തിരുവനന്തപുരം: തട്ടിയെടുക്കപ്പെട്ട സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാൻ സെക്രട്ടേറിയറ്റിനു മുന്നിൽ അനുപമ എസ്. ചന്ദ്രന്റെ നിരാഹാര സമരം. നീതിക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് സമരം ആരംഭിക്കുന്നതിനു മുൻപ് അനുപമ പ്രതികരിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ് വിളിച്ചിരുന്നു. സംഭവത്തിലെ കുറ്റക്കാർക്കെതിരേ വകുപ്പ് തലത്തിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. അതിൽ തനിക്ക് സന്തോഷവും തൃപ്തിയുമുണ്ടെന്നും അനുപമ പറഞ്ഞു. ആന്ധ്രയിലേക്കാണ് ദത്ത് പോയതെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. കുഞ്ഞിനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ തനിക്കിപ്പോഴുണ്ടെന്നും അനുപമ പറഞ്ഞു.

ഇത് സർക്കാരിനെതിരെയുള്ള സമരമല്ല. കുഞ്ഞിനെ കാണാതായെന്ന് പരാതി കൊടുത്തപ്പോഴും പൊലീസ് എഫ്.ഐ.ആർ ഇടാനോ മൊഴി രേഖപ്പെടുത്താനോ തയ്യാറായില്ല. കുട്ടിയെ കാണാതായെന്ന പരാതിയുമായി കയറിയിറങ്ങാത്ത സ്ഥലമില്ല. പരാതിയുമായി പോയി കരയുമ്പോൾ ഞാനൊരു അമ്മയാണെന്ന പരിഗണന പോലും ലഭിച്ചിട്ടില്ല. പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തപ്പോൾ എഫ്.ഐ.ആർ ഇടാൻ തയ്യാറായില്ല. മൊഴി പോലും രേഖപ്പെടുത്തിയില്ല. ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരുന്ന് ചെയ്യേണ്ട കാര്യങ്ങൾ പോലും പൊലീസും സി.ഡബ്ല്യൂ.സിയും ശിശുക്ഷേമ സമിതിയും ചെയ്തിട്ടില്ല. അതിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെടാനുള്ളത്.

എന്റെ സമരം ഒരു പാർട്ടിക്കും എതിരല്ല, ഒരു പാർട്ടിയുടേയും പിന്തുണയിലല്ല. സിപിഎം നേതാക്കളെ എ.കെ.ജി സെന്ററിൽ പോയി കണ്ടതാണ്. പലതവണ പരാതി ധരിപ്പിച്ചു. എന്തെങ്കിലും ചെയ്യാൻ പറ്റുന്ന സമയത്ത് പാർട്ടി നേതാക്കളാരും സഹായിച്ചിട്ടില്ല. ഇപ്പോൾ കുറേ നേതാക്കൾ പിന്തുണ അറിയിച്ചിട്ടുണ്ട്. അത് സ്വീകരിക്കുന്നു. അന്ന് സംസാരിച്ച രീതിയിലല്ല ഇന്ന് പലരും സംസാരിക്കുന്നത്. കുട്ടിയെ കൈമാറിയെന്ന് തന്റെ അച്ഛൻ തന്നെ സമ്മതിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം ഇപ്പോഴും ലോക്കൽ കമ്മിറ്റി അംഗമായും സിഐ.ടി.യു ഭാരവാഹിയായും തുടരുകയാണ്. അതിനർഥം പാർട്ടി അച്ഛനെ പിന്തുണയ്ക്കുന്നു എന്നതാണ്. എന്തുകൊണ്ടാണ് പാർട്ടി അച്ഛനെതിരേ നടപടി സ്വീകരിക്കാത്തതെന്ന് അനുപമ ചോദിച്ചു.

അതിനിടെ ജയചന്ദ്രനേയും ഭാര്യ സ്മിതയേയും മകളേയും മരുമകനേയും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. ഇവരെ അറസ്റ്റ് ചെയ്യാതെ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. സിപിഎം ഇടപെടലാണ് ഇതിന് കാരണവും. ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലിൽ അടയ്‌ക്കേണ്ട കുറ്റാരോപണമാണ് ഉണ്ടായിരിക്കുന്നത്. അതൊഴിവാക്കാനാണ് നീക്കം. കുട്ടിയെ തിരിച്ചു കൊടുക്കാമെന്ന് ഉറപ്പു നൽകി കേസ് പിൻവലിപ്പിക്കാനാണ് നീക്കം. ഇതിന് വേണ്ടിയാണ് കേസിൽ ആരേയും അറസ്റ്റ് ചെയ്യാത്തത്.

