തിരുവനന്തപുരം: പേരൂർക്കടയിൽ സിപിഎം ലോക്കൽകമ്മിറ്റി അംഗമായ പിതാവ് മകളുടെ കുട്ടിയെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവത്തിൽ പല കഥകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അനുപമയേയും ഭർത്താവ് അജിത്തിനേയും സദാചാര വിചാരണ നടത്തുന്നവിധമായിരുന്നു ആ കഥകളിൽ അധികവും. സുഹൃത്തിന്റെ ഭാര്യയുമായി ഒളിച്ചോടിയാണ് അജിത്ത് ആദ്യഭാര്യയായ നസിയയെ വിവാഹം ചെയ്തതെന്നും അവരിൽ അജിത്തിന് രണ്ട് കുട്ടികളുണ്ടെന്നുമായിരുന്നു പ്രചരിച്ച കഥകളിലെ പ്രധാന കണ്ടെത്തൽ. ഇതുപയോഗിച്ച് വലിയ തോതിതിൽ സൈബർ അറ്റാക്കും നടന്നു.

പക്ഷേ ആരും സത്യം തേടി പോയില്ല. മാധ്യമങ്ങൾ പോലും ഇതിന് ശ്രമിച്ചില്ല. തന്നെ വിശ്വസിച്ച് ഇറങ്ങിവന്ന നസിയയേയും രണ്ട് കുഞ്ഞുങ്ങളേയും ഉപേക്ഷിച്ചാണ് അജിത്ത് അനുപമയെ വിവാഹം ചെയ്തതെന്നും കഥകളുണ്ടായിരുന്നു. അജിത്തും അനുപമയും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമ്പോൾ നസിയ മാധ്യമങ്ങളെ കണ്ടതോടെ കഥകൾക്ക് കൂടുതൽ പ്രചാരം ലഭിച്ചു. എന്നാൽ ആ പ്രചരണങ്ങളെ പറ്റി ആദ്യമായി മറുനാടനോട് പ്രതികരിക്കുകയാണ് നസിയ. അജിത്തിനെ കുറ്റക്കാരനാക്കാൻ അനുപമയുടെ അച്ഛൻ ജയചന്ദ്രനും ഇത്തരം കഥകളുമായി മാധ്യമങ്ങളിൽ എത്തിയിരുന്നു.

ബി എസ് സി നേഴ്‌സിങ് പഠിച്ച അജിത്ത് പേരൂർക്കടയിലെ ആശുപത്രിയിൽ പി ആർ ഒ ആയി ജോലി നോക്കുകയാണ്. നല്ലൊരു ഡാൻസർ കൂടിയായ അജിത്ത് സിനിമയ്ക്കും നൃത്ത സംവിധാനം നിർവ്വഹിച്ചു. കുട്ടിയെ തേടിയുള്ള യാത്ര കാരണം തൽകാലം ജോലിയിൽ നിന്ന് വിട്ടു നിൽക്കുകയാണെന്നതാണ് വസ്തുത. നസിയയുടെ തുറന്നു പറച്ചിലോടെ പ്രചരിക്കുന്നതെല്ലാം കള്ളമാണെന്ന് തെളിയുകാണ്. വ്യാജ പ്രചരണങ്ങൾക്കെതിരെ അജിത്തും അനുപമയും നിയമ നടപടിക്ക് തയ്യാറെടുക്കുകയാണ്.

വിവാദങ്ങളിൽ നസിയ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ

സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത് പോലെ തന്റെ ആദ്യഭർത്താവ് അജിത്തിന്റെ സുഹൃത്തായിരുന്നില്ല. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പത്തൊമ്പത് വയസുണ്ടായിരുന്ന ഞാൻ നാൽപത്തിയാറ് വയസുള്ള ബീമാപ്പള്ളിക്കാരനെയാണ് വിവാഹം ചെയ്തത്. അയാളും അജിത്തും തമ്മിൽ യാതൊരു പരിചയവുമുണ്ടായിരുന്നില്ല. ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. അത് ഡിവോഴ്സ് ആയ ശേഷമാണ് അജിത്തിനെ വിവാഹം ചെയ്തതെന്നും നസിയ പറഞ്ഞു.

