തിരുവനന്തപുരം: കുഞ്ഞിനുവേണ്ടിയുള്ള പോരാട്ടം വഴിതെറ്റിക്കാനായി അനുപമയുടെ പിതാവും പാർട്ടിയും തന്നെ രംഗത്തിറക്കിയെന്ന ആരോപണത്തിൽ മറുപടിയുമായി അജിത്തിന്റെ ആദ്യ ഭാര്യ നാസിയ. ആരും തന്നെ നിർബന്ധിച്ചിട്ടില്ലെന്നും അനുപമ പറയുന്ന കാര്യങ്ങൾ മാത്രമാണ് ഇവിടെ കണക്കിലെടുക്കുന്നതെന്നും നാസിയ മാധ്യമങ്ങളോട് പറഞ്ഞു.

ജനുവരിയിലാണ് ഒമ്പത് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അതിനുശേഷമാണ് ഫെബ്രുവരിയിൽ അനുപമ കുഞ്ഞിനെ തിരക്കിയിറങ്ങിയത്. അനുപമയുടെ പിതാവ് ആവശ്യപ്പെട്ടതുപ്രകാരം വിവാഹമോചനം തരില്ലെന്ന് പറയാൻ അനുപമയുടെ വീട്ടിൽ പോയിരുന്നു. ഇതിനുശേഷമാണ് അനുപമ കുഞ്ഞിനെ ദത്ത് നൽകിയത്.

മേഖല കമ്മിറ്റിയിലേക്ക് രണ്ടുവർഷം മുമ്പ് അനുപമ വന്നതിനുശേഷമാണ് അജിത്തുമായി ബന്ധം തുടങ്ങിയത്. കമ്മിറ്റിയിലൊക്കെ ഇരുവരും ഒരുമിച്ചിരിക്കുമ്പോൾ എന്താണെന്ന് ചോദിക്കാറുണ്ട്. ഒരുതവണ കമ്മിറ്റി കഴിഞ്ഞ ഉടനെ ഞാൻ ഇറങ്ങിപ്പോയി. അന്ന് അജിത്ത് തന്റെ പേരിൽ കുറ്റം ചാർത്തുകയായിരുന്നു. അജിത്തും അനുപമയും തമ്മിൽ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ലെന്നും നാസിയ കൂട്ടിച്ചേർത്തു.

അതേസമയം, അനുപമയുടെ കുഞ്ഞിന്റെ ദത്തുമായി ബന്ധപ്പെട്ട് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ വനിത ശിശുവികസന ഡയറക്ടർ വിളിച്ചുവരുത്തി. മന്ത്രി വീണാജോർജ് നിർദ്ദേശിച്ച അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി. വിളിച്ചുവരുത്തിയത് ഔദ്യോഗിക നടപടിക്രമം അനുസരിച്ചാണെന്നും ഡയറക്ടർ ചോദിച്ച കാര്യങ്ങൾക്ക് വ്യക്തമായ മറുപടി പറഞ്ഞെന്നും ഷിജു ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.അതേസമയം, കുഞ്ഞിനെ ദത്തുനൽകിയ കേസുമായി ബന്ധപ്പെട്ട് ആറുപേർ മുൻകൂർ ജാമ്യാപേക്ഷ നൽകി.

അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ജെയിംസ് ബന്ധുവും കോർപറേഷൻ മുൻകൗൺസിലറുമായ അനിൽകുമാർ, ജയചന്ദ്രനെ സഹായിച്ച രമേശൻ എന്നിവർ ഉൾപ്പടെ ആറുപേരാണ് ജാമ്യാപേക്ഷ നൽകിയത്. ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി വ്യാഴാഴ്ച പരിഗണിക്കും.കുഞ്ഞിനെ തിരികെ കിട്ടാൻ ഇന്നലെ അനുപമ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരസമരം നടത്തിയിരുന്നു. രാവിലെ 10ന് ആരംഭിച്ച സമരം വൈകിട്ട് അഞ്ചിന് അവസാനിക്കുന്നതിന് മുമ്പ് അനുപമയ്ക്ക് അനുകൂലമായി സർക്കാർ നടപടിയും തുടങ്ങി.

