തൃശൂർ : ചലച്ചിത്ര സംവിധായകനും ക്യാമറാമാനുമായ ആന്റണി ഈസ്റ്റ്മാൻ അന്തരിച്ചു. 75 വയസ്സായിരുന്നു. തൃശൂരിൽ വച്ചായിരുന്നു അന്ത്യം. നിശ്ചല ഛായാഗ്രാഹകനായി എത്തി, ചലച്ചിത്ര രംഗത്ത് സംവിധാനം, നിർമ്മാണം, തിരക്കഥ, കഥ, എന്നീ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ആന്റണി ഈസ്റ്റ്മാൻ. ഇണയെത്തേടി, വർണ്ണത്തേര്, മൃദുല, ഐസ്‌ക്രീം, അമ്പട ഞാനേ, വയൽ എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.

സിൽക്ക് സ്മിത, സംഗീത സംവിധായകൻ ജോൺസൺ എന്നിവർ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത് ആന്റണി ഈസ്റ്റ്മാന്റെ ഇണയെത്തേടി എന്ന സിനിമയിലൂടെയാണ്. രചന, ഈ ലോകം ഇവിടെ കുറെ മനുഷ്യർ, ഇവിടെ ഈ തീരത്ത്, ഐസ്‌ക്രീം, മൃദുല, മാണിക്യൻ, തസ്‌ക്കരവീരൻ, ക്ലൈമാക്സ് എന്നീ ചിത്രങ്ങൾക്ക് കഥയെഴുതി. മൃദുല എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്. പാർവ്വതീപരിണയം എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തു.