തനിക്ക് അജിത്തിലോ മുൻഭർത്താവിലോ കുട്ടികളില്ല. കുട്ടികളെ ഉപേക്ഷിച്ചാണ് അജിത്ത് പോയതെന്ന തരത്തിൽ പ്രചരിക്കുന്ന കഥകളൊക്കെ തെറ്റാണ്. ആ പ്രചരണങ്ങളിൽ തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും നസിയ മറുനാടനോട് പറഞ്ഞു. പിരിഞ്ഞശേഷവും ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. പരസ്പരം സന്ദേശങ്ങളയച്ചിരുന്നു. എന്നാൽ അനുപമയും ഞാനുമായി നല്ല ബന്ധത്തിലല്ല. ഇപ്പോഴത്തെ പ്രശ്നങ്ങൾ ഉണ്ടായശേഷം എന്നെ കുറിച്ച് പരാമർശങ്ങൾ ഉണ്ടായപ്പോഴാണ് ഞാൻ മാധ്യമങ്ങളെ കാണേണ്ട സാഹചര്യം ഉണ്ടായത്. ഇല്ലെങ്കിൽ ഞാൻ ഈ വിഷയത്തിൽ പങ്കാളിയാകുമായിരുന്നില്ല. അവരുടെ ജീവിതത്തിൽ ഇടപെടാൻ എനിക്ക് താൽപര്യമില്ല.- നസിയ പറയുന്നു.

പിരിഞ്ഞ ശേഷവും അജിത്ത് തന്നോട് മോശമായിട്ടൊന്നും പെരുമാറിയിട്ടില്ല. എന്റെ അവസ്ഥയിൽ അയാൾക്ക് വിഷമമുണ്ടെന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്. താനാണ് അയാളെ സമാധാനിച്ചിരുന്നതെന്നും നസിയ കൂട്ടിച്ചേർത്തു. പേരൂർക്കട ദത്ത് വിവാദം ആളിക്കത്തിയ സമയത്താണ് അജിത്ത് ആദ്യഭാര്യയേയും രണ്ട് കുഞ്ഞുങ്ങളേയും ഉപേക്ഷിച്ചാണ് അനുപമയെ വിവാഹം ചെയ്തതെന്നും ആദ്യഭാര്യ അജിത്തിന്റെ സുഹൃത്തിന്റെ ഭാര്യ ആയിരുന്നെന്നുമൊക്കെയുള്ള പ്രചരണങ്ങൾ ആരംഭിച്ചത്. അത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും നിരവധിപേർ അത് വിശ്വസിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി നസിയ രംഗത്തെത്തിയിരിക്കുന്നത്.

ഇത്തരം പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് അജിത്തും അനുപമയും. നവംബർ ഒന്നിനാണ് ഈ കേസിൽ കോടതിയുടെ അന്തിമവിധി വരുന്നത്. നിലവിൽ ദത്ത് നടപടികൾ സ്റ്റേ ചെയ്തിരിക്കുകയാണ് കുട്ടിയെ തങ്ങൾക്ക് തന്നെ തിരികെ ലഭിക്കുമെന്ന വിശ്വാസത്തിലാണ് അജിത്തും അനുപമയും. അതിന് ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങളിലേയ്ക്ക് കടക്കേണ്ടതുണ്ട്. കോടതിയുടെ അന്തിമവിധി വന്നുകഴിഞ്ഞിട്ടേ അതിന് സാധിക്കുകയുള്ളു. വിധി ഉണ്ടായാലും നിരവധി കടമ്പകൾ ഇവർക്ക് മുന്നിലുണ്ട്. അതിന് വേണ്ടി അവർ കഴിഞ്ഞദിവസം എറണാകുളത്തെത്തി അഭിഭാഷകരെ കണ്ടിരുന്നു.