെ മറ്റ് കക്ഷികളിലേയ്ക്ക് കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ.

വാളയാർ സംഭവം, പന്തിരങ്കാവ് യുഎപിഎ കേസ് തുടങ്ങിയ വിഷയങ്ങളിൽ ഈ കക്ഷികൾ സഹകരിച്ച് പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. മുന്നണിക്കകത്തും ചെറുകക്ഷികൾക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാത്ത സാഹചര്യത്തിലാണ് സമാനമനസ്‌കരുമായി കൂട്ടുചേർന്ന് ശക്തിസമാഹരണത്തിന് സിഎംപി തയ്യാറാടെക്കുന്നത്.

ആദ്യഘട്ടമായി ആർഎംപിഐയുമായി സഹകരിച്ച് നീങ്ങാൻ സി.എംപി. സംസ്ഥാന എക്‌സിക്യുട്ടീവ് തീരുമാനിച്ചിട്ടുണ്ട്. ആർഎംപിഐ നേതാക്കളായ എൻ വേണു, കെകെ രമ എന്നിവരുമായി ഇക്കാര്യം സംസാരിച്ചതായി സി.എംപി. സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ പറഞ്ഞു.

ഘടകകക്ഷികൾക്ക് കൃത്യമായ പരിഗണന ലഭിക്കേണ്ടതുണ്ട്. എൽഡിഎഫ് കാണിക്കുന്ന ആ പരിഗണന ആ മുന്നണിയുടെ ബലത്തിന്റെ ഉദാഹരണമാണ്. ഇക്കുറി കേരളാകോൺഗ്രസ് മാണി വിഭാഗവും ലോക് താന്ത്രിക് വിഭാഗവും മുന്നണിയിൽനിന്ന് പോയതോടെ യു.ഡി.എഫിന് അഞ്ചുശതമാനത്തിലധികം വോട്ടിന്റെ കുറവുണ്ടായതായും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ വലിയ തകർച്ചയൊന്നും യു.ഡി.എഫിന് ഉണ്ടായിട്ടില്ല. വേഗം തിരിച്ചുവരാവുന്നതേയുള്ളൂ. പരസ്പരവിശ്വാസത്തിലെടുത്ത് മുന്നണി പൊതുപ്രശ്‌നങ്ങളിൽ ശക്തമായ നിലപാടെടുത്ത് മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും ജോൺ പറഞ്ഞു.