ന്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളികളായ കാലാ ജത്തേഡിയും അനുരാധയും പിടിയിലായതോടെ രാജ്യാന്തര ഗൂഢസംഘത്തിന്റെ ചുരുളുകൾ അഴിക്കാമെന്ന കണക്കുകൂട്ടലിലാണ് ഡൽഹി പൊലീസ്. 12 സംസ്ഥാനങ്ങളിലൂടെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഉത്തർപ്രദേശിലെ സഹാറൻപുരിൽനിന്ന് കാല ജാത്തേഡി എന്ന സന്ദീപ് ഡൽഹി പൊലീസിന്റെ പിടിയിലായത്. പിന്നാലെ റിവോൾവർ റാണി എന്നറിയപ്പെടുന്ന അനുരാധ ചൗധരിയെയും പൊലീസ് പിടികൂടി.

മൂന്നുരാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്നതാണ് ഈ കുറ്റവാളിസംഘമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. വാടകക്കൊലയാളികളെ ഏർപ്പാടാക്കുക, ഭൂമിതട്ടിപ്പ്, കവർച്ച തുടങ്ങിയ വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നവരാണ് ഈ അന്താരാഷ്ട്രസംഘം.

ആറുലക്ഷം രൂപ വിലയിട്ട കുറ്റവാളിയാണ് കാല ജാത്തേഡി. അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളുമായും ഇയാൾക്ക് ബന്ധമുണ്ട്. പണം തട്ടിയെടുക്കൽ, കവർച്ച, കൊലപാതകങ്ങൾ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിലും ജാത്തേഡി ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ഹരിയാണ പൊലീസിന്റെ പിടിയിലായെങ്കിലും ജാത്തേഡി പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിനുശേഷം വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെയാണ് പിടിയിലായത്.

മാഡം മിൻസ്, രാജസ്ഥാനിലെ റിവോൾവർ റാണി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന അനുരാധ ചൗധരിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. തട്ടിക്കൊണ്ടുപോകൽ, പണം തട്ടൽ, ആയുധക്കടത്ത് തുടങ്ങിയ കേസുകളാണ് അനുരാധയുടെ പേരിലുള്ളത്. 2017-ൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രാജസ്ഥാനിലെ ഗുണ്ടാത്തലവൻ ആനന്ദ് പാലിന്റെ അടുത്ത കൂട്ടാളി കൂടിയാണ് അനുരാധ.

ഇരകളെ വിരട്ടാനായി എ.കെ.47 തോക്ക് ഉപയോഗിക്കുന്നതിനാലാണ് അനുരാധ ചൗധരിക്ക് റിവോൾവർ റാണി എന്ന വിളിപ്പേര് കിട്ടിയത്. കാലങ്ങളായി പൊലീസിനെ വെട്ടിച്ച് മുങ്ങിനടന്നിരുന്ന അനുരാധയും കാല ജാത്തേഡിയും ദമ്പതിമാരെന്ന വ്യാജേനെ കള്ളപ്പേരുകളിലാണ് രാജ്യത്തെ പലയിടത്തും താമസിച്ചിരുന്നത്.

പൊലീസ് പിന്തുടരുന്നതറിഞ്ഞ ഇരുവരും ഒരിടത്തും ഏറെനാൾ താമസിച്ചിരുന്നില്ല. നിരന്തരം പലയിടത്തേക്കും താമസം മാറ്റിയാണ് പൊലീസിനെ കബളിപ്പിച്ചത്. എന്നാൽ മെഗാ ഓപ്പറേഷനിൽ രണ്ടുപേരും പിടിയിലാവുകയായിരുന്നു.

ഹരിയാണ സോനെപ്പത്ത് സ്വദേശിയാണ് കാലാ ജത്തേഡി. കഴിഞ്ഞ പത്തുമാസത്തിനുള്ളിൽ ഇയാൾ ഡൽഹി, ഹരിയാണ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലായി 25 കൊലപാതകങ്ങൾ നടത്തിയിട്ടുള്ളതായി പൊലീസ് പറയുന്നു. ജി.ടി.ബി. ആശുപത്രിയിൽവെച്ച് ഗുണ്ടാത്തലവൻ കുൽദീപ് ഫജ്ജയെ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടുത്താനുള്ള തന്ത്രം മെനഞ്ഞത് ജത്തേഡിയുടെ സംഘമാണെന്ന് പൊലീസ് കരുതുന്നു.

