തിരുവനന്തപുരം: അമ്മയിൽനിന്നും കുഞ്ഞിനെ മാറ്റിയ കേസിലെ പ്രതികൾ മുൻകൂർ ജാമ്യപേക്ഷയുമായി കോടതിയിൽ. കുഞ്ഞിന്റെ അമ്മയായ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ഉൾപ്പെടെ ആറ് പേരാണ് ജാമ്യപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ 28ന് കോടതി പരിഗണിക്കും. പൊലീസ് നിലപാടറിയിക്കാൻ കോടതിയുടെ നിർദ്ദേശം നൽകി.

കോടതിയിൽ ദത്ത് നടപടി തൽക്കാലം നിർത്തിവെക്കാൻ ആവശ്യപ്പെടുമെന്ന സർക്കാർ നിലപാടിൽ സന്തോഷമുണ്ടെന്ന് അനുപമ നേരത്തെ അറിയിച്ചിരുന്നു. കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തന്റെ അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്നും അനുപമ പറഞ്ഞു. സർക്കാർ അനുപമയ്ക്ക് അനുകൂലമാകുമെന്ന് മനസ്സിലായതോടെയാണ് പ്രതികൾ കോടതിയെ സമീപിച്ചത്. ജാമ്യം കിട്ടിയില്ലെങ്കിൽ ഇവരെ അറസ്റ്റ് ചെയ്യും.

ശിശുക്ഷേമ സമിതിയിൽ നിന്നും സിഡബ്ല്യുസിയിൽ നിന്നും തനിക്കുണ്ടായ അനുഭവം മറ്റാർക്കും ഉണ്ടാകരുത്. സിഡബ്ല്യുസിക്ക് എതിരെയും ശിശുക്ഷേമ സമിതിക്ക് എതിരെയും നടപടി എടുക്കണമെന്നും അനുപമ പഞ്ഞിരുന്നു. ദത്ത് നടപടി തൽക്കാലം നിർത്തിവെക്കാൻ കോടതിയിൽ ആവശ്യപ്പെടാനാണ് സർക്കാർ തീരുമാനം. കുഞ്ഞിന്റെ അമ്മ അവകാശവാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായി നിലനിൽക്കുന്നുവെന്നും സർക്കാർ കോടതിയെ അറിയിക്കും. ഇതുസംബന്ധിച്ച് ശിശുക്ഷേമ സമിതിക്കും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്കും സർക്കാർ നിർദ്ദേശം നൽകി.

സംഭവത്തിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങിയിട്ടുണ്ട്. ശിശുക്ഷേമ സമിതിക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ കണ്ടെത്താൻ ചൈൽഡ് വെൽഫയർ കമ്മിറ്റി നടപടി എടുത്തില്ല. മുഴുവൻ ജീവനക്കാരിൽ നിന്നും മൊഴിയെടുത്ത ശേഷമാകും അധിമ നിഗമനത്തിലെത്തുക. ആൺകുഞ്ഞിനെ രജിസ്റ്ററിൽ പെൺകുഞ്ഞാക്കിയതിന് പിന്നിൽ ദുരൂഹതയുണ്ടോയെന്നും സംശയമുണ്ട്.