തിരുവനന്തപുരം: തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയിൽ നടക്കുന്നതെല്ലാം കള്ളക്കളികളോ? പേരൂർക്കടയിലെ കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ ശിശുക്ഷേമസമിതിക്കും സമിതി ജന. സെക്രട്ടറി ഷിജുഖാനും പങ്കില്ലെന്ന് വാദിക്കുന്നവർ അറിയാൻ, ജയചന്ദ്രൻ ശിശുക്ഷേമസമിതിക്ക് കൈമാറിയ അനുപമയുടെ കുഞ്ഞ് ഒരു കാരണവശാലും അമ്മയുടെ കൈകളിലേയ്ക്ക് തിരിച്ചെത്താതിരിക്കാൻ അവർ കൈകൊണ്ട കുതന്ത്രങ്ങളുടെ തെളിവുകൾ ഓരോന്നാന്നായി പുറത്തേക്ക് വരികയാണ്. അതിൽ അവസാനത്തേതാണ് ഇപ്പോൾ അനുപമയ്ക്കു കിട്ടിയ മെഡിക്കൽ രേഖ.

ശിശുക്ഷേമസമിതി കുട്ടിയുടെ ഡേറ്റ് ഓഫ് ബർത്തായി നൽകിയിരിക്കുന്നത് 2020 ഒക്ടോബർ 2 ആണ്. ഒക്ടോബർ 23 രാത്രി 12.45 ഓടെ ശിശുക്ഷേമസമിതിയിൽ കിട്ടിയെന്ന് പറയപ്പെടുന്ന കുട്ടിയെപറ്റി ഒക്ടോബർ 24 ന് പുറത്തിറങ്ങിയ പ്രസ് റിലീസിൽ അഞ്ച് ദിവസം പ്രായമായ കുട്ടിയെന്ന് വ്യക്തമായി പറയുന്നു. അതായത് ഒക്ടോബർ 19 ന് ജനിച്ച കുട്ടിയാണെന്ന് പത്രക്കുറിപ്പിൽ വ്യക്തം. എന്നാൽ മെഡിക്കൽ രേഖകളിൽ ഡേറ്റ് ഓഫ് ബർത്ത് ഒക്ടോബർ രണ്ടുമായി. അതായത് 19ന് ജനിച്ച കുട്ടി അതിനും 17 ദിവസം മുമ്പ് ശിശുക്ഷേമ സമിതിക്ക് കിട്ടി.

നവജാത ശിശുക്കളുടെ പ്രതിരോധകുത്തിവയ്‌പ്പുകൾക്ക് നൽകുന്ന വിവരങ്ങളിലാണ് കുട്ടിയുടെ ഡേറ്റ് ഓഫ് ബർത്ത് തെറ്റിച്ചുനൽകിയിരിക്കുന്നത്. കുട്ടി ജനിച്ച ദിവസം കണക്കുകൂട്ടിയാണ് പ്രതിരോധകുത്തിവയ്‌പ്പുകൾ നൽകുന്നത് എന്നതുകൊണ്ട് ജനിച്ച ദിവസം തെറ്റിച്ചുനൽകുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ശിശുക്ഷേമസമിതി രജിസ്റ്ററിലെ ഡേറ്റ് ഓഫ് ബർത്ത് തന്നെയായിരിക്കാം ആശുപത്രിയിലും നൽകുന്നത് എന്നതുകൊണ്ട് ശിശുക്ഷേമസമിതിയുടെ രേഖകളിലും ഒക്ടോബർ രണ്ടെന്ന് തന്നെയാകാം ഉള്ളത് എന്ന വിലയിരുത്തലും സജീവമാണ്.

താൻ കുട്ടിയെ പ്രസവിച്ചത് ഒക്ടോബർ 19നാണെന്ന് അനുപമയ്ക്ക് അറിയാം. അതുകഴിഞ്ഞ് മൂന്ന് ദിവസം (അതായത് 23ന്) കഴിയുമ്പോഴാണ് അനുപമയുടെ അച്ഛനായ ജയചന്ദ്രൻ 'കംസനെ' പോലെ കുട്ടിയെ തട്ടിയെടുത്തത്. ഈ കുട്ടിയെ 23ന് തന്നെ ശിശുക്ഷേമ സമിതിക്ക് കിട്ടി. അമ്മതൊട്ടിലിലൂടെ. അടുത്ത ദിവസം അവർ പത്രക്കുറിപ്പും ഇറക്കി. അനുപമയുടെ പ്രസവ തീയതിയൊന്നും അറിയില്ലെന്ന് പറയുന്ന ശിശുക്ഷേമ സമിതി പത്രക്കുറിപ്പിൽ കൃത്യമായി തന്നെ ഈ കുട്ടി അഞ്ചു ദിവസം മുമ്പ് ജനിച്ചതാണെന്നും വ്യക്തമാക്കി. സാധാരണ ഒരാഴ്ച പ്രായമുള്ള തുടങ്ങിയ പ്രയോഗങ്ങളാണ് ഇത്തരം പത്രക്കുറിപ്പിൽ വയ്ക്കാറുള്ളത്. ഇതിൽ നിന്നു തന്നെ അനുപമയുടെ പ്രസവ തീയതി പോലും ഈ പത്രക്കുറിപ്പിന് പിന്നിലുള്ളവർക്ക് അറിയാമെന്ന് വ്യക്തമാണ്.