ഫജ്ജ പിന്നീട് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇപ്പോൾ തായ്‌ലൻഡിലുള്ള കാലാ റാണ എന്നറിയപ്പെടുന്ന വീരേന്ദ്ര പ്രതാപ്, കാനഡയിൽ ഗുണ്ടാസംഘം നടത്തുന്ന ഗോൾഡി ബ്രാർ എന്നിവരുടെയൊക്കെ കൂട്ടാളിയാണ് ജത്തേഡി. ലോറൻസ് ബിഷ്ണോയി എന്ന ഗുണ്ടാത്തലവനെയും ഇയാൾ സഹായിക്കാറുണ്ട്. ലോറൻസ് ഇപ്പോൾ ജയിലിലായതിനാൽ അയാളുടെ സംഘത്തിനു നേതൃത്വം കൊടുക്കുന്നത് ജത്തേഡിയാണെന്നാണ് പൊലീസിന്റെ പക്കലുള്ള വിവരം. ചലച്ചിത്രതാരം സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയതു ലോറൻസ് ബിഷ്ണോയി ആയിരുന്നു.

ഗുണ്ടാത്തലവന്മാർ കോഡുകളിലൂടെയാണ് പരസ്പരം ആശയവിനിമയം നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ആൽഫ എന്നാണ് ജത്തേഡിയുടെ കോഡ്. കാലാ റാണയ്ക്ക് ടൈഗർ എന്നും ഗോൾഡി ബ്രാറിന് ഡോക്ടറെന്നുമാണ് കോഡുകൾ. താൻ വിദേശത്താണെന്ന മട്ടിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ജത്തേഡി ശ്രമിച്ചെങ്കിലും ഒടുവിൽ വലയിൽ വീണു. പതിനഞ്ചുകേസുകളിൽ പൊലീസ് തേടിക്കൊണ്ടിരുന്ന കുറ്റവാളിയാണ് ഇയാൾ.

അനുരാധ ചൗധരിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പൊലീസ് പതിനായിരം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനിലെ 12 കുറ്റകൃത്യങ്ങളിൽ ഇവർക്കെതിരേ കേസുണ്ട്. തട്ടിക്കൊണ്ടുപോവൽ, വെടിവെപ്പ് തുടങ്ങിയവയാണവ.

ജത്തേഡി ബന്ധം പുലർത്തുന്ന ഗുണ്ടാസംഘവുമായി അടുപ്പമുള്ളയാളാണ് അനുരാധ. ഇവരെല്ലാം ചേർന്ന് അന്തസ്സംസ്ഥാന ആയുധക്കടത്തും നടത്തുന്നുണ്ടായിരുന്നു. ഇൻസ്പെക്ടർ വിക്രം ദഹിയയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സെൽ സംഘം കഴിഞ്ഞ നാലുദിവസമായി ഇവരെ കണ്ടെത്താനുള്ള തീവ്രയത്നത്തിലായിരുന്നു. ഇവരുടെ കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒന്നരവർഷമായി പൊലീസ് പരതുന്നുണ്ടായിരുന്നു.

തുടർന്ന്, കൂട്ടാളികളായ ഇരുപതുപേരെ പിടികൂടാനായി. ആദ്യം ഗോവ ബന്ധമാണ് പൊലീസിനു ലഭിച്ചത്. അതുവഴിയുള്ള അന്വേഷണം ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാർ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഹരിയാണ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലൂടെ കടന്നുപോയി. ചില സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് നിർണായകവിവരം ലഭിച്ചു.

സിഖ് വസ്ത്രമണിഞ്ഞ് കാലാ ജത്തേഡിയും ഒപ്പം അനുരാധയെയും ആ ദൃശ്യങ്ങളിലൊന്നിൽ കണ്ടെത്തി. തുടർന്ന്, ഓപ്പറേഷൻ ഡി-24 എന്ന പേരിട്ട ദൗത്യത്തിലൂടെ ഇരുവരേയും സഹറൻപുർ സർസാവ ടോളിനു സമീപത്തുനിന്ന് പിടികൂടാനായി. റിവോൾവറും പിസ്റ്റളുമൊക്കെ ഇവരിൽനിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. 14 ദിവസത്തെ റിമാൻഡിൽ വിട്ടുകിട്ടിയതോടെ ചോദ്യംചെയ്യലിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.