കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയിലും അംഗത്വമെടുത്ത് ആന്റണി പെരുമ്പാവൂർ.ഞായറാഴ്‌ച്ച നടന്ന 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിനോട് അനുബന്ധിച്ചാണ് ആന്റണി സംഘടനയിൽ അംഗത്വമെടുത്തത്.26 ഓളം സിനിമകളിലാണ് ചെറുതും വലുതുമായ വേഷത്തിൽ ആന്റണി പെരുമ്പാവൂർ അഭിനയിച്ചിട്ടുള്ളത്. കിലുക്കമായിരുന്നു ആദ്യ ചിത്രം. ഇരുപത്തിയൊന്നാം നൂറ്റാണ്ട്,ദൃശ്യം 2 പോലെയുള്ള സിനിമകളിലെ മുഴുനീള പൊലീസ് വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ മരക്കാറിലും ചെറിയ വേഷത്തിൽ ആന്റണി എത്തിയിരുന്നു.

നിർമ്മാതാവെന്ന നിലയിൽ നേരത്തെ ശ്രദ്ധേയനായ ആന്റണി പെരുമ്പാവൂർ ഇതിനോടകം തന്നെ 32 സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. മലയാളത്തിലെ തന്നെ പണംവാരി ചിത്രങ്ങളിൽ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രങ്ങൾ മുന്പന്തിയിലുണ്ട്. ഏറ്റവും വലിയ മുതൽമുടക്കിൽ നിർമ്മിച്ച മലയാള സിനിമയെന്ന റെക്കോർഡും ആന്റണി പെരുമ്പാവൂർ നിർമ്മിച്ച മരക്കാർ അറബിക്കടലിന്റെ സിംഹത്തിനാണ്. തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റായും ആന്റണി പ്രവർത്തിച്ചിരുന്നു.കഴിഞ്ഞ മാസമാണ് ഈ സ്ഥാനം ആന്റണി രാജിവെച്ചത്.

മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഇന്നുള്ള നിർമ്മാതാക്കളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് ആന്റണി പെരുമ്പാവൂർ. 2000ത്തിൽ അന്ന് വരെയുള്ള കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് ഇൻഡസ്ട്രി ഹിറ്റായി തീർന്ന നരസിംഹം നിർമ്മിച്ചാണ് ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂർ നിർമ്മാണരംഗത്തേക്ക് കടന്ന് വന്നത്. മോഹൻലാൽ അഭിനയിച്ച 32 ചിത്രങ്ങളാണ് ആശിർവാദ് സിനിമാസ് നിർമ്മിച്ചത്. പ്രണവ് നായകനായ ആദിയും നിർമ്മിച്ചത് ആശിർവാദ് സിനിമാസ് തന്നെയാണ്.

ആശിർവാദ് സിനിപ്ലെക്‌സ് എന്ന തീയറ്റർ ശൃംഖല സ്വന്തമായിട്ടുള്ള ആന്റണി പെരുമ്പാവൂർ മാക്സ്ലാബ് സിനിമാസ് ആൻഡ് ഇന്റെർറ്റൈന്മെന്റ്‌സിലൂടെ വിതരണരംഗത്തും ശക്തമായ ഒരു സാന്നിദ്ധ്യമാണ്. നിർമ്മാതാവ് എന്ന നിലയിൽ രണ്ട് ദേശീയ അവാർഡുകളും നാല് കേരള സംസ്ഥാന അവാർഡുകളും ഒരു ഫിലിംഫെയർ അവാർഡും ആന്റണി പെരുമ്പാവൂർ കരസ്ഥമാക്കിയിട്ടുണ്ട്. പട്ടണപ്രവേശം എന്ന ചിത്രത്തിന്റെ സമയത്ത് താത്കാലിക ഡ്രൈവറായി എത്തിയ വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. പിന്നീട് മോഹൻലാലിന്റെ സ്ഥിരം ഡ്രൈവറായി തീരുകയായിരുന്നു ആന്റണി പെരുമ്പാവൂർ.