ഈ കുട്ടിയെ പെൺകുട്ടിയായാണ് ആദ്യം രജിസ്റ്ററിൽ പെടുത്തിയത്. മലാല എന്ന് പേരിട്ടായിരുന്നു പത്രക്കുറിപ്പ്. ഇതിനൊപ്പമാണ് മെഡിക്കൽ രേഖകളിലെ ഡേറ്റ് ഓഫ് ബർത്ത് മാറ്റവും. കാട്ടക്കടയിലെ നെയ്യാർ മെഡിസിറ്റിയിൽ കുട്ടിയുടെ അച്ഛന്റെ പേര് ജയകുമാറെന്നുമാണ്. ഇതെല്ലാം കുട്ടിയെ കടത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ഗൂഢാലോചനയാണെന്നാണ് സൂചന. കുട്ടിയെ ഒരിക്കലും അജിത്തും അനുപമയും തിരിച്ചറിയരുത് എന്ന ലക്ഷ്യത്തോടെയായിരുന്നു കുട്ടിയെ കിട്ടിയ ശേഷമുള്ള ശിശുക്ഷേമസമിതിയുടെ ഓരോ പ്രവർത്തനങ്ങളും.

കുട്ടിയെ ശിശുക്ഷേമസമിതിയിൽ നേരിട്ടേൽപ്പിച്ചു എന്ന് ജയചന്ദ്രൻ പറയുമ്പോളും ശിശുക്ഷേമസമിതിയുടെ ഭാഷ്യം അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു എന്നാണ്. ആൺകുട്ടിയെ കിട്ടിയിട്ടും പെൺകുട്ടിയെന്ന് രേഖപ്പെടുത്തി മലാല എന്ന് പേരുമിട്ട് കുട്ടിയെ രഹസ്യമായി അവർ സൂക്ഷിച്ചു. അനുപമയും അജിത്തും കുട്ടിയെ തേടി വന്നപ്പോഴും മറ്റൊരു കുട്ടിയെ കാണിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്. കുട്ടിയെ ആന്ധ്രാപ്രദേശ് ദമ്പതികൾക്ക് കൈമാറിയത് തന്നെ കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കൾ ഒരിക്കലും കുട്ടിയെ കണ്ടെത്തരുത് എന്ന ഉദ്ദേശത്തോടെയായിരുന്നു. അതിനെല്ലാം പുറമേയാണ് ഇപ്പോൾ കുട്ടിയുടെ ഡേറ്റ് ഓഫ് ബർത്തും തിരുത്തിയിരുന്നെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

കുട്ടിയെ കൈമാറിയശേഷവും കുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടുകൾ കൈമാറാൻ ശിശുക്ഷേമസമിതി തയ്യാറായിരുന്നില്ല. പ്രത്യേക അപേക്ഷ നൽകിയാൽ മാത്രമേ മെഡിക്കൽ റിപ്പോർട്ടുകൾ നൽകുകയുള്ളു എന്നായിരുന്നു സമിതിയുടെ നിലപാട്. ഒടുവിൽ പ്രത്യേക അപേക്ഷ നൽകിയപ്പോഴാകട്ടെ പ്രതിരോധ കുത്തിവയ്‌പ്പ് എടുത്ത ഒരു കാർഡ് മാത്രമാണ് സമിതി കൈമാറിയത്. കുട്ടിയെ കിട്ടിയപ്പോഴും ദത്ത് മാതാപിതാക്കൾക്ക് കൈമാറിയപ്പോഴുമൊക്കെ മെഡിക്കൽ ചെക്കപ്പ് നടത്തിയിരുന്നെങ്കിലും അതിന്റെയൊന്നും റിപ്പോർട്ടുകൾ മാതാപിതാക്കൾക്ക് കൈമാറാൻ സമിതി തയ്യാറാകാത്തത് ദുരൂഹത ഉയർത്തുന്നു.

ഡിഎൻഎ ടെസ്റ്റ് അനുകൂലമായതിനെ തുടർന്ന് കഴിഞ്ഞ 24-ാം തീയതിയായിരുന്നു അനുപമയ്ക്ക് കുഞ്ഞിനെ തിരിച്ചുകിട്ടിയത്. കിട്ടുമ്പോൾ കുട്ടിക്ക് ചെറിയതോതിലുള്ള ചുമയും കഫവും ഉണ്ടായിരുന്നു. അതിനെ തുടർന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ ആവശ്യപ്പെട്ട് അനുപമയും അജിത്തും ശിശുക്ഷേമസമിതിയെ സമീപിച്ചത്. അതോടെയാണ് ഡേറ്റ് ഓഫ് ബർത്തിലെ കള്ളക്കളി പുറത്തായത്.