പ്രസവിച്ച് മൂന്നാംദിവസം അമ്മയിൽനിന്നും മാറ്റിയ കുഞ്ഞിനെ എത്രയും വേഗം നാടുകടത്താനുള്ള ഗൂഢാലോചന നടപ്പാക്കിയത് രണ്ടു സ്ഥാപനങ്ങളിലായിരുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളെ പരിപാലിക്കുന്നതിന് ചുമതലപ്പെട്ട ശിശുക്ഷേമ സമിതിക്കും കുട്ടികളുടെ ദത്തുനൽകലിനും മറ്റ് നിയമപരമായ കാര്യങ്ങളുടെയും ചുമതലയുള്ള ചൈൽഡ് വെൽഫെയർ കമ്മറ്റിക്കും (സി.ഡബ്ല്യു.സി.) നേരെയാണ് ആരോപണങ്ങൾ ഉയരുന്നത്. മുൻ എസ്.എഫ്.ഐ. നേതാവായ അനുപമയുടെയും പങ്കാളി മുൻ ഡിവൈഎഫ്ഐ. നേതാവ് അജിത്തിന്റെയും കുഞ്ഞിനെയാണ് പരാതികൾ പരിഗണിക്കാതെ ദത്തുനൽകിയത്. കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് ചുമതലപ്പെട്ട രണ്ട് പ്രധാനസംവിധാനങ്ങൾതന്നെ ഇതിന് വിരുദ്ധമായി പ്രവർത്തിച്ചത് വലിയ നിയമപ്രശ്‌നമാണെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഈ വിഷയം പരാതികിട്ടിയപ്പോൾതന്നെ പാർട്ടി ചർച്ചചെയ്തതാണെന്ന് സിപിഎം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ കഴിഞ്ഞദിവസം സമ്മതിച്ചു. കുഞ്ഞിനെ ശിശുക്ഷേമസമിതിയിൽ ഏൽപ്പിച്ചെന്ന് കുട്ടിയുടെ അച്ഛനും സിപിഎം. നേതാവുമായ പി.എസ്. ജയചന്ദ്രൻ പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സമിതി ജനറൽ സെക്രട്ടറി ഷിജുഖാനോട് ഈ വിവരം ചോദിച്ചെന്നും നിയമപരമായാണ് കുഞ്ഞിനെ ഏറ്റെടുത്തതെന്ന് ഷിജുഖാൻ മറുപടിനൽകിയതായും ആനാവൂർ നാഗപ്പൻ പറഞ്ഞു. കുഞ്ഞ് എത്തിയത് ജനറൽ സെക്രട്ടറി ഷിജുഖാൻ ഉൾപ്പെടെയുള്ളവരുടെ അറിവോടെയാണെന്നാണ് പാർട്ടിതന്നെ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ, പരാതിയുമായി ഏപ്രിലിൽ ഷിജുഖാനെ സമീപിച്ച മാതാപിതാക്കളോട് തനിക്ക് ഒന്നും അറിയില്ലെന്നാണ് ജനറൽ സെക്രട്ടറി മറുപടിനൽകിയത്. നാലുമാസം കഴിഞ്ഞ് ദത്തുനൽകിയതിനുശേഷം മാത്രമാണ് കുഞ്ഞിനെ നൽകിയത് ശിശുക്ഷേമസമിതിയിലാണെന്ന് മാതാപിതാക്കളെ പൊലീസ് അറിയിക്കുന്നത്.

ഓഗസ്റ്റ് ആദ്യമാണ് കുട്ടിയുടെ ഡി.എൻ.എ. പരിശോധന വേണമെന്നാവശ്യപ്പെട്ട് അനുപമ സി.ഡബ്ല്യു.സി.യെ സമീപിക്കുന്നത്. പരാതി ലഭിക്കുന്നതിന് രണ്ടുദിവസംമുമ്പ് കുഞ്ഞിനെ ആന്ധ്ര സ്വദേശികൾക്ക് ദത്തുനൽകിയിരുന്നു. എന്നാൽ, ഡി.എൻ.എ. പരിശോധനയ്ക്ക് സമയം നൽകിയത് സെപ്റ്റംബർ 30-നു മാത്രമാണ്. ഇതേദിവസം സമിതിയിൽ ലഭിച്ച മറ്റൊരു കുഞ്ഞിന്റെ ഡി.എൻ.എ. പരിശോധന നടത്തിയതും ആസൂത്രിതമാണ്. എന്നിട്ടും താത്കാലികമായി നൽകിയ ഈ ദത്ത് സ്ഥിരമാക്കുന്നതിനുള്ള സത്യവാങ്മൂലം ഒക്ടോബർ ആദ്യം ഷിജുഖാൻ കോടതിയിൽ നൽകി. അന്വേഷിച്ചിട്ടും കുഞ്ഞിന്റെ സ്വന്തം മാതാപിതാക്കളെ കണ്ടെത്താനോ തിരിച്ചറിയാനോ കഴിഞ്ഞിട്ടില്ലെന്നാണ് ഷിജുഖാന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. പരാതിയിൽ ഡി.എൻ.എ. ടെസ്റ്റടക്കം നടത്തുമ്പോഴും ദത്തിന്റെ നിയമനടപടികൾ എത്രയും വേഗം പൂർത്തിയാക്കാനായിരുന്നു നീക്കം.

ചൈൽഡ് വെൽഫെയർ കമ്മറ്റി, ദത്തുനൽകൽ കമ്മറ്റി എന്നിവയ്ക്ക് വിവരങ്ങൾ തേടി പൊലീസ് കത്തുനൽകിയിട്ടുണ്ട്. ദത്തിന്റെ വിവരങ്ങൾ ലഭിക്കാത്തത് പൊലീസിന്റെ തുടരന്വേഷണത്തെ ബാധിക്കും. ഈ വിവരങ്ങൾ ലഭിക്കാതെ കുഞ്ഞ് എവിടെയാണെന്നു കണ്ടെത്താനാവില്ല. അനുപമയുടെ കുഞ്ഞ് ശിശുക്ഷേമസമിതിയിൽ എത്തിയിട്ടുണ്ടെന്നാണ് പ്രാഥമികവിവരമെന്നും പൊലീസ് പറയുന്നു.