ശിശുക്ഷേമ സമിതിയിൽ നിന്ന് ദത്ത് നൽകിയ അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികൾ നിറുത്തിവയ്ക്കാൻ കോടതിയോട് ആവശ്യപ്പെടാൻ ഗവ. പ്ലീഡർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.രാവിലെ 10 മണിയോടെ ഭർത്താവ് അജിത്തിനൊപ്പം ' എന്റെ കുഞ്ഞെവിടെ? കേരളമേ ലജ്ജിക്കൂ' തുടങ്ങിയ വാചകങ്ങളെഴുതിയ പോസ്റ്ററുമായാണ് അനുപമ സമരത്തിനെത്തിയത്. പിന്തുണയ്ക്കേണ്ട സമയത്ത് പാർട്ടിയും പൊലീസും ഒന്നും ചെയ്യാതെ നോക്കി നിന്നെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു. സമരം പാർട്ടിക്കെതിരല്ല എന്നാൽ, സഹായം തേടിയപ്പോൾ ഉത്തരവാദപ്പെട്ടവർ കൈയൊഴിഞ്ഞു. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ മൊഴിയെടുക്കാനോ പേരൂർക്കട പൊലീസ് തയ്യാറായില്ല.

സർക്കാരും ശിശുക്ഷേമ സമിതിയും തനിക്ക് നീതി ഉറപ്പാക്കിയില്ലെന്നും അനുപമ കുറ്റപ്പെടുത്തി.സമരം ആരംഭിക്കുന്നതിന് മുമ്പ് മന്ത്രി വീണാജോർജ് അനുപമയെ ഫോണിൽ വിളിച്ച് നിയമപരമായ എല്ലാസഹായവും ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അനുപമയ്ക്ക് അനുകൂലമായ രീതിയിൽ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയത്. അനുപമയുടെ കുഞ്ഞിനെ ആന്ധ്രാപ്രദേശിലെ കുടുംബത്തിന് ദത്ത് നൽകിയതിന്റെ നടപടികൾ വഞ്ചിയൂർ കുടുംബകോടതിയിലാണ് പുരോഗമിക്കുന്നത്.

നിരീക്ഷണ കാലയളവ് പൂർത്തിയാക്കി ദത്ത് നടപടികളിൽ കോടതി അന്തിമ വിധി പറയാനുള്ള ഘട്ടത്തിലാണ്. കുഞ്ഞിന്റെ അമ്മ അവകാശവാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായ സാഹചര്യവും സർക്കാർ കോടതിയെ അറിയിക്കും.ഹർജിയിൽ തത്കാലം തുടർ നടപടി സ്വീകരിക്കരുതെന്ന് സർക്കാരും ശിശുക്ഷേമ സമിതിയും ആവശ്യപ്പെടും. മന്ത്രി വീണാജോർജാണ് ഇത് സംബന്ധിച്ച നിർദ്ദേശം ഗവ. പ്ലീഡർക്ക് നൽകിയത്. ആറുമാസ നിരീക്ഷണകാലയളവിൽ ദത്തെടുക്കുന്നവർ കുട്ടിയെ പരിപാലിക്കുന്നതിൽ വീഴ്ച വരുത്തുകയോ ദത്ത് നടപടികളിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തുകയോ ചെയ്താൽ കുഞ്ഞിനെ തിരികേ ഏല്പിക്കാൻ കോടതി നിർദ്ദേശിക്കും. ഇത് വേഗത്തിലുള്ള നടപടിയാണ്. സർക്കാർ നടപടിയെക്കുറിച്ച് അറിഞ്ഞതോടെ നീതി ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് അനുപമ സെക്രട്ടേറിയറ്റിന് മുന്നിൽ നിന്ന് മടങ്ങിയത്. മഹിളാ കോൺഗ്രസ് ഉൾപ്പെടെ വിവിധ രാഷ്ട്രീയ വനിതാ-സമൂഹ്യ സംഘടനാ പ്രവർത്തകർ അനുപമയ്ക്ക് പിന്തുണ അറിയിച്ച് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് എത്തിയിരുന